
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ കോഴിക്കോടിന്റെ ദേവനന്ദ റെക്കോഡ് കുറിച്ച് സ്വർണം നേടുന്നു
തിരുവനന്തപുരം: സംസ്ഥാന കായികമേളയുടെ ട്രാക്കുകൾ ഇളക്കിമറിച്ച് യുവതാരങ്ങൾ. നൂറ് മീറ്ററിലും 200 മീറ്ററിലും മീറ്റ് റെക്കോഡുകൾ തകർത്ത് ആലപ്പുഴയുടെ അതുൽ ടി.എം. ചരിത്രം കുറിച്ചു. കൂടാതെ, സീനിയർ വിഭാഗത്തിൽ പാലക്കാടിന്റെ നിവേദ് കൃഷ്ണയും മലപ്പുറത്തിൻ്റെ ആദിത്യ അജിയും ഇരട്ട സ്വർണ്ണം നേടി തിളങ്ങി.
ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ മീറ്റ് റെക്കോഡോടെയാണ് ആലപ്പുഴയുടെ അതുൽ ടി.എം. സ്വർണം നേടിയത്. ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം സ്കൂൾ വിദ്യാർഥിയായ അതുൽ, 200 മീറ്റർ ഓട്ടം 21.87 സെക്കൻഡുകൾ കൊണ്ട് പൂർത്തിയാക്കി. 2017-ൽ തിരുവനന്തപുരത്തിൻ്റെ അഭിനവ് സി. സ്ഥാപിച്ച 22.28 സെക്കൻഡിൻ്റെ റെക്കോഡാണ് ഇതോടെ തകർന്നുവീണത്.
ഇതിന് മുൻപ്, 100 മീറ്ററിലും അതുൽ മീറ്റ് റെക്കോഡ് സ്ഥാപിച്ചിരുന്നു. 10.81 സെക്കൻഡുകൾ കൊണ്ടാണ് അതുൽ 100 മീറ്റർ ഫിനിഷ് ചെയ്തത്. 37 വർഷം മുമ്പ് 1988-ൽ ജിവിരാജ സ്പോർട്സ് സ്കൂളിലെ രാം കുമാർ സ്ഥാപിച്ച 10.9 സെക്കൻഡിൻ്റെ റെക്കോഡാണ് അതുൽ തകർത്തത്.
സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ പാലക്കാട് ജിഎച്ച്എസ്എസ്സിലെ നിവേദ് കൃഷ്ണയാണ് വെന്നിക്കൊടി പാറിച്ചത്. 21.67 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നിവേദ് ഒന്നാമനായത്. മലപ്പുറത്തിൻ്റെ ഫസലുൾ ഹഖ് 21.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. 100 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണ്ണം നേടിയതിന് പിന്നാലെയാണ് നിവേദ് 200 മീറ്ററിലും വിജയം നേടിയത്.
സീനിയർ പെൺകുട്ടികളുടെ മത്സരത്തിൽ മലപ്പുറത്തിൻ്റെ ആദിത്യ അജിയാണ് 200 മീറ്ററിൽ സ്വർണ്ണം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിനൊടുവിൽ 24.75 സെക്കൻഡിൽ ഓടിയെത്തിയാണ് ആദിത്യ സ്വർണമണിഞ്ഞത്. 24.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത കോഴിക്കോടിന്റെ ജ്യോതി ഉപാധ്യ വെള്ളി നേടി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിലും 100 മീറ്റർ ഹർഡിൽസിലും നേരത്തേ സ്വർണം നേടിയ ആദിത്യക്ക് ഇത് മീറ്റിലെ ഹാട്രിക് സ്വർണനേട്ടമാണ്.
ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ കോഴിക്കോടിന്റെ ദേവനന്ദ റെക്കോഡ് കുറിച്ച് സ്വർണം നേടി. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസിലെ വിദ്യാർഥിനിയായ ദേവനന്ദ 200 മീറ്ററിൽ 24.96 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിൻ്റെ റെക്കോഡാണ് ദേവനന്ദ മറികടന്നത്. പെൺകുട്ടികളുടെ 100 മീറ്റർ ജൂനിയർ ഓട്ടമത്സരത്തിലും (12.45 സെക്കൻഡ്) ദേവനന്ദ സ്വർണം നേടിയിരുന്നു.
സബ് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ പാലക്കാടിന്റെ ആൻവി എസ് റെക്കോഡോടെ സ്വർണം നേടി. 25.67 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആൻവി റെക്കോഡിട്ടത്. 38 വർഷം മുമ്പ് സിന്ധു മാത്യു സ്ഥാപിച്ച റെക്കോഡാണ് ആൻവി തകർത്തത്. 26.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത കോഴിക്കോടിന്റെ അൽക്ക ഷിനോജ് വെള്ളിയും ഇടുക്കിയുടെ ദേവപ്രിയ ഷായ് വെങ്കലവും നേടി. അതേസമയം സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ യുപി സ്വദേശിയായ സഞ്ജയ് സ്വർണം നേടി. 24.26 സെക്കൻഡിലാണ് സഞ്ജയ് ഫിനിഷ് ചെയ്തത്. 100 മീറ്ററിലും സഞ്ജയ് തന്നെയാണ് സ്വർണം നേടിയത്.
Content Highlights: Young athletes break meet records in 100m & 200m sprints at the Kerala State Athletics Meet. Atul TM, Nived Krishna, and Adithya Aji shine with multiple gold medals.
Published: 25 Oct 2025, 09:03 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented