വാഷിങ്ടണ്‍: ചെസ് മത്സരത്തില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ ലോകചാമ്പ്യന്‍ ഡി. ഗുകേഷിന്റെ കരു കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് അമേരിക്കന്‍ താരം ഹിക്കാരു നക്കാമുറ. ചെക്ക്‌മേറ്റ്:യുഎസ്എ-ഇന്ത്യ ചെസ്സ് ടൂര്‍ണമെന്റിലാണ് സംഭവം. ഗുകേഷിനെ പരാജയപ്പെടുത്തിയ ഉടനെ ഗുകേഷിന്റെ കരു എടുത്ത് വലിച്ചെറിഞ്ഞ് നക്കാമുറ വിജയാഘോഷം നടത്തുകയായിരുന്നു. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

To advertise here,

കരു വലിച്ചെറിഞ്ഞത് അനാദരവാണെന്നും അത്തരത്തില്‍ വിജയാഘോഷം നടത്തുന്നത് ഒരു ചെസ്സ് താരത്തിന് യോജിച്ചതല്ലെന്നുമാണ് ഉയരുന്ന വിമര്‍ശനം. മുന്‍ ലോക ചാമ്പ്യന്മാരുള്‍പ്പെടെയുള്ളവര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. നക്കാമുറയുടെ നടപടി ആധുനിക ചെസ്സിനെ അപമാനിക്കുന്ന തരത്തിലായിപ്പോയെന്ന് റഷ്യന്‍ താരം വ്‌ളാദിമിര്‍ ക്രാമ്‌നിക് പറഞ്ഞു.

മത്സരം ജയിക്കുമ്പോള്‍ താന്‍ ഇത്തരത്തില്‍ ആഘോഷിക്കാറുണ്ടെന്നും കാണികള്‍ ഇതാസ്വദിച്ചുവെന്നാണ് കരുതുന്നതെന്നുമാണ് നക്കാമുറ വിശദീകരിച്ചത്. നക്കാമുറയെ പിന്തുണച്ചാണ് സംഘാടകര്‍ പ്രതികരിച്ചത്. കാണികളെ രസിപ്പിക്കാനായി അദ്ദേഹത്തോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടെന്നാണ് നല്‍കുന്ന വിശദീകരണം. ഒരു ഷോ എന്ന രീതിയില്‍ മാത്രമാണ് ഇത്തരത്തില്‍ ചെയ്തതെന്നും അതില്‍ അനാദരവൊന്നുമില്ലെന്നും നക്കാമുറ ഗുകേഷിനോട് മത്സരശേഷം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.