ഒരു വർഷം മുൻപ് നൂറുമീറ്റർ ട്രാക്കിൽ നിന്ന് പരിക്കേറ്റ് മടങ്ങിയ കൗമാരക്കാരി അവിടെ തളർന്നില്ല. റെക്കോഡോടെ അടുത്ത തവണ സ്വർണം നേടണമെന്ന അച്ഛന്റെ വാക്കുകൾ കേട്ടു. അവൾ പിന്നേയും ഓടി. ഇന്ന് ഓട്ടം കഴിഞ്ഞ് ഫിനിഷിങ് ലൈനിന് തൊട്ടടുത്തുനിന്ന അച്ഛന്റെ അടുത്തേക്ക് അവൾ പോയത് ആ ആഗ്രഹം സഫലമാക്കി കൊണ്ടാണ്. ആൻവിയുടെ ഉഗ്രൻ തിരിച്ചുവരവിനാണ് സംസ്ഥാന ഒളിമ്പിക്‌സ് സാക്ഷ്യം വഹിച്ചത്.

To advertise here,

സബ് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ റെക്കോഡോടെയാണ് പാലക്കാടിനായി ആൻവി സ്വർണം നേടിയത്. 25.67 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആൻവി റെക്കോഡിട്ടത്. കോഴിക്കോടിന്റെ അൽക്ക ഷിനോജ് വെള്ളിയും ഇടുക്കിയുടെ ദേവപ്രിയ ഷായ് വെങ്കലവും നേടി. 38 വർഷം മുമ്പ് കണ്ണൂരിന് വേണ്ടി സിന്ധു മാത്യു സ്ഥാപിച്ച റെക്കോഡാണ് ആൻവി പഴങ്കഥയാക്കിയത്. 1987-ൽ 26.3 സെക്കൻഡിലാണ് സിന്ധു ഫിനിഷ് ചെയ്തത്. പാലക്കാട് ബിഇഎംഎച്ച്എസ്എസ്സിലെ വിദ്യാർഥിയാണ് ആൻവി.

അമ്മ നന്നായി ചെയ്യണമെന്ന് പറഞ്ഞിരുന്നു. 100 മീറ്ററിൽ രണ്ടാമതായിപ്പോയി. എന്നാൽ ഇരുന്നൂറിൽ റെക്കോഡോടെ സ്വർണം നേടാനായതിൽ സന്തോഷമുണ്ട്. - ആൻവി പറഞ്ഞു. റെക്കോഡ് തകർക്കാനുള്ള ശരിയായ നിമിഷമായിരുന്നു ഇത്. പിതാവിനൊപ്പം നടക്കാൻ വന്ന ആൻവിയെ പിന്നീട് സ്‌പോർട്‌സിലുള്ള താത്പര്യം കണ്ടാണ് പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ തവണ പരിക്കേറ്റെങ്കിലും നന്നായി പരിശീലനം നടത്തിയാണ് ഇക്കുറി വന്നതെന്ന് പരിശീലകൻ അർജുൻ ഹരിദാസ് പ്രതികരിച്ചു.

ആൻവി മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പിതാവ് സുരേഷ് പ്രതികരിച്ചു. നൂറുമീറ്ററിലും ഇരുന്നൂറ് മീറ്ററിലും റെക്കോഡ് നേടുമെന്നാണ് പ്രതീക്ഷിച്ചത്. 200 മീറ്ററിൽ റെക്കോഡ് നേടി. നൂറുമീറ്ററിൽ ചെറിയ വ്യത്യാസത്തിനാണ് രണ്ടാമതായത്. ഞങ്ങൾ എല്ലാ പിന്തുണയുമായി കൂടെയുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ എത്തിയിരുന്നെങ്കിലും പരിക്കേറ്റതിനാൽ ഫൈനലിലേക്ക് പ്രവേശിക്കാനായിരുന്നില്ല. ഹീറ്റ്‌സിൽ മത്സരിക്കുമ്പോഴാണ് പരിക്കേറ്റത്. എന്നാൽ അന്ന് 200 മീറ്ററിൽ വെങ്കലും നേടാനായി. അന്ന് മുതലുള്ള ആഗ്രഹമാണ് റെക്കോഡോടെ സ്വർണം നേടണമെന്നത്. - ആൻവിയുടെ പിതാവ് പറഞ്ഞു.