ന്യൂഡല്‍ഹി: എജുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി മെസ്സിയെ നിയമിച്ച കരാര്‍ അവസാനിപ്പിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് തീരുമാനം. ആദ്യ വര്‍ഷത്തെ തുക മെസ്സിക്ക് നല്‍കിയെന്നും കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നും കമ്പനി എക്‌സിക്യുട്ടീവുമാരിലൊരാള്‍ അറിയിച്ചു.
2022 മുതല്‍ മൂന്ന് വര്‍ഷത്തെ കരാറാണ് ബൈജൂസിന് മെസ്സിയുമായുണ്ടായിരുന്നത്. 2002 ലോകകപ്പിന് തൊട്ടുമുന്നേ, നവംബറിലാണ് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ക്യാമ്പയിനോടെ മെസ്സിയെ ആഗോള ബ്രാന്‍ഡ് അംബാസഡറാക്കി കരാറൊപ്പിട്ടത്. 40 കോടി മുതല്‍ 60 കോടി വരെയാണ് ഒരു വര്‍ഷത്തെ കരാര്‍ തുകയായി കണക്കാക്കിയിരുന്നത്.
ബൈജൂസില്‍ സാമ്പത്തിക പ്രതിസന്ധി കാരണം ജോലിക്കാരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ നടക്കവേയാണ് മെസ്സിയെ അംബാസഡറാക്കി കരാറുണ്ടാക്കിയത്. ഇത് അന്നുതന്നെ വലിയതോതില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. നിലവില്‍ ആദ്യ വര്‍ഷത്തെ കരാര്‍ തുക മെസ്സിക്ക് കൈമാറിയിട്ടുണ്ടെന്ന് എക്‌സിക്യുട്ടീവുമാരില്‍ ഒരാള്‍ അറിയിച്ചു. കരാര്‍ അവസാനിപ്പിക്കണോ പുനരുജ്ജീവിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ബൈജൂസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. 2023-ല്‍ അവസാനിച്ച നടന്‍ ഷാരൂഖ് ഖാനുമായുള്ള കരാറും കമ്പനി ഇതുവരെ പുതുക്കിയിട്ടില്ല. പരസ്യത്തിനും മാര്‍ക്കറ്റിങ്ങിനും ചെലവഴിക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരുത്തിക്കൊണ്ടുള്ള നടപടികളുമായാണ് ബൈജൂസ് ഇപ്പോള്‍ മുന്നോട്ടുപോവുന്നത്.
അടുത്തിടെ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബൈജൂസ് നേതൃത്വത്തെ പുറത്താക്കാന്‍ നിക്ഷേപകര്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ, മാനേജ്‌മെന്റ് മാറ്റത്തില്‍ നിക്ഷേപകര്‍ക്ക് വോട്ടുചെയ്യാന്‍ അവകാശമില്ലെന്ന് സ്ഥാപകന്‍ പ്രസ്താവന ഇറക്കിയതിനാല്‍ അത് വിജയിച്ചില്ല. ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും വലിയ പ്രതിസന്ധിയാണ് കമ്പനി ഇപ്പോള്‍ നേരിടുന്നതെന്നറിയിച്ച് ബൈജു രവീന്ദ്രന്‍ അടുത്തിടെ ജോലിക്കാര്‍ക്ക് കത്തെഴുതിയിരുന്നു.
Content Highlights: lionel messi byjus app global brand ambassedor
Published: 06 Feb 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented