മഡ്രിഡ്: സെര്‍ബിയന്‍ ടെന്നീസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഈ വര്‍ഷത്തെ ലോറസ് പുരസ്കാരം. അഞ്ചാംതവണയാണ് പുരസ്കാരം നേടുന്നത്. ബാഴ്സലോണ വനിതാ ഫുട്ബോള്‍ ടീം മിഡ്ഫീല്‍ഡര്‍ ഐറ്റാന ബോണ്മാറ്റിക്കിനാണ് വനിതാ പുരസ്കാരം. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ങാമിന് ലോറസ് വേള്‍ഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയര്‍ പുരസ്കാരവും ലഭിച്ചു. ലോകമെമ്പാടുമുള്ള 69 കായികവ്യക്തിത്വങ്ങളാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സ്പെയിനിലെ മഡ്രിഡില്നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു.
ലോക ഒന്നാംനമ്പര്‍ താരമായ ജോക്കോവിന് അഞ്ചാം തവണയാണ് സ്പോര്‍ട്സ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിക്കുന്നത്. 2012, 2015, 2016, 2019 വര്‍ഷങ്ങളിലാണ് മുമ്പ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം മൂന്ന് ഗ്രാന്റ് സ്ലാമുകളാണ് നേടിയത്. വിംബിള്‍ഡണ്‍ ഫൈനലിലുമെത്തി. ആകെ 24 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്റെ പേരിലുള്ളത്. പുരസ്കാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു.
കാറ്റലോണിയയില്നിന്നുള്ള വനിതാ ഫുട്ബോളറാണ് ഐറ്റാന. ബാഴ്സലോണയിലും സ്പാനിഷ് ടീമിലും മികച്ച പ്രകടനമാണ് നടത്തിയത്. 2022-23ലെ ബാലണ്‍ദ്യോര്‍, ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങള്‍ നേടി. സ്പാനിഷ് ടീമിന്റെ ലോകകപ്പ് വിജയത്തിലും ബാഴ്സയുടെ ചാമ്പ്യന്‍സ് ലീഗ്, ലാലിഗ കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഞായറാഴ്ചനടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച റയല്‍ മഡ്രിഡിനായി വിജയഗോള്‍ നേടി ജൂഡ് ബെല്ലിങ്ങാം ബ്രേക്ക് ത്രൂ പുരസ്കാരം സ്വന്തമാക്കി. ഇംഗ്ലിഷ് ടീമിന്റെയും റയലിന്റെയും മിഡ്ഫീല്‍ഡറാണ് ജൂഡ്.
മറ്റു പുരസ്കാരങ്ങള്‍
കം ബാക്ക് ഓഫ് ദ ഇയര്‍ പുരസ്കാരം - സൈമണ്‍ ബൈല്‍സ് (അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം)
സ്പോര്‍ട് ഫോര്‍ ഗുഡ് പുരസ്കാരം - ഫണ്ഡേസിയന് റാഫ നഡാല്‍ (സ്പെയിനിനെയും ഇന്ത്യയിലെയും വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ടെന്നീസ് സൂപ്പര്‍ താരം ആരംഭിച്ച സംഘടന)
സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ വിത്ത് ഡിസ്എബിലിറ്റി - ഡെയ്ഡോ ഡെ ഗ്രൂട്ട് (ഡച്ച് വനിതാ ടെന്നീസ് താരം)
ആക്ഷന്‍ സ്പോര്‍ട്സ് പേഴ്സന്‍ ഓഫ് ദ ഇയര്‍ - അരീസ ട്രൂ (ഓസ്ട്രേലിയന്‍ സ്കേറ്റ്ബോര്‍ഡ് താരം)
Content Highlights: laureus sports awards 2024 novak djokovic and Aitana bonmati win top honours
Published: 24 Apr 2024, 08:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented