അസൻസിയോൺ: മുൻ ബ്രസീൽ താരം റൊണാൾഡീന്യോ ജയിൽമോചിതനായി. വ്യാജ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ പാരഗ്വായില്‍വെച്ചാണ് റൊണാൾഡീന്യോ അറസ്റ്റിലായത്. 32 ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചിതനാകുന്ന ബ്രസീൽ താരം കുറച്ചുകാലം കൂടി വീട്ടുതടങ്കലിൽ കഴിയണം.

To advertise here,

പാരഗ്വായയിലെ അസൻസിയോൺ ഹോട്ടലിലാണ് റൊണാൾഡീന്യോയെ തടങ്കലിൽ പാർപ്പിക്കുക. ഏകദേശം 1.6 മില്യൺ യു.എസ് ഡോളർ കെട്ടിവെച്ചാണ് റൊണാൾഡീന്യോയും സഹോദരൻ റോബോർട്ടോയും ജയിൽമോചിതരായത്.

കാസിനോ ഉടമ നെൽസൺ ബലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീൽ താരം പരാഗ്വായയിലെത്തിയത്. പൊതുപരിപാടികളിലും പങ്കെടുക്കാനുണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ താരത്തിന്റെ കൈയിൽനിന്ന് വ്യാജ പാസ്പോർട്ട് പിടികൂടുകയായിരുന്നു. ഇതോടെ താരത്തെ അറസ്റ്റ് ചെയ്തു. യാത്രരേഖകളും പിടിച്ചെടുത്തു.

നിലവിൽ റൊണാൾഡീന്യോക്ക് ബ്രസീൽ പാസ്പോർട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ 39-കാരന്റെ പാസ്പോർട്ട് ബ്രസീൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2015-ൽ ഗുവയ്ബ തടാകത്തിൽ അനധികൃത നിര്‍മാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിഴയൊടുക്കാൻ താരം വീഴ്ച്ച വരുത്തിയതോടെ പാസ്പോർട്ട് കണ്ടുകെട്ടുകയായിരുന്നു.

content highlights: Paraguay Court Releases Ronaldinho Into House Arrest