ബ്യൂണസ് ഐറിസ്: അർജന്റീനയുടെ പ്രതിരോധ നിരയിൽ ഇനി നിക്കോളാസ് ഒട്ടാമൻഡിയുടെ സാന്നിധ്യമുണ്ടാകില്ല. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം വ്യക്തമാക്കി. ഒരു ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളുമുൾപ്പെടുന്ന 22 വർഷത്തെ അർജന്റീന ജെഴ്‌സിയിലുള്ള കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.

To advertise here,

38 വയസുകാരനായ, സെൻട്രെൽ ബാക്കിൽ കളിക്കുന്ന ഒട്ടാമെൻഡി അർജന്റീനയ്ക്കായി 139 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. നാല് ലോകകപ്പുകളിൽ അർജന്റീനയെ പ്രതിനിധീകരിച്ചു. ഈ ലോകകപ്പിൽ ഫൈനൽ വരെ എത്തിയ അർജന്റീനയുടെ കുതിപ്പിലും ഒട്ടാമെൻഡി പങ്കാളിയായി.

'എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ വാക്കുകളാണ് ഞാൻ ഇന്ന് ഇവിടെ കുറിക്കുന്നത്. ലോകകപ്പ് ഫൈനലായിരുന്നു എന്റെ അവസാന മത്സരം. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല അതിന് ലഭിച്ചത്. എന്നിരുന്നാലും തലയുയർത്തിപ്പിടിച്ച് തന്നെയാണ് മടങ്ങുന്നത്. അവസാന നിമിഷം വരെ തങ്ങൾക്ക് കഴിയാവുന്നതെല്ലാം നൽകിയാണ് ഈ ടീം പോരാടിയത്. ഒരു ലോക ചാമ്പ്യനാകണമെന്ന എന്റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ സഹായിച്ച അർജന്റീനാ ടീമിനോട് നന്ദി പറയുന്നു.'- ഒട്ടാമെൻഡി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അടുത്തിടെ ക്ലബ്ബ് ഫുട്‌ബോളിൽ അർജന്റീനയിലെ റിവർ പ്ലേറ്റ് ടീമിലേക്ക് ഒട്ടമെൻഡി മാറിയിരുന്നു. 16 വർഷം യൂറോപ്പിൽ കളിച്ച ശേഷമായിരുന്നു ഈ കൂടുമാറ്റം. പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക തുടങ്ങിയ ക്ലബ്ബുകൾക്കെല്ലാം വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്.