കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനുവേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പ്രീ സീസണ്‍ മത്സരത്തിലും വിജയം. എം.എ ഫുട്‌ബോള്‍ അക്കാദമിയെയാണ് മഞ്ഞപ്പട പരാജയപ്പെടുത്തിയത്. എറണാകുളം പനമ്പിള്ളി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. പെരേര ഡയസ്, ലെസ്‌കോവിച്ച്, വാസ്‌ക്വെസ് എന്നിവര്‍ ടീമിന് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് 15-ാം മിനിറ്റിൽ പെരേര ഡയസിലൂടെ ലീഡെടുത്തു. കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് പെരേര ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ടീം 1-0 ന് മുന്നില്‍ നിന്നു.

രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് 70-ാം മിനിട്ടില്‍ സൂപ്പര്‍ താരം ലെസ്‌കോവിച്ചിലൂടെ ലീഡുയര്‍ത്തി. ഇത്തവണയും കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയത്. 

നാലുമിനിറ്റുകൾക്കുശേഷം വാസ്‌ക്വെസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ചെഞ്ചോയുടെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച വാസ്‌ക്വെസിന് പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യമേ വന്നുള്ളൂ. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിച്ചു. 

പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ നേവിയെ കീഴടക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.

Content Highlights: Kerala balsters celebrates 3-0 victory over M A Football Academy