സിങ്കപ്പുർ സിറ്റി: ഏഷ്യ കപ്പ് യോഗ്യത റൗണ്ടിന്റെ ഗ്രൂപ്പ് സി മത്സരത്തിൽ ഇന്ത്യക്ക് സമനില. സിങ്കപ്പൂരിനോടാണ് ഇന്ത്യ സമനില വഴങ്ങിയത്. പത്തുപേരായി ചുരുങ്ങിയിട്ടും പൊരുതിയാണ് ഇന്ത്യ സമനില നേടിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിൽ ഇന്ത്യയുടെ പ്രതിരോധതാരം സന്ദേശ് ജിംഗാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. സമനില ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യതയ്ക്ക് തിരിച്ചടിയാണ്.

To advertise here,

സിങ്കപ്പുർ നാഷണൽ സ്റ്റേഡിയത്തിൽ സിങ്കപ്പൂരിന്റെ മുന്നേറ്റങ്ങളാണ് ആദ്യപകുതിയിൽ നിറഞ്ഞുനിന്നത്. ഇന്ത്യൻ പെനാൽറ്റി ബോക്സിലേക്ക് സിങ്കപ്പൂർ താരങ്ങൾ പലകുറി ഇരച്ചെത്തി. എന്നാൽ, ഇന്ത്യൻ പ്രതിരോധം മികച്ചുനിന്നു. അതിനിടെ മുന്നിലെത്താനുള്ള അവസരം ഇന്ത്യ കളഞ്ഞുകുളിച്ചു. വിങ്ങുകളിലൂടെ ആക്രമണം തുടർന്ന സിങ്കപ്പൂർ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സിങ്കപ്പൂർ വലകുലുക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിൽ ഇഖ്സാൻ ഫാൻഡിയാണ് ലക്ഷ്യം കണ്ടത്.

രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. തുടക്കത്തിൽ തന്നെ സന്ദേശ് ജിംഗാൻ ചുവപ്പ് കാർഡ് കിട്ടി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് ജിംഗാൻ പുറത്തായത്. പത്തുപേരായി ചുരുങ്ങിയ ടീമിൽ പരിശീലകൻ ഖാലിദ് ജമാൽ ഒട്ടേറെ മാറ്റങ്ങളും വരുത്തി. എന്നാൽ, ലക്ഷ്യം മാത്രം അകന്നുനിന്നു. പോരാട്ടം തുടർന്ന ഇന്ത്യ 90-ാം മിനിറ്റിൽ വലകുലുക്കി. റഹിം അലിയാണ്  ഗോളടിച്ചത്. സിങ്കപ്പൂരിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ച ഖാലിദ് ജമാലും സംഘവും സമനിലയോടെ മടങ്ങി.

ബംഗ്ലാദേശിനോട് സമനിലയും ഹോങ് കോങ്ങിനോട് തോൽവിയും വഴങ്ങിയ ഇന്ത്യക്ക് സിങ്കപ്പൂരിനെതിരായ സമനില തിരിച്ചടിയാണ്. മൂന്നു കളിയിൽനിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യൻ ടീം. അഞ്ചു പോയിന്റുമായി ഒന്നാമതാണ് സിങ്കപ്പൂർ.