കോഴിക്കോട്: ഐ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയ്ക്ക് തോല്‍വി. കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബിന്റെ വിജയം. 

To advertise here,

പഞ്ചാബിനായി ലൂക്ക മെയ്‌സന്‍ ഗോളടിച്ചപ്പോള്‍ പവന്‍ കുമാറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഗോകുലത്തിനായി ഫര്‍ഷാദ് നൂര്‍ ആശ്വാസഗോള്‍ നേടി. ഈ തോല്‍വിയോടെ ഗോകുലം പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളില്‍ നിന്ന് 24 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് വിജയത്തോടെ റൗണ്ട് ഗ്ലാസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 34 പോയന്റാണ് ടീമിനുള്ളത്. ശ്രീനിധി ഡെക്കാനാണ് ഒന്നാമത്. 

മത്സരത്തിന്റെ 41-ാം മിനിറ്റില്‍ പവന്‍ കുമാര്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ പഞ്ചാബ് മുന്നിലെത്തി. രണ്ടാം പകുതിയില്‍ 70-ാം മിനിറ്റില്‍ മെയ്‌സനിലൂടെ ടീം ലീഡ് രണ്ടാക്കി ഉയര്‍ത്തി. തൊട്ടുപിന്നാലെ 73-ാം മിനിറ്റില്‍ ഫര്‍ഷാദ് ഗോകുലത്തിനായി വലകുലുക്കിയെങ്കിലും പിന്നീടൊരു ഗോള്‍ കൂടി നേടാന്‍ ടീമിനായില്ല. 

ഐ ലീഗില്‍ ഗോകുലം വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ ഗോകുലം നെറോക്കയോട് 2-1 ന് പരാജയപ്പെട്ടിരുന്നു.