കോഴിക്കോട്: ഐ ലീഗ് ഫുട്ബോള്‍ സീസണിലെ രണ്ടാം ഹോംഗ്രൗണ്ട് മത്സരത്തില്‍ ഗോകുലം കേരള എഫ്.സി.ക്ക് തോല്‍വി. ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്.സി.യോടാണ് ഗോകുലം പരാജയം ഏറ്റുവാങ്ങിയത് (1-0). ഒന്നാം പകുതിയില്‍ സ്റ്റെന്‍ഡ്ലി ഫെര്‍ണാണ്ടസാണ് ഗോവന്‍ ടീമിനായി സ്‌കോര്‍ചെയ്തത്.

To advertise here,

ആദ്യ പകുതിയില്‍ ചര്‍ച്ചില്‍ ആധിപത്യം നേടി. 13-ാം മിനിറ്റില്‍ പോസ്റ്റിന്റെ വലതുഭാഗത്തുനിന്ന് ചര്‍ച്ചില്‍ മധ്യനിരതാരം സ്റ്റെന്‍ഡ്ലിയുടെ തകര്‍പ്പന്‍ ഷോട്ടാണ് ഗോകുലത്തിന്റെ വലകുലുക്കിയത്. പിന്നീട് ഇരുടീമുകള്‍ക്കും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യംകാണാന്‍ ഇരുവര്‍ക്കുമായില്ല.

രണ്ടാം പകുതിയില്‍ ഗോകുലം കളംനിറഞ്ഞ് കളിച്ചെങ്കിലും ചര്‍ച്ചില്‍ പ്രതിരോധം ഉറച്ചുനിന്നു. 74-ാം മിനിറ്റില്‍ ഗോകുലത്തിന്റെ സെന്തമില്‍ സിസര്‍കട്ടിലൂടെ സമനിലപിടിക്കാന്‍ ശ്രമിച്ചെങ്കിലും ബോള്‍ പോസ്റ്റിനുമുകളിലൂടെ പുറത്തുപോയി. 78-ാം മിനിറ്റില്‍ ചര്‍ച്ചിലിന്റെ ജുവാന്‍ മേര അടിച്ച അത്യുഗ്രന്‍ ഷോര്‍ട്ട് ഗോകുലത്തിന്റെ ഗോള്‍ കീപ്പര്‍ ഷിബിന്‍ തട്ടിയകറ്റി.

ജയത്തോടെ നാലുകളികളില്‍നിന്ന് ഏഴു പോയിന്റുമായി ചര്‍ച്ചില്‍ പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്തി. അഞ്ചുപോയിന്റുള്ള ഗോകുലം ഏഴാംസ്ഥാനത്താണ്. 14-ന് ഷില്ലോങ് ലജോങ് എഫ്.സി.യുമായാണ് ഗോകുലത്തിന്റെ അടുത്തമത്സരം.