Photo: AFP
ബാഴ്‌സലോണ: ലാ ലിഗയില്‍ റഫറിയുടെ തീരുമാനങ്ങള്‍ കൊണ്ട് വിവാദമായ മത്സരത്തില്‍ എസ്പാന്യോളിനെതിരേ സമനിലയില്‍ കുരുങ്ങി ബാഴ്‌സലോണ. ഏഴാം മിനിറ്റില്‍ മാര്‍ക്കോ അലൊന്‍സോയുടെ ഗോളില്‍ ലീഡെടുത്ത ബാഴ്‌സയ്‌ക്കെതിരേ 73-ാം മിനിറ്റിലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൊസേലു, എസ്പാന്യോളിന് സമനില നേടിക്കൊടുത്തു.
ഖത്തര്‍ ലോകകപ്പിലെ വിവാദമായ അര്‍ജന്റീന - നെതര്‍ലന്‍ഡ്‌സ് മത്സരം നിയന്ത്രിച്ച റഫറി മത്തേയു ലാഹോസായിരുന്നു ഈ മത്സരവും നിയന്ത്രിച്ചത്. ലോകകപ്പ് മത്സരത്തില്‍ 17 മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്ത് വിവാദത്തിലായ ലാഹോസ്, ലാ ലിഗ മത്സരത്തില്‍ 14 തവണയാണ് കാര്‍ഡ് പുറത്തെടുത്തത്. ബാഴ്‌സയുടെയും എസ്പാന്യോളിന്റെയും ഓരോ താരങ്ങള്‍ വീതം ചുവപ്പു കാര്‍ഡ് കാണുകയും ചെയ്തു.
മത്സര വിലക്കുണ്ടായിരുന്ന റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ കോടതി നല്‍കിയ സ്‌റ്റേയുടെ പിന്‍ബലത്തില്‍ ടീമിലെടുത്താണ് ബാഴ്‌സ കളത്തിലിറങ്ങിയത്. ഏഴാം മിനിറ്റില്‍ തന്നെ ബാഴ്‌സ മുന്നിലെത്തുകയും ചെയ്തു. ഒരു കോര്‍ണറില്‍ നിന്ന് ക്രിസ്റ്റിയന്‍സന്‍ ഹെഡ് ചെയ്ത് നല്‍കിയ പന്ത് ആരാലും മാര്‍ക്ക് ചെയ്യാതിരുന്ന മാര്‍ക്കോസ് അലൊന്‍സോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 25-ാം മിനിറ്റു മുതല്‍ ലാഹോസ് കാര്‍ഡുകള്‍ പുറത്തെടുക്കാനാരംഭിച്ചു. മത്സരം ബാഴ്‌സയുടെ വരുതിയിലായിരിക്കേ 71-ാം മിനിറ്റില്‍ ലാഹോസ് എസ്പാന്യോളിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. ബോക്‌സില്‍ വെച്ച് ജൊസേലുവിന്റെ ഹീലില്‍ മാര്‍ക്കോസ് അലൊന്‍സോ ചവിട്ടിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ജൊസേലു പന്ത് വലയിലെത്തിച്ച് എസ്പാന്യോളിന് സമനില നേടിക്കൊടുത്തു.
പിന്നാലെ 78-ാം മിനിറ്റില്‍ റഫറിയോട് കയര്‍ത്ത ബാഴ്‌സ താരം ജോര്‍ഡി ആല്‍ബയ്ക്ക് നേരേ ലാഹോസ് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡുമുയര്‍ത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ തലയില്‍ ചവിട്ടിയ എസ്പാന്യോള്‍ താരം വിനീഷ്യസ് സോസയ്ക്ക് നേരെയും റഫറി ചുവപ്പുകാര്‍ഡുയര്‍ത്തി. പിന്നാലെ 83-ാം മിനിറ്റില്‍ എസ്പാന്യോള്‍ താരം കബ്രെറയ്ക്ക് നേരെയും റഫറി ചുവപ്പുകാര്‍ഡ് കാണിച്ചെങ്കിലും പിന്നീട് വാര്‍ പരിശോധിച്ച ശേഷം തീരുമാനം പിന്‍വലിക്കുകയായിരുന്നു.
പിന്നീട് വിജയ ഗോളിനായി ബാഴ്‌സ കിണഞ്ഞ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. 15 കളികളില്‍ നിന്ന് 38 പോയന്റുള്ള ബാഴ്‌സയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. റയല്‍ മാഡ്രിഡിനും 15 കളികളില്‍ നിന്ന് 38 പോയന്റുണ്ട്. റയലിനേക്കാള്‍ ഒരു പോയന്റിന്റെ മുന്‍തൂക്കം നേടാനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് നഷ്ടപ്പെട്ടത്.
Content Highlights: FC Barcelona held draw against Espanyol
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..