ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇത്തവണ അരങ്ങേറുക ഇറ്റാലിയന്‍, ഫ്രഞ്ച് ടീമുകളില്ലാതെ. ഒപ്പം സൂപ്പര്‍ താരങ്ങളും കളത്തിലുണ്ടാകില്ല. സ്‌പെയ്‌നില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും മൂന്നു ടീമുകള്‍ വീതമാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ജര്‍മനയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും ഓരോ ടീം വീതവും. 

To advertise here,

റയല്‍ മഡ്രിഡ്, വിയ്യാ റയല്‍, അത്‌ലറ്റിക്കോ മഡ്രിഡ് (സ്‌പെയിന്‍), ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി(ഇംഗ്ലണ്ട്), ബയണ്‍ മ്യൂണിക്ക് (ജര്‍മനി), ബെന്‍ഫിക്ക (പോര്‍ച്ചുഗല്‍) എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ ടീമുകള്‍. 

അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പുറത്തായതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍, ലോകഫുട്ബോളിലെ സൂപ്പര്‍ താരങ്ങളില്ലാതെയാവും നടക്കുക. ലയണല്‍ മെസ്സി, നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നിവരടങ്ങിയ പി.എസ്.ജി. പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളികളെ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് മാര്‍ച്ച് 18ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും.

യുണൈറ്റഡിന്റെ കണ്ണീര്

മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫഡ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കണ്ണീരില്‍ കുതിര്‍ന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍നിന്ന് ചുവന്ന ചെകുത്താന്‍മാര്‍ പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദമത്സരത്തില്‍ യുണൈറ്റഡിനെ ഒറ്റ ഗോളിന് കീഴടക്കി സ്പാനിഷ് ചാമ്പ്യന്‍മാരായ അത്ലറ്റിക്കോ മഡ്രിഡ് ക്വാര്‍ട്ടറിലേക്ക് കുതിച്ചു. രണ്ടു പാദങ്ങളിലുമായി 2-1 ജയം. 41-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റെണന്‍ ലോഡി, ഹെഡ്ഡറിലൂടെ വിജയഗോളടിച്ചു.

2017-ല്‍ യൂറോപ്പ ലീഗ് ജയിച്ചശേഷം യുണൈറ്റഡിന് കിരീടങ്ങളൊന്നും നേടാനായിട്ടില്ല. അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുമെന്നുപോലും ഉറപ്പില്ലാത്ത സ്ഥിതിയിലാണവര്‍. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ യുണൈറ്റഡ് നിലവില്‍ അഞ്ചാംസ്ഥാനത്താണ്. ആദ്യപാദത്തില്‍ 1-1 സമനില നേടുകയും രണ്ടാംപാദം സ്വന്തം തട്ടകത്തില്‍ കളിക്കുകയും ചെയ്ത യുണൈറ്റഡ് ആത്മവിശ്വാസത്തിലായിരുന്നു. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരേ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിയ പ്രതീക്ഷയായി യുണൈറ്റഡിന് മുന്നില്‍നിന്നു. എന്നാല്‍, ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന അത്ലറ്റിക്കോ, സൂപ്പര്‍താരത്തെയും യുണൈറ്റഡിനെയും വിദഗ്ധമായി തളച്ചു.

അയാക്‌സിനെ ഞെട്ടിച്ച് ബെന്‍ഫിക്ക

ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെ ഞെട്ടിച്ച് പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 77-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസ് ഹെഡറിലൂടെ നേടിയ ഗോളാണ് ബെന്‍ഫിക്കയ്ക്ക് ആവേശജയം നല്‍കിയത്. ലിസ്ബണില്‍ നടന്ന ആദ്യപാദം 2-2 -ന് സമനിലയായിരുന്നു. ഇരുപാദങ്ങളിലുമായി ബെന്‍ഫിക്കയുടെ വിജയം 3-2 -ന്. 2016-നുശേഷം ആദ്യമായാണ് ബെന്‍ഫിക്ക ക്വാര്‍ട്ടറിലെത്തുന്നത്.

യുവന്റസിനെ വീഴ്ത്തി വിയ്യാറയല്‍ 

ടൂറിന്‍:  ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ അദ്ദേഹത്തിന്റെ മുന്‍ ക്ലബ്ബ് യുവന്റസിനും നിര്‍ഭാഗ്യം. സ്പാനിഷ് ക്ലബ്ബ് വിയ്യറയലാണ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ കീഴടക്കിയത്. യുവന്റസിന്റെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് വിജയിച്ച വിയ്യാറയല്‍ ഇരുപാദങ്ങളിലുമായി 4-1ന്റെ ആധിപത്യം കാണിച്ചു. 

78-ാം മിനിറ്റു വരെ ഗോള്‍രഹിതമായി നീങ്ങിയ മത്സരത്തില്‍ 14 മിനിറ്റിനിടെ മൂന്നു ഗോളടിച്ചുകൂട്ടിയാണ് വിയ്യാറയല്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. അതില്‍ രണ്ടു ഗോളും വന്നത് പെനാല്‍റ്റിയില്‍ നിന്നാണ്. 78-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോ പെനാല്‍റ്റിയിലൂടെ ലീഡ് നല്‍കി. 85-ാം മിനിറ്റില്‍ പാവ് ടോറസ് ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ അര്‍നോഡ് ഡന്‍ജുമയും ലക്ഷ്യം കണ്ടു. 

ആദ്യ പാദത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് യുവന്റസ് ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. 

ലില്ലയെ തോല്‍പ്പിച്ച് ചെല്‍സി 

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് ലില്ലയെ രണ്ടാം പാദത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് ചാമ്പ്യന്‍മാരായ ചെല്‍സി ക്വാര്‍ട്ടറിലെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി ചെല്‍സി 4-1ന്റെ മുന്‍തൂക്കം നേടി. 

ലില്ലയുടെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ പിന്നില്‍ നിന്ന് തിരിച്ചടിച്ചാണ് ചെല്‍സിയുടെ വിജയം. 38-ാം മിനിറ്റില്‍ ബുറാക് യില്‍മാസ് നേടിയ പെനാല്‍റ്റി ഗോളില്‍ ലില്ലയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റിയന്‍ പുലിസിച്ചിലൂടെ ചെല്‍സി സമനില കണ്ടെത്തി. 71-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെസ്സാര്‍ അസ്പിലിക്യുവേറ്റ വിജയഗോള്‍ കണ്ടെത്തി. ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ചെല്‍സി ലില്ലയെ 2-0ത്തിന് തോല്‍പ്പിച്ചിരുന്നു.