പരിക്ക് അയാളെ തളർത്തിക്കൊണ്ടേയിരിക്കുകയാണ്. പ്രതിഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. ലോകഫുട്‌ബോളിലെ മിന്നും യുവതാരങ്ങൾ ഞെട്ടിക്കാനൊരുങ്ങുന്ന വിശ്വവേദിയിൽ ഒരുപക്ഷേ അയാൾക്ക് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞെന്നും വരില്ല... അതൊന്നും വിഷയമേ ആയിരുന്നില്ല ആരാധകർക്ക്. ആ പേര് മാത്രം മതിയായിരുന്നു. ലൂയിസ് ഹെന്റിക്കും മാത്യൂസ് കുന്യയും കഴിഞ്ഞ് ആൻസലോട്ടി ആ പേര് പ്രഖ്യാപിക്കുമ്പോൾ അവർ പൊട്ടിത്തെറിച്ചു. കണ്ണീരണിഞ്ഞു. ലോകകപ്പ് സംഘത്തിൽ അവർ അത്രമേൽ ആഗ്രഹിച്ചിരുന്നു നെയ്മറിനെ. അയാളേയും കൊണ്ട് മാത്രമേ താൻ അമേരിക്കയിലേക്ക് വണ്ടി കയറുന്നുള്ളൂ എന്ന് കാർലോ അൻസലോട്ടി തീരുമാനിച്ചുറപ്പിച്ചതുപോലെ. അതെ നെയ്മറുമായി ആൻസലോട്ടിയുടെ ബ്രസീൽ വരികയാണ്. ചിറകടിച്ചുയരാൻ സെറ്റാണ് കാനറികൾ.
പ്രതാപകാലത്തെ പകിട്ടൊന്നും അവകാശപ്പെടാനില്ലെങ്കിലും എതിരാളികളെ വിറപ്പിക്കാനുറച്ചാണ് ആൻസലോട്ടിയും സംഘവുമെത്തുന്നത്. ക്ലബ്ബ് ഫുട്‌ബോളിൽ തകർത്തുകളിക്കുന്ന ഒത്തിരിതാരങ്ങളുണ്ട്. വിനീഷ്യസ് ജൂനിയറും റാഫീന്യയും ബ്രൂണോ ഗുയിമാറസും കസമിറോയുമടക്കം ഏതുയുദ്ധത്തിനും പോന്ന പടയാളികൾ ഒരുപാടുണ്ട് കാനറികളുടെ നിരയിൽ. നെയ്മർ കൂടി ചേരുമ്പോൾ വിശ്വവേദിയിൽ സ്വപ്‌നകിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുമില്ല ബ്രസീൽ. കുമ്മായവരയ്ക്ക് പുറത്തുനിന്ന് കളിയുടെ ഗതി മാറ്റാൻ കെൽപ്പുള്ള ആൻസലോട്ടി ചുമ്മാതങ്ങ് വന്നുപോവില്ലെന്ന് കണക്കുകൂട്ടുന്നു ആരാധകർ.
അഞ്ച് തവണ വിശ്വകിരീടം നേടിയവരാണ്. ലോകകപ്പ് ചരിത്രത്തിൽ ഇന്നുവരെ എല്ലാ ടൂർണമെന്റിലും പന്തുതട്ടിയ ഒരേയൊരു രാജ്യം. പെലെയും ഗരിഞ്ചയും റിവാൾഡോയും റൊണാൾഡോയും റൊണാൾഡിന്യോയും തുടങ്ങി ഇതിഹാസങ്ങളാൽ ബ്രസീൽ നിറഞ്ഞുപെയ്ത പതിറ്റാണ്ടുകൾ. ആ ഓർമകൾ ത്രസിപ്പിക്കുമ്പോഴും നിലവിലെ ചിത്രത്തിന് അത്ര തെളിച്ചമില്ല. ആ ജനത കനകക്കിരീടത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. കൃത്യമായി പറഞ്ഞാൽ 24 വർഷം. 2002 ലാണ് അവർ അവസാനമായി വിശ്വകിരീടത്തിൽ മുത്തമിടുന്നത്. 2014 ൽ സ്വന്തം നാട്ടിൽ കപ്പിനരികെയെത്തിയെങ്കിലും സെമിയിൽ ജർമനിക്ക് മുന്നിൽ തകർന്നടിഞ്ഞു. 2018 ലും 2022 ലും ക്വാർട്ടറിനപ്പുറം പോകാനായില്ല.
ഇക്കുറി കിരീടം നേടുമെന്ന് ഉറച്ചുവിശ്വസിക്കുന്നു ആരാധകർ. കാനറികളുടെ സുൽത്താൻ നെയ്മറിനും നിർണായകമാണ് ഈ ലോകകപ്പ്. മഞ്ഞക്കുപ്പായത്തിൽ അരങ്ങുതകർത്തിട്ടും ഇതുവരെ ഒരു ലോകകിരീടമില്ല. അന്താരാഷ്ട്ര കരിയറിൽ ആകെ പറയാനുള്ളത് കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് സ്വർണമെഡലും മാത്രമാണ്. കിരീടത്തോടെ പടിയിറങ്ങാമെന്നായിരിക്കും നെയ്മർ കണക്കുകൂട്ടുന്നത്. പരിക്ക് വിടാതെ പിടികൂടുന്നുണ്ടെങ്കിലും രാജ്യത്തിനായി പോരാടാനുറച്ച് നെയ്മർ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. 2021 കോപ്പ അമേരിക്ക ഫൈനലിലെ പ്രകടനം ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്. മത്സരം തോറ്റെങ്കിലും അവസാന 25 മിനിറ്റ് അർജന്റീനയെ വിറപ്പിക്കാൻ നെയ്മറിന് കഴിഞ്ഞു. മെസ്സിപ്പട ഒന്നടങ്കം അയാളെ തടയാൻ കിണഞ്ഞുപരിശ്രമിക്കുന്ന കാഴ്ച അമ്പരപ്പോടെയാണ് ലോകം കണ്ടത്. അങ്ങനെ പന്തുതട്ടാനുള്ള കളിയും കരുത്തും ഇപ്പോഴും ചോർന്നിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവർക്ക് മുന്നിൽ കിരീടം തേടി ഇറങ്ങുകയാണ് നെയ്മർ.
നെയ്മറുൾപ്പെടെയുള്ള മുന്നേറ്റം തന്നെയാണ് ബ്രസീലിന്റെ കരുത്ത്. നെയ്മർക്ക് പുറമേ വിനീഷ്യസ് ജൂനിയറും റഫീന്യയുമടക്കമുള്ള സൂപ്പർ താരങ്ങളുണ്ട്. ലെഫ്റ്റ് വിങ്ങിൽ വിനീഷ്യസും റൈറ്റ് വിങ്ങിൽ റാഫീന്യയും ഏറെക്കുറെ ഉറപ്പാണ്. സ്‌ട്രൈക്കർമാരായി മാത്യുസ് കുന്യ, ഇഗോർ തിയാഗോ, എൻഡ്രിക് എന്നിവരുമുണ്ട്. ഗബ്രിയേൽ മാർട്ടിനെല്ലി, ലൂയിസ് ഹെന്റിക്ക്, കൗമാരതാരം റയാൻ എന്നിവരും മുന്നേറ്റനിരയ്ക്ക് ചുക്കാൻപിടിക്കും.
മധ്യനിരയിലും പേരുകേട്ട താരങ്ങളുണ്ട്. ബ്രൂണോ ഗുയിമാറസും കാസമിറോയുമാണ് മധ്യനിരയുടെ നെടുംതൂൺ. ഡാനിലോ സാന്റോസ്, ഫാബിന്യോ. ലുക്കാസ് പക്വേറ്റ എന്നിവരും മിഡ്ഫീൽഡർമാരായി ടീമിലുണ്ട്. കളിമെനയാനും മുന്നേറ്റങ്ങൾക്ക് ഒരുപരിധിവരെ തടയിടാനും കെൽപ്പുള്ളവർ. ആൻസലോട്ടി മധ്യനിരയിൽ ഇവരെ എങ്ങനെ ഒരുക്കിനിർത്തുമെന്ന് കണ്ടുതന്നെ അറിയണം.
ഗബ്രിയേൽ മഗാല്യൂസും മാർക്കിന്യോസും അടങ്ങിയ പ്രതിരോധം ശക്തമാണ്. അലക്‌സ് സാൻഡ്രോയും ഡാനിലോയും വിങ്ങുകളിൽ പന്തുതട്ടും. ബ്രമർ, ഡഗ്ലസ് സാന്റോസ്, ഇബാനെസ്, ലിയോ പെരെയ്ര, വെസ്ലി എന്നിങ്ങനെ പ്രതിരോധക്കോട്ടയിൽ മാറി മാറി പരീക്ഷിക്കാൻ ഓപ്ഷനുകൾ ഒരുപാടുണ്ട് ബ്രസീലിന്. ആലിസൺ, എഡേഴ്‌സൺ, വെവെർട്ടൺ എന്നിവരാണ് ടീമിലെ ഗോൾകീപ്പർമാർ.
ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ. മൊറോക്കോ, ഹെയ്തി, സ്‌ക്കോട്ട്‌ലൻഡ് ടീമുകളാണ് മറ്റംഗംങ്ങൾ. ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനായിരിക്കും ആൻസലോട്ടിയുടെയും സംഘത്തിന്റെയും ശ്രമം. കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
Content Highlights: Carlo Ancelotti officially includes Neymar in the 2026 World Cup squad., Brazil aims to end a 24-year drought since their last World Cup win in 2002., The squad features a blend of veterans like Casemiro and young talents like Endrick., Brazil is placed in Group C alongside Morocco, Haiti, and Scotland., Neymar remains the focal point of the attack despite ongoing injury concerns.
Published: 03 Jun 2026, 05:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented