
ഇരുകാലിലും ഒട്ടിപ്പിടിച്ചപോലുള്ള പന്തുമായി നൃത്തച്ചുവടുകളോടെ മൈതാനം നിറയുന്ന മഞ്ഞക്കുപ്പായക്കാരുടെ കൂട്ടത്തെയാണ് മുൻപ് ബ്രസീൽ ടീം എന്ന് വിളിച്ചിരുന്നത്. കാലം മാറുമ്പോൾ നൃത്തച്ചുവടുകൾ കുമ്മായവരയ്ക്ക് പുറത്തുവെച്ച് വൺടച്ചുകളുമായി കളിയും കളവും പിടിക്കാനിറങ്ങിയ മഞ്ഞക്കുപ്പായക്കാരാണ് ഈ ലോകകപ്പിൽ കളിക്കുന്ന ബ്രസീൽ ടീം. ചന്തമാർന്ന കളി ഉപേക്ഷിക്കുകയും യൂറോപ്യൻ പവർ ഫുട്‌ബോളിന്റെ യാന്ത്രികതയിലേക്ക് എത്തുകയും ചെയ്യാതെ അതിനിടയിലാണ് ടീമിന്റെ ഇപ്പോഴത്തെ കളി. ഹെയ്തിക്കെതിരേ മോശമല്ലാത്ത ജയം നേടുമ്പോൾ ആരാധകർ വലിയ ആഘോഷങ്ങൾക്കില്ല. യൂറോപ്യൻ ടീം സ്‌കോട്‌ലൻഡിനെതിരായ കളിയാണ് അവരുടെ മനസ്സിൽ. ലോകകപ്പിൽ രണ്ടു കളികൾ പൂർത്തിയാകുമ്പോൾ കാർലോ ആഞ്ചലോട്ടി മനസ്സിൽ വിഭാവനം ചെയ്യുന്ന ബ്രസീൽ ടീം കളത്തിലായിട്ടില്ല. എന്നാൽ, മൊറോക്കോയ്ക്കെതിരേ കളിച്ചതിൽനിന്ന് ടീം മെച്ചപ്പെട്ടിട്ടുണ്ട്.
4-4-2 ശൈലിയിലാണ് ഹെയ്തിക്കെതിരേ ബ്രസീൽ കളിതുടങ്ങിയത്. സെൻട്രൽ ഫോർവേഡായ മാത്യൂസ് കുൻഹയെ താഴോട്ടിറക്കി മധ്യനിരയ്ക്കൊപ്പം കളിപ്പിച്ച ആഞ്ചലോട്ടി വിങ്ങർമാരായ റഫീന്യക്കും വിനീഷ്യസിനും അകത്തേക്ക് കട്ടുചെയ്ത് കയറിക്കളിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. മധ്യനിരയിൽ ബ്രൂണോ ഗിമാറസിന് ആക്രമണത്തിന്റെ ചുമതലനൽകിയശേഷം ലൂക്കാസ് പാക്വിറ്റയെ വിനീഷ്യസിനൊപ്പം ചേർന്നു കളിക്കാനാണ് നിയോഗിച്ചത്. വിങ്ബാക്കുകളിൽ ഡഗ്ലസ് സാന്റോസ് കയറിക്കളിച്ചപ്പോൾ ഡാനിലോ പൊസിഷൻ വിട്ടുപോയില്ല. കയറിയും ഇറങ്ങിയും കളിച്ച കുൻഹയുടെ സാന്നിധ്യം 5-4-1 ഫോർമേഷനിൽ കളിച്ച ഹെയ്തിയുടെ പ്രതിരോധാത്മക പ്ലാനിനെ അലോസരപ്പെടുത്തി.
നെയ്മർ കളിച്ചാൽ കളിമാറും
വൺടച്ച് പാസുകളിലൂടെയാണ് ബ്രസീൽ കളി മുന്നോട്ടുകൊണ്ടുപോയത്. പ്രതിരോധവ്യൂഹം ചമച്ച ഹെയ്തിക്കെതിരേ മൈതാനത്തിന്റെ തുറന്നയിടങ്ങളിലേക്ക് ബ്രസീലിന്റെ വൺടച്ച് പാസുകൾ വന്നുകൊണ്ടേയിരുന്നു. പ്രതിരോധം ഇളകിയപ്പോഴേല്ലാം വിനീഷ്യസും കുൻഹയും പാക്വിറ്റയും കടന്നുകയറി. മധ്യനിരക്കാരായ കാസെമിറോയും ഗിമാറസും പാക്വിറ്റയും ചേർന്ന് 173 ടച്ചുകളാണ് നടത്തിയത്. ആദ്യപകുതിക്കുശേഷം കുൻഹയും വിനീഷ്യസുമൊക്കെ കയറിയതോടെ ബ്രസീൽ പ്രതിരോധത്തിന് പ്രധാന്യം നൽകി കളിക്കുകയും ചെയ്തു.
രണ്ടു കളി കളിയുമ്പോഴും എതിർപ്രതിരോധത്തെ മധ്യഭാഗത്തുകൂടി കീറിമുറിച്ചു കടന്നുപോകാൻ കഴിയുന്ന, തനത് ബ്രസീൽ നർത്തകന്റെ സാന്നിധ്യം ആരാധകർ ആഗ്രഹിക്കുന്നുണ്ട്. പരിക്കുമാറി നെയ്മർ എത്തുമ്പോൾ അതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Carlo Ancelotti is implementing a structured 4-4-2 formation for Brazil., Tactical shift from traditional flair to modern one-touch efficiency., Strategic use of Matheus Cunha as a floating forward to disrupt defensive blocks., Heavy reliance on midfield control by Casemiro, Guimarães, and Paquetá., Fans anticipate Neymar's return to provide the creative spark needed to break down defenses.
Published: 21 Jun 2026, 06:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented