
ദോഹ:‘‘ഏഷ്യയുടെ ഫുട്‌ബോൾ കിരീടം ഞങ്ങളുടെ ഷോക്കേസിൽതന്നെ വെക്കാനാണ് ആഗ്രഹം.’’ -ഖത്തർ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ് പറയുമ്പോൾ ലെബനൻ ക്യാപ്റ്റൻ ഹസ്സൻ മാറ്റൂകിന്റെ മറുപടി ഇങ്ങനെയാണ്: ‘‘ചരിത്രം തിരുത്താനാണ് ഞങ്ങൾക്കിഷ്ടം.’’ ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരത്തിൽ രണ്ട് ഹസ്സന്മാരുടെ ടീമുകൾ മുഖാമുഖംവരുമ്പോൾ ഖത്തറിൽ ആവേശത്തിന്റെ ആക്‌ഷൻ ഉറപ്പ്. നിലവിലെ ചാമ്പ്യന്മാരായ ഖത്തറും ആദ്യമായി നോക്കൗട്ട് റൗണ്ട് സ്വപ്നംകാണുന്ന ലെബനനും തമ്മിലുള്ള പോരാട്ടത്തിന് വേദിയാകുന്നത്, ലോകകപ്പ് ഫൈനൽനടന്ന ലുസൈൽ സ്റ്റേഡിയമാണ്. ഇന്ത്യൻസമയം വെള്ളിയാഴ്ച രാത്രി 9.30-നാണ് കിക്കോഫ്.
അപ്രവചനീയം ഖത്തർ
തുടർച്ചയായ ഏഴുവിജയങ്ങൾ, അതിലെ അവസാനമത്സരത്തിൽ ജപ്പാനെതിരെ 3-1ന്റെ തകർപ്പൻ ജയം. കഴിഞ്ഞ ഏഷ്യൻ കപ്പിൽ നടത്തിയ സ്വപ്നസമാനമായ കുതിപ്പിന്റെ കുളിരോർമകളിലാണ് ഖത്തർ നാട്ടിലെ പോരാട്ടത്തിനിറങ്ങുന്നത്. ഓർമയിൽ കുളിരുണ്ടെങ്കിലും സമീപകാലഫോം ഖത്തറിന് ആശങ്കകളുടെ ചൂടും സമ്മാനിക്കുന്നു. കഴിഞ്ഞവർഷം പാനമയോടും കെനിയയോടും ഇറാനോടും തോറ്റ ഖത്തർ പ്രവചനങ്ങൾക്ക് പിടികൊടുക്കാത്ത ഫുട്‌ബോളാണ് ഇപ്പോൾ കളിക്കുന്നത്. ഏഷ്യൻ കപ്പിന് മുന്നോടിയായി പോർച്ചുഗീസുകാരനായ കാർലോസ് ക്വിറോസിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റിയത് ടീമിനെ ഉലച്ചിട്ടുണ്ടോയെന്നും കണ്ടറിയണം. പുതുതായി ചുമതലയേറ്റ സ്പാനിഷുകാരനായ ബർത്തലോമി ലോപ്പസിന്റെ കീഴിലാണ് ഖത്തർ ഇറങ്ങുന്നത്.
അക്രമും അലിയും
കഴിഞ്ഞതവണ കിരീടം നേടുന്നതിൽ പ്രധാനപങ്കുവഹിച്ച അക്രം ആഫിഫും അൽമോയസ് അലിയും അടങ്ങുന്ന മുന്നേറ്റനിരയുടെ പ്രകടനമാകും സ്വന്തം മണ്ണിൽ ഖത്തറിന്റെ ജാതകംകുറിക്കുക. രാജ്യത്തിനായി 50 ഗോൾ നേടിയ അൽമോയസ് കഴിഞ്ഞ ഏഷ്യൻ കപ്പിൽ മാത്രം ഒമ്പതുഗോൾ നേടിയിരുന്നു. കഴിഞ്ഞ ഏഷ്യൻ കപ്പിൽ പത്ത് അസിസ്റ്റുമായി കളംനിറഞ്ഞ അക്രം അതേ ഫോമിൽ തിരിച്ചെത്തിയാൽ ഖത്തറിനെ പിടിച്ചുകെട്ടുക ബുദ്ധിമുട്ടാകും. രാജ്യത്തിനായി 175 മത്സരങ്ങൾ കളിച്ച ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ് നയിക്കുന്ന മധ്യനിരയും അധ്വാനികളുടെ സംഘമാണ്.
ചരിത്രംതിരുത്താൻ ലെബനൻ
രാജ്യത്തിനായി കൂടുതൽ മത്സരം കളിച്ച താരം, കൂടുതൽ ഗോൾ നേടിയ താരം... ടീമിന്റെ എല്ലാമെല്ലാമായ ക്യാപ്റ്റൻ ഹസ്സൻ മാറ്റൂകിന്റെ ചിറകിലേറിയാണ് ലെബനൻ ഖത്തറിലുമെത്തുന്നത്. ഹസ്സന്റെ ഗോളടിമികവിനൊപ്പം മലേഷ്യൻ ലീഗിൽ കളിക്കുന്ന സൂനി സാദും ലെബനീസ് ലീഗിൽ കളിക്കുന്ന ഹിലാൽ എൽഹെൽവേയുംകൂടി മുന്നേറ്റനിരയിൽ ഇറങ്ങുമ്പോൾ ലെബനന്റെ കൈയിൽ ഒരുവെടിക്കുള്ള മരുന്നുണ്ട്. പരിചയസമ്പന്നനായ പ്ലേമേക്കർ മുഹമ്മദ് ഹൈദറിന്റെ നേതൃത്വത്തിലുള്ള മധ്യനിരയും മോശമില്ലാതെ കളിക്കുമ്പോൾ പ്രതിരോധത്തിലാണ് ലെബനന് ആശങ്കകളുള്ളത്. സമീപകാലമത്സരങ്ങളിൽ സൗദിയോടും യു.എ.ഇ.യോടും മോണ്ടിനെഗ്രോയോടും മികച്ച കളി കെട്ടഴിച്ചിട്ടും തോറ്റത് പ്രതിരോധത്തിലെ പാളിച്ചകൊണ്ടായിരുന്നു.
Content Highlights: afc asian cup football starts today qatar
Published: 12 Jan 2024, 09:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented