ന്യൂഡൽഹി: കരിയറിൽ ഒട്ടേറെ ഗോസിപ്പ് വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളയാളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്. പല അഭ്യൂഹങ്ങളും താരത്തെ സംബന്ധിച്ച് പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ പ്രചരിച്ച ഒരു വാർത്തയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് യുവരാജ്. വർഷങ്ങൾക്ക് മുമ്പ് ഒരു യുവതിയെ താരം കെട്ടിപ്പിടിച്ചതുമായി ബന്ധപ്പെട്ട വാർത്തയെക്കുറിച്ചാണ് പ്രതികരണം. സംഭവത്തെ വളച്ചൊടിച്ചെന്നാണ് യുവി പറയുന്നത്. സാനിയ മിർസയുടെ യൂട്യൂബ് ഷോ ആയ 'സർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ'യിൽ ആണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം.
"എനിക്ക് ഒരു ഏജന്റ് ഉണ്ടായിരുന്നു. എനിക്കൊപ്പം അടുത്തിടെ ജോലി ചെയ്യാൻ തുടങ്ങിയ ഒരാളായിരുന്നു. ഞാൻ അവരെ കെട്ടിപ്പിടിച്ചു. ഒരാളെ കണ്ടുമുട്ടുമ്പോൾ, നിങ്ങൾ അവരെ കെട്ടിപ്പിടിക്കും. എന്നാൽ ഞാൻ മത്സരസമയത്ത് ഒരു പെൺകുട്ടിയെ കണ്ടുമുട്ടി എന്ന തരത്തിലാണ് അത് ചിത്രീകരിച്ചത്."- യുവരാജ് പറഞ്ഞു.
"ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാദങ്ങൾ നിറഞ്ഞതോ പ്രതികൂലമോ ആയ വാർത്തകളില്ലെങ്കിൽ ആളുകൾ വായിക്കില്ലെന്നാണ് മാധ്യമങ്ങൾ കരുതുന്നത്. പോസിറ്റിവിറ്റിയേക്കാൾ കൂടുതൽ നെഗറ്റിവിറ്റിയാണുള്ളത്. കൂടുതൽ പോസിറ്റീവ് കഥകൾ ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്."- അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെ കുറിച്ചും അഭിമുഖത്തിൽ സാനിയയോട് യുവരാജ് സിങ് പ്രതികരിച്ചിരുന്നു. കരിയർ ഭാരമായി മാറിയ ഘട്ടത്തിലെത്തിയപ്പോഴാണ് താൻ വിരമിക്കാനുള്ള തീരുമാനമെടുത്തതെന്നും ആ സമയം പിന്തുണയും ബഹുമാനവും ലഭിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു. 2011 ലോകകപ്പിനു ശേഷം യുവരാജിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് വിധേയനായ താരം രോഗത്തെ കീഴ്‌പ്പെടുത്തി. പിന്നാലെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയെങ്കിലും പഴയ ഫോം വീണ്ടെടുക്കാൻ യുവിക്ക് സാധിച്ചിരുന്നില്ല.
എൻ്റെ കരിയർ ഒരു ഭാരമായി മാറിയ ഒരു ഘട്ടത്തിലെത്തി. അതിനാൽ, എനിക്ക് എൻ്റെ കളി ആസ്വദിക്കാൻ കഴിഞ്ഞില്ല. 'എനിക്ക് ആസ്വദിക്കാൻ കഴിയാത്തപ്പോൾ ഞാൻ എന്തിനാണ് ക്രിക്കറ്റ് കളിക്കുന്നത്?' എന്നൊരു തോന്നലുമുണ്ടായി. എനിക്ക് പിന്തുണ ലഭിക്കുന്നതായി തോന്നിയില്ല. ബഹുമാനം ലഭിക്കുന്നതായും തോന്നിയില്ല. ഇതൊന്നും കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഞാൻ ഇത് ചെയ്യുന്നതെന്നും ചിന്തിച്ചു. - യുവരാജ് പറഞ്ഞു.
Content Highlights: yuvraj singh about gossip news
Published: 31 Jan 2026, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented