
മുംബൈ: ഐ.പി.എലിൽ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ റോയൽസ് ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 175 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ 30 റൺസിന്റെ തകർപ്പൻ ജയവുമായാണ് രാജസ്ഥാൻ പ്ലേഓഫ് ടിക്കറ്റെടുത്തത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കൊപ്പം രാജസ്ഥാനും പ്ലേഓഫ് ഉറപ്പിച്ചു.
മുൻ ടീമായ മുംബൈക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ജോഫ്ര ആർച്ചറാണ് രാജസ്ഥാന്റെ വിജയശിൽപി. ആർച്ചറുടെ ഈ പ്രകടനം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും പഞ്ചാബ് കിങ്‌സിനെയും ടൂർണമെന്റിൽനിന്ന് പുറത്താക്കി. ഇനി നടക്കുന്ന കൊൽക്കത്ത-ഡൽഹി മത്സരത്തിന്റെ മത്സരഫലം ഇതോടെ അപ്രസക്തമായി.
ബാറ്റിങ്ങിൽ 15 പന്തിൽ 32 റൺസ് നേടിയ ആർച്ചർ, ബൗളിങ്ങിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കംതന്നെ തകർച്ചയോടെയായിരുന്നു. പവർപ്ലേയിലെ ആദ്യ ആറ് ഓവറിൽ തന്നെ അവർക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമയെ പൂജ്യത്തിന് പുറത്താക്കി ആർച്ചർ മുംബൈയെ ഞെട്ടിച്ചു. ഐ.പി.എൽ. ചരിത്രത്തിൽ ഇത് 19-ാം തവണയാണ് രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത്. നമാൻ ധീറിനെയും ആർച്ചർ ക്ലീൻ ബൗൾഡാക്കി. റയാൻ റിക്കിൾട്ടൺ, തിലക് വർമ എന്നിവർ കൂടി പുറത്തായതോടെ 5.1 ഓവറിൽ 38-ന് 4 എന്ന നിലയിലേക്ക് മുംബൈ തകർന്നു.
മധ്യ ഓവറുകളിൽ സൂര്യകുമാർ യാദവും വിൽ ജാക്‌സും ചേർന്ന് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. പരിക്കിന്റെ ആശങ്കകൾക്കിടയിലും തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത സൂര്യകുമാർ അർധസെഞ്ച്വറി നേടി. വിൽ ജാക്‌സുമായി ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ജാക്‌സിനെ യഷ് രാജ് പുനിയ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വേഗത്തിൽ റൺസ് ഉയർത്തി മത്സരം ആവേശകരമാക്കി. ഹാർദിക്കിന്റെ ബാറ്റിങ് മുംബൈ ക്യാമ്പിൽ പ്രതീക്ഷ നൽകിയെങ്കിലും നിർണായക ഘട്ടത്തിൽ ആർച്ചർ തന്നെ ഹാർദിക്കിനെ പുറത്താക്കി രാജസ്ഥാനെ വീണ്ടും മത്സരത്തിൽ മുന്നിലെത്തിച്ചു.
അവസാന ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാൻ ബൗളർമാർ മുംബൈയെ വരിഞ്ഞുമുറുക്കി. സൂര്യകുമാർ യാദവ് പുറത്തായതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു. ഡെത്ത് ഓവറുകളിൽ അമിതമായി റൺസ് വഴങ്ങിയതും തുടക്കത്തിലെ തകർച്ചയുമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. വിജയത്തോടെ പ്ലേഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് ഇനി എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
Content Highlights: Rajasthan Royals qualified for the 2026 IPL playoffs after a 36-run win over Mumbai Indians., Jofra Archer was the star performer, scoring 32 off 15 balls and taking 3 wickets.
Published: 24 May 2026, 08:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented