ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ വിരാട് കോലി കളിക്കും. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാൻ കോലി സന്നദ്ധനല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ നിർദേശത്തിന് പിന്നാലെയാണ് താരങ്ങൾ നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനപരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന നിര്‍ദേശം താരങ്ങൾക്ക് നല്‍കിയത്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ബിസിസിഐയുടെ നിര്‍ദേശത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധനാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തില്‍ വിരാട് കോലി അന്ന് തീരുമാനമെടുത്തിരുന്നില്ല. ഇപ്പോഴിതാ ആഭ്യന്തരക്രിക്കറ്റ് കളിക്കാൻ തയ്യാറാണെന്ന് കോലി അറിയിച്ചതായി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. 15 വർഷത്തിന് ശേഷമാണ് വിജയ് ഹസാരെ ട്രോഫിയിൽ കോലി തിരിച്ചെത്തുന്നത്.
കായികക്ഷമത നിലനിര്‍ത്താനായാണ് താരങ്ങളോട് ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ഏകദിന ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് താരങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പും കോലിയോടും രോഹിത്തിനോടും ബിസിസിഐ സമാനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓസീസിനെതിരേ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ തോറ്റതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിലപാട് കടുപ്പിച്ചത്. പിന്നാലെ ഇരുവരും ഓരോ മത്സരങ്ങളില്‍ കളിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഓസീസിനെതിരായ ഏകദിനപരമ്പരയിലാണ് താരങ്ങള്‍ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരങ്ങള്‍ ഇന്ത്യയ്ക്കായി പാഡണിഞ്ഞത്. പരമ്പര തോറ്റെങ്കിലും അവസാനമത്സരത്തില്‍ ഇരുവരും തിളങ്ങി. രോഹിത് സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി. കോലി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും ഇരുവരും മിന്നിച്ചു. കോലി സെഞ്ചുറി നേടിയപ്പോൾ രോഹിത് അർധസെഞ്ചുറി തികച്ചു.
Content Highlights: Virat Kohli confirms his availability to play Vijay Hazare Trophy
Published: 02 Dec 2025, 10:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented