പോണ്ടിച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരായ മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി പോണ്ടിച്ചേരി. ആദ്യദിനം അവസാനിക്കുമ്പോള്‍ പോണ്ടിച്ചേരി നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തിട്ടുണ്ട്. 

To advertise here,

ഒരു ഘട്ടത്തില്‍ 19 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട പോണ്ടിച്ചേരിയെ സെഞ്ചുറി നേടിയ പി.കെ. ഡോഗ്ര കരകയറ്റുകയായിരുന്നു. ഒറ്റയ്ക്ക് പൊരുതിയ ഡോഗ്ര ആദ്യദിനം 254 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുകയാണ്. 11 ഫോറുകള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 

ആറാമനായി ക്രീസിലെത്തിയ അരുണ്‍ കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് ഡോഗ്ര ടീമിനെ രക്ഷിച്ചു. അരുണും വിക്കറ്റ് നഷ്ടപ്പെടുത്താതെ ഡോഗ്രയ്‌ക്കൊപ്പം ക്രീസിലുണ്ട്. 65 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇരുവരും അഞ്ചാം വിക്കറ്റില്‍ ഇതുവരെ 151 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. 

കേരളത്തിനായി ബേസില്‍ തമ്പി, എം.ഡി നിധീഷ്, ജലജ് സക്‌സേന, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. വിശ്വേശര്‍ എ. സുരേഷ് പോണ്ടിച്ചേരിയ്‌ക്കെതിരായ മത്സരത്തിലൂടെ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം നടത്തി.