തിരുവനന്തപുരം: സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ച് വിദ്യാർഥികൾക്കായി സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.). കേരള ക്രിക്കറ്റ് ലീഗിന്റെ തുടർച്ചയായാണ് കുട്ടികൾക്കായി വിപുലമായ രീതിയിൽ ചാമ്പ്യൻഷിപ്പ് നടത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തെയും ഉൾക്കൊള്ളുന്ന രീതിയിൽ സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ചായിരിക്കും മത്സരങ്ങൾ. സ്‌കൂൾ തലത്തിൽത്തന്നെ പ്രതിഭകളെ കണ്ടെത്തി അവർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ജില്ലാതലത്തിൽ ആദ്യഘട്ടത്തിൽ മത്സരങ്ങളുണ്ടാകും. അടുത്തഘട്ടത്തിൽ മേഖലാ തലത്തിലോ എല്ലാ ജില്ലകളെയും ഉൾക്കൊള്ളിച്ചോ നോക്കൗട്ട് ടൂർണമെന്റാകും. ഇത്തവണ ഒക്ടോബർ-നവംബർ മാസങ്ങളിലായി തുടങ്ങുന്ന മത്സരങ്ങൾ ജനുവരിയിൽ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വർഷവും ടൂർണമെന്റിന് തുടർച്ചയുണ്ടാകും.
സംസ്ഥാന, സി.ബി.എസ്.ഇ. സിലബസിലുള്ള പ്ലസ് ടു വരെയുള്ള കുട്ടികളടങ്ങുന്ന സ്‌കൂൾ ടീമുകൾക്ക് പങ്കെടുക്കാം. കെ.സി.എലിൽ പങ്കെടുക്കുന്ന യുവതാരങ്ങൾ കുട്ടികൾക്ക് പരിശീലനത്തിനുൾപ്പെടെ മാർഗനിർദേശങ്ങൾ നൽകും. മികച്ച പ്രകടനം നടത്തുന്നവരെ കെ.സി.എൽ. ടീമുകൾ അവരുടെ ഭാഗമാക്കും. പങ്കെടുക്കുന്ന സ്‌കൂൾ ടീമുകൾക്കെല്ലാം പ്രോത്സാഹനസമ്മാനം ഉറപ്പാക്കുന്ന രീതിയിലായിരിക്കും സമ്മാനഘടന. മികവു പുലർത്തുന്ന സ്‌കൂളുകളിൽ നെറ്റ് പ്രാക്ടീസിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും കെ.സി.എ. മുൻകൈയെടുക്കും. ഓരോ ജില്ലയിലെയും മികച്ച സ്‌കൂളുകൾക്കും കെ.സി.എ.യുടെ പിന്തുണ ലഭിക്കും. മികവുപുലർത്തുന്നവർക്ക് അടുത്ത സീസണിൽ കെ.സി.എൽ. ലിറ്റിൽ സ്റ്റാറാകാം.
Content Highlights: Kerala Cricket Association (KCA) is organizing a state-level school cricket tournament., Matches will be held from October-November and conclude in January., Open to school teams up to Plus Two under State and CBSE syllabi., Outstanding players will get the opportunity to become KCL Little Stars and join KCL teams., KCA will support developing net practice infrastructure in top-performing schools.
Published: 11 Aug 2026, 12:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented