ലണ്ടന്‍: ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയും 387 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ടും ഒന്നാം ഇന്നിങ്‌സില്‍ 387 റണ്‍സാണ് നേടിയിരുന്നത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടു റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍. മൂന്നാം ദിനത്തിന്റെ അവസാനം സമയം കളയാനുള്ള സാക് ക്രോളിയുടെ നീക്കത്തിനെതിരേ ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധിച്ചത് മൂന്നാം ദിനത്തിലെ വ്യത്യസ്ത കാഴ്ചയായി.
കെ.എല്‍ രാഹുലിന്റെ സെഞ്ചുറിയും ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യന്‍ സ്‌കോര്‍ 387-ല്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി മികച്ച കൂട്ടുകെട്ടുകള്‍ പിറന്നു.
മൂന്നാം ദിനം മൂന്നിന് 145 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ആദ്യ സെഷനില്‍ രാഹുല്‍ - ഋഷഭ് പന്ത് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി. എന്നാല്‍ ഉച്ചഭക്ഷണ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഋഷഭ് പന്ത് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന പന്തിനെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സാണ് റണ്ണൗട്ടാക്കിയത്. അനാവശ്യ റണ്ണിന് ശ്രമിച്ച പന്തിന്റെ പുറത്താകല്‍ ആത്മഹത്യാപരമായിരുന്നു. 112 പന്തില്‍ നിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കം 74 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് താരം മടങ്ങിയത്.
പിന്നാലെ രാഹുല്‍ സെഞ്ചുറി തികച്ചു. ലോര്‍ഡ്‌സില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടില്‍ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയും. ഇത്തവണത്തെ പരമ്പരയില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയുമാണിത്. സെഞ്ചുറി നേടിയതിനു പിന്നാലെ ഷോയബ് ബഷീറിന്റെ പന്തില്‍ രാഹുല്‍ പുറത്തായി. 177 പന്തില്‍ നിന്ന് 13 ബൗണ്ടറിയടക്കം 100 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.
പിന്നാലെ ആറാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ - നിതീഷ് കുമാര്‍ റെഡ്ഡി സഖ്യം സ്‌കോര്‍ 300 കടത്തി. ജഡേജയ്‌ക്കൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ നിതീഷിനെ ബെന്‍ സ്റ്റോക്ക്‌സ് പുറത്താക്കി. 91 പന്തുകള്‍ നേരിട്ട് 30 റണ്‍സായിരുന്നു നിതീഷിന്റെ സമ്പാദ്യം. നാല് ബൗണ്ടറികളടങ്ങുന്നതായിരുന്ന നിതീഷിന്റെ ഇന്നിങ്‌സ്.
നിതീഷ് മടങ്ങിയ ശേഷം എട്ടാമന്‍ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 131 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സെടുത്ത ജഡേജയെ മടക്കി ക്രിസ് വോക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും 11 റണ്‍സിനിടെ ആകാശ് ദീപ് (7), ജസ്പ്രീത് ബുംറ (0), വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ മടക്കി ഇംഗ്ലണ്ട്, ഇന്ത്യന്‍ സ്‌കോറും 387-ല്‍ അവസാനിപ്പിച്ചു. സുന്ദര്‍ 76 പന്തുകള്‍ നേരിട്ട് 23 റണ്‍സെടുത്താണ് പുറത്തായത്.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചറും സ്റ്റോക്ക്‌സും രണ്ടു വിക്കറ്റ് വീതമെടുത്തു.
നേരത്തേ ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജയ്സ്വാളിനെ (13) നഷ്ടമായിരുന്നു. ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച രാഹുല്‍ - കരുണ്‍ നായര്‍ സഖ്യം ശ്രദ്ധയോടെ സ്‌കോര്‍ ചെയ്തു. മികച്ച സ്‌കോറിലേക്ക് പോകുമെന്ന് കരുതിയ കരുണിന് പക്ഷേ ബെന്‍ സ്റ്റോക്ക്സിന്റെ പന്തില്‍ പിഴച്ചു. ബാറ്റിലുരസി സ്ലിപ്പിലേക്ക് പോയ പന്ത് ജോ റൂട്ട് അവിശ്വസനീയമായി കൈപ്പിടിയിലൊതുക്കി. ടെസ്റ്റില്‍ 211-ാം ക്യാച്ചോടെ റൂട്ട് റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. പുറത്താകുമ്പോള്‍ 62 പന്തില്‍ നിന്ന് 40 റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ രാഹുല്‍ - കരുണ്‍ സഖ്യം 61 റണ്‍സ് ചേര്‍ത്തിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് തിളങ്ങാനായില്ല. 16 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍, ക്രിസ് വോക്സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
Content Highlights: india-vs-england-lords-test-day-3
Published: 12 Jul 2025, 11:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented