ഡബ്ലിന്‍: ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ മികച്ച ഒരു ഇന്നിങ്‌സ് പുറത്തെടുക്കാന്‍ സഞ്ജു സാംസണ് സാധിച്ചിരിക്കുകയാണ്.

To advertise here,

അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ 42 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 77 റണ്‍സെടുത്ത സഞ്ജു ഇന്ത്യന്‍ ജേഴ്സിയിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. ഷോട്ട് സെലക്ഷനിലും മറ്റും മുന്‍കാലത്ത് കേട്ട പഴികളെല്ലാം മറികടക്കുന്ന ഇന്നിങ്‌സായിരുന്നു സഞ്ജുവില്‍ നിന്നുണ്ടായത്.

മത്സരത്തില്‍ സെഞ്ചുറി നേടിയ ദീപക് ഹൂഡയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനും സഞ്ജുവിനായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 176 റണ്‍സ് ട്വന്റി 20-യില്‍ ഒരു ഇന്ത്യന്‍ സംഘത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്.

അതേസമയം മത്സരത്തില്‍ സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയില്ലെന്നും ഈ ഫോര്‍മാറ്റില്‍ അധികം വൈകാതെ മൂന്നക്ക സ്‌കോര്‍ നേടാന്‍ ആഗ്രഹമുണ്ടെന്നും മത്സരശേഷം സഞ്ജു പറഞ്ഞു.

''ഹൂഡയ്‌ക്കൊപ്പമുള്ള കൂട്ടുകെട്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരുന്നു. പ്രത്യേകിച്ചും അത്തരം സാഹചര്യങ്ങളില്‍ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് പിന്തുണ കിട്ടിയിരുന്ന സമയത്ത്. തുടക്കം തൊട്ട് തന്നെ അവരുടെ ബൗളിങ്ങിനെ കടന്നാക്രമിച്ച് അടിച്ചുകളിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹൂഡ എത്തിയത്. അതിനിടെ ഞങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും മികച്ചതായിരുന്നു. ഹൂഡ അടിച്ചുകളിക്കുമ്പോള്‍ അദ്ദേഹത്തിന് സ്‌ട്രൈക്ക് നല്‍കുന്നതില്‍ എനിക്ക് സന്തോഷമാണ്. ഞാന്‍ അടിക്കുമ്പോള്‍ അദ്ദേഹവും അതുപോലെ തന്നെ ചെയ്തു. ഹൂഡയുടെ നേട്ടത്തില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെങ്കിലും അത്തരമൊരു സ്‌കോറിലെത്താന്‍ ഞാനും ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഞാന്‍ ബാറ്റ് ചെയ്ത രീതിയിലും വളരെ സന്തോഷമുണ്ട്.'' - സഞ്ജു സോണി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

അതേസമയം മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടാത്തതില്‍ താന്‍ നിരാശനാണെന്ന് അജയ് ജഡേജ പ്രതികരിച്ചു.