ദുബായ്: ഞായറാഴ്ച ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം കാണാനായി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ധരിച്ചെത്തിയ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി.

To advertise here,

ഏഷ്യാ കപ്പ് ഫൈനല്‍ കാണാനായി ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയ ഇന്ത്യന്‍ ആരാധകരെ സ്റ്റേഡിയം ഗേറ്റില്‍ നിന്ന് തിരിച്ചയച്ചതായാണ് ആരോപണം. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി ധരിച്ചെന്ന് പറഞ്ഞായിരുന്നു തങ്ങളെ പുറത്താക്കിയതെന്ന് പുറത്താക്കപ്പെട്ടവര്‍ പറഞ്ഞു. ഇവരുടെ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. സ്റ്റേഡിയം ഗേറ്റില്‍ നിലയുറപ്പിച്ചിരുന്ന പോലീസുകാര്‍ ഇന്ത്യന്‍ ജേഴ്‌സി ധരിച്ചെത്തിയെന്ന കാരണം പറഞ്ഞ് അക്ഷരാര്‍ഥത്തില്‍ പുറത്താക്കുകയായിരുന്നുവെന്ന് അനുഭവസ്ഥര്‍ വീഡിയോയില്‍ പറയുന്നു.

ഭാരത് ആര്‍മി അംഗങ്ങളടക്കമുള്ള ഇന്ത്യന്‍ ആരാധകര്‍ക്കാണ് ഈ മോശം അനുഭവമുണ്ടായത്. ഇന്ത്യക്കാര്‍ പുറത്തുപോകണമെന്ന് പോലീസുകാര്‍ പറഞ്ഞതായും അകത്ത് പ്രവേശിക്കണമെങ്കില്‍ ശ്രീലങ്കയുടേയോ പാകിസ്താന്റേയോ ജേഴ്‌സി ധരിക്കണമെന്ന് ആവശ്യപ്പെട്ടതായും അനുഭവസ്ഥരില്‍ ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പുറത്താക്കപ്പെട്ടവര്‍ വ്യക്തമാക്കി.