മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയുടെ ഇടവേളയിൽ ഇംഗ്ലണ്ട് കളിക്കാർ തുടർച്ചയായി മദ്യപിച്ചെന്ന ആരോപണത്തിൽ ടീം മാനേജ്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചു. പരമ്പരയിലെ മൂന്നു മത്സരങ്ങളും ഇംഗ്ലണ്ട് തോറ്റിരുന്നു. മൂന്നു മത്സരങ്ങളിലുമായി 11 ദിവസം മാത്രമേ കളി നടന്നുള്ളൂ.

To advertise here,

ബ്രിസ്‌ബേനിലെ രണ്ടാം ടെസ്റ്റിനും അഡ്‌ലെയ്ഡിലെ മൂന്നാം ടെസ്റ്റിനുമിടയിൽ പത്തുദിവസം ഇടവേളയുണ്ടായിരുന്നു. ഇതിനിടെ, ക്വീൻസ്‌ലൻഡിലെ ഒരു ബീച്ച് റിസോർട്ടിലെത്തിയ ഇംഗ്ലണ്ട് താരങ്ങൾ തുടർച്ചയായി ആറുദിവസം മദ്യപിക്കുകയായിരുന്നെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. റോഡരികിൽ പരസ്യമായി മദ്യപിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് സ്വബോധമില്ലാതെ സംസാരിക്കുന്ന ബെൻ ഡക്കറ്റാണ് വീഡിയോയിലുള്ളത്. ടീം ഹോട്ടലിലേക്ക് തിരികെ മടങ്ങാനാവാത്ത വിധം താരം മദ്യപിച്ചുവെന്നാണ് വീഡിയോയിലെ സംഭാഷണങ്ങൾ സൂചിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് ഇംഗ്ലണ്ട് ടീം മാനേജിങ് ഡയറക്ടർ റോബ് കീ അന്വേഷിക്കുമെന്ന് ടീം അധികൃതർ പറഞ്ഞു. സമ്മർദം മറികടക്കാൻ കളിക്കാർ ചെറുതായി ആഘോഷിക്കുന്നത്‌ എതിർക്കുന്നില്ല, എന്നാൽ ഇത്രയും പ്രധാനപ്പെട്ട മത്സരത്തിനിടെ തുടർച്ചയായി മദ്യപിച്ചു എന്നത് ഗൗരവമേറിയ കാര്യമാണെന്ന് റോബ് കീ പറഞ്ഞു.