മെൽബൺ: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിൽ ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ. ബാറ്റർമാർ കുഴങ്ങിയ മെൽബണിലെ പിച്ചിൽ പക്ഷേ ബൗളർമാർ നിറഞ്ഞാടുകയായിരുന്നു. 123 വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒരു ദിവസം 20 വിക്കറ്റുകൾ വീഴുന്നത്. ഇതിനു മുമ്പ് 1902-ലെ ആഷസ് പരമ്പരയിൽ മെൽബണിൽ നടന്ന ടെസ്റ്റിൽ തന്നെയായിരുന്നു 20 വിക്കറ്റുകൾ വീണത്.

To advertise here,

ബോക്‌സിങ് ഡേയിൽ മെൽബണിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓസീസിനെ ഒന്നാം ഇന്നിങ്‌സിൽ 152 റൺസിന് പുറത്താക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്ങാണ് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങിയത്. എന്നാൽ ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് അതിലും വലിയ തകർച്ചയായിരുന്നു. അരങ്ങേറ്റക്കാരൻ മൈക്കൽ നെസർ നാലും സ്‌കോട്ട് ബോളണ്ട് മൂന്നും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് വെറും 110 റൺസിന് പുറത്തായി. ഓസീസിന് 42 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ നാലു റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്‌സിൽ അവർക്കിപ്പോൾ 46 റൺസ് ലീഡായി.

ഓസ്‌ട്രേലിയയിൽ നടക്കുന്ന ടെസ്റ്റിൽ ഒന്നാം ദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീണതും 1902-ലെ ആഷസിനിടെയായിരുന്നു. അന്ന് മെൽബണിൽ നടന്ന മത്സരത്തിൽ ഒന്നാം ദിനം വീണത് 25 വിക്കറ്റുകളാണ്. 1952-ൽ അഡ്‌ലെയ്ഡിൽ നടന്ന ഓസ്‌ട്രേലിയ - വെസ്റ്റിൽഡീസ് ടെസ്റ്റിന്റെ ഒന്നാം ദിനം 22 വിക്കറ്റുകൾ വീണിരുന്നു. 1932-ൽ മെൽബണിൽ നടന്ന ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ ഒന്നാം ദിനം 20 വിക്കറ്റുകൾ വീണിരുന്നു.

ആഷസ് പരമ്പരയുടെ ഒരു ദിവസത്തെ കളിയിൽ കുറഞ്ഞത് 20 വിക്കറ്റുകളെങ്കിലും വീഴുന്നത് ചരിത്രത്തിൽ ഇത് ആറാം തവണയാണ്.