കോവിഡ് നല്‍കിയ പ്രതിസന്ധികള്‍ പിന്നിട്ട് ലോക കായികരംഗം അതിന്റെ പൂര്‍ണതയിലേക്കുയര്‍ന്ന വര്‍ഷമായിരുന്നു 2022. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ക്രിക്കറ്റ് ലീഗുകളെല്ലാം പതിവ് രീതിയില്‍ മുന്നോട്ടുചലിച്ചു. ഇതിനിടെ ഏഷ്യയില്‍ വിരുന്നെത്തിയ രണ്ടാമത്തെ മാത്രം ലോകകപ്പില്‍ കിരീടവുമായി മെസ്സിയും സംഘവും തിളങ്ങി. 36 വര്‍ഷക്കാലം നീണ്ട അര്‍ജന്റീനയുടെ കാത്തിരിപ്പിനും 17 വര്‍ഷത്തോളം നീണ്ട ലയണല്‍ മെസ്സിയെന്ന ഇതിഹാസത്തിന്റെ
കാത്തിരിപ്പിനും ഡിസംബര്‍ 18-ന് ദോഹയിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ അവസാനമായി. ട്വന്റി 20 ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്ക്ക് പിഴച്ച വര്‍ഷമാണ് കടന്നുപോകുന്നത്. റോജര്‍ ഫെഡറര്‍, സെറീന വില്യംസ്, മിതാലി രാജ് എന്നിവരുടെ വിടവാങ്ങലുകളും ഈ വര്‍ഷം കണ്ടു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ ഷെയ്ന്‍ വോണ്‍, ആന്‍ഡ്രു സൈമണ്ട്‌സ് എന്നിവരുടെ അകാല വിയോഗം ഈ വര്‍ഷം കായിക പ്രേമികളെ ഞെട്ടിച്ചു.
ട്വന്റി20 ലോകകപ്പ് ജേതാക്കള്‍
ഇംഗ്ലണ്ടില്‍ നടന്ന എട്ടാമത് ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് രണ്ടാംകിരീടം സ്വന്തമാക്കി . ഫൈനലില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കിരീടനേട്ടം ആവര്‍ത്തിച്ചത്. 2010-ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു. ട്വന്റി20 ലോകകപ്പിന്റെ എട്ടാംപതിപ്പിന് വേദിയായത് ഓസ്ട്രേലിയയായിരുന്നു. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനം നടത്തിയെങ്കിലും സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോറ്റ് പുറത്തായി.
വനിതാ ലോകകപ്പ് ഓസ്ട്രേലിയയ്ക്ക്
വനിതാ ഏകദിന ലോകകപ്പില്‍ ഏഴാംകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ഓസ്ട്രേലിയയുടെ കിരീടനേട്ടം. 1978, 1982, 1988, 1997, 2005, 2013 എന്നീ വര്‍ഷങ്ങളിലായിരുന്നു, ഓസീസിന്റെ മറ്റ് കിരീടനേട്ടങ്ങള്‍. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ടീമെന്ന റെക്കോഡും ഓസ്ട്രേലിയ നിലനിര്‍ത്തി.
ഓസ്ട്രേലിയയുടെ അലിസ ഹീലിയാണ്, 'പ്ലേയര്‍ ഓഫ് ദി സീരീസ്' നേട്ടത്തിന് അര്‍ഹയായത്. ഏറ്റവും കൂടുതല്‍ റണ്‍സും (509) താരത്തിന്റെ പേരിലാണ്. ഇംഗ്ലണ്ടിന്റെ സോഫി എക്സ്റ്റണാണ് കൂടുതല്‍ വിക്കറ്റുകള്‍ (21) നേടിയത്. ന്യൂസീലന്‍ഡാണ് പന്ത്രണ്ടാമത് ലോകകപ്പ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്.
ഏഷ്യാകപ്പില്‍ ശ്രീലങ്കയും ഇന്ത്യയും
പതിനഞ്ചാം ഏഷ്യാകപ്പ് ട്വന്റി20 പുരുഷവിഭാഗത്തില്‍ ചാമ്പ്യന്മാരായി ശ്രീലങ്ക. പാകിസ്താനെ 23 റണ്‍സിന് തോല്‍പ്പിച്ചാണ്, ലങ്ക നേട്ടം സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ ശ്രീലങ്കയുടെ ആറാംകിരീടനേട്ടമാണിത്. ഏഴ് കിരീടങ്ങളുമായി ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. ടൂര്‍ണമെന്റില്‍ 'പ്ലേയര്‍ ഓഫ് ദി സീരീസാ'യത് വാനിന്ദു ഹസരംഗ(ശ്രീലങ്ക)യാണ്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്, പാകിസ്താന്റെ മുഹമ്മദ് റിസ്വാനും (281) കൂടുതല്‍ വിക്കറ്റ് നേട്ടം ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറു(11)മായിരുന്നു.
ഏഷ്യാകപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് കിരീടത്തില്‍ ഏഴാംതവണയും ഇന്ത്യ മുത്തമിട്ടു. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ നേട്ടം. സ്മൃതി മന്ദാനയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത്. ദീപ്തി ശര്‍മയായിരുന്നു ടൂര്‍ണമെന്റിലെ താരം. കൂടുതല്‍ റണ്‍സെന്ന നേട്ടം ജെമീമ റോഡ്രിഗസിനും (217) കൂടുതല്‍ വിക്കറ്റ് നേട്ടം ദീപ്തി ശര്‍മയും ശ്രീലങ്കയുടെ ഇനോക രണവീരയും ചേര്‍ന്ന് പങ്കിട്ടു.
ലോകകിരീടം ചൂടി അര്‍ജന്റീന
മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. ഇരുടീമുകളും മൂന്ന് വീതം ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 36 വര്‍ഷങ്ങള്‍ക്കുശേഷമാണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കുന്നത്. ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിക്കുന്ന മൂന്നാമത്തെ ടീം ആണ് അര്‍ജന്റീന.
ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഇത്തവണ നേടിയത് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ്. എട്ട് ഗോളുകളാണ് താരം നേടിയത്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ അര്‍ജന്റീനയുടെ തന്നെ എമിലിയാനോ മാര്‍ട്ടിനെസും നേടി.
ആദ്യന്തം ആവേശം നിറഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ് അടക്കമുള്ള ടീമുകള്‍ നിലംപതിച്ചപ്പോള്‍ അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകള്‍ ഐതിഹാസികമായ മുന്നേറ്റമാണ് നടത്തിയത്. ക്രൊയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്റീനയും മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാന്‍സും ഫൈനലിലേക്ക് പ്രവേശിച്ചു. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ മൊറോക്കോയെ കീഴടക്കി ക്രൊയേഷ്യ ജേതാക്കളായി.
ഖത്തര്‍ ആണ് ലോകകപ്പിന്റെ 22-ാം പതിപ്പിന് ആതിഥേയത്വം വഹിച്ചത്. അറബ് മേഖല ആദ്യമായി ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ടായിരുന്നു. ഏഷ്യ വേദിയാകുന്ന രണ്ടാമത്തെ ലോകകപ്പ് കൂടിയാണിത്. 92 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇതുവരെയും ലോകകപ്പുകള്‍ അരങ്ങേറിയിരുന്നത്.
2022 നവംബര്‍ 20-ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോര്‍ പരാജയപ്പെടുത്തി. ദോഹ ആസ്ഥാനമായ എട്ട് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഉദ്ഘാടനമത്സരം അരങ്ങേറിയത് അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ്. 32 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടിയത്. ഇറ്റലി, കൊളംബിയ, സ്വീഡന്‍, ചിലി എന്നീ ടീമുകള്‍ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 64 വര്‍ഷങ്ങള്‍ക്കുശേഷം വെയ്ല്‍സ് ലോകകപ്പിന് യോഗ്യത നേടി.
വനിതാ റഫറിമാര്‍ ആദ്യമായി മത്സരങ്ങള്‍ നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ലോകകപ്പിനുണ്ടായിരുന്നു. ആറ് വനിതാ റഫറിമാരാണ് ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായത്. 36 റഫറിമാരടങ്ങുന്ന പാനലിലേക്ക് മൂന്ന് വനിതാ റഫറിമാരും തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്റെ യോഷിമി യമാഷിത, ഫ്രാന്‍സിന്റെ സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്, റുവാണ്ടയുടെ സലിമ മുകന്‍സങ്ക എന്നിവരാണ് പാനലില്‍ ഉള്‍പ്പെട്ട മൂന്ന് വനിതകള്‍. മെക്സിക്കോയും പോളണ്ടും തമ്മിലുള്ള മത്സരത്തില്‍ നാലാം ഒഫീഷ്യല്‍ റഫറിയായത് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് ആയിരുന്നു. ജര്‍മനി-കോസ്റ്ററിക്ക മത്സരം ലോകകപ്പിന്റെ ചരിത്രത്തിലെ മറക്കാനാകാത്ത മത്സരങ്ങളിലൊന്നായി. മൂന്ന് വനിതാ റഫറിമാര്‍ ഒരുമിച്ച് നിയന്ത്രിച്ച മത്സരമായിരുന്നു ഇത്. സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് ആയിരുന്നു ഈ മത്സരത്തിന്റെ മുഖ്യ റഫറിയായത്.
ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകളുടെ ആധിപത്യത്തിനാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. ഏഷ്യയില്‍നിന്ന് ദക്ഷിണ കൊറിയയും ജപ്പാനും ആഫ്രിക്കയില്‍നിന്ന് സെനഗല്‍, മൊറോക്കോ എന്നീ ടീമുകളും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടി. രണ്ട് വന്‍കരകളില്‍ നിന്നുമായി ഏറ്റവും കൂടുതല്‍ ടീമുകള്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നത് ഇതാദ്യമാണ്. 2014-നുശേഷം ആഫ്രിക്കയില്‍നിന്ന് രണ്ടു ടീമുകള്‍ പ്രീക്വാര്‍ട്ടറിലെത്തുന്നത് ഇതാദ്യമായിരുന്നു. ലോകകപ്പില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചത് മൊറോക്കോയായിരുന്നു. പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും വിജയിച്ചു മുന്നേറിയ ടീമിന്റെ ലോകകപ്പ് യാത്ര അവസാനിച്ചത് സെമി ഫൈനലിലായിരുന്നു. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം എന്ന വിശേഷണവും മൊറോക്കോ സ്വന്തമാക്കി.
ലോകകപ്പിന്റെ 23-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത് മൂന്ന് രാജ്യങ്ങളാണ്. കാനഡ, യു.എസ്.എ., മെക്സിക്കോ തുടങ്ങിയ വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്തമായാണ് 2026-ലെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മൂന്ന് രാജ്യങ്ങള്‍ ആദ്യമായി ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് അടുത്ത ലോകകപ്പിന്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാഞ്ചെസ്റ്റര്‍ സിറ്റിക്ക്
2021-22 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തി മാഞ്ചെസ്റ്റര്‍ സിറ്റി. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ ആവേശപ്പോരാട്ടത്തില്‍, രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ നേടിയാണ് സിറ്റി വിജയം കുറിച്ചത്. ലിവര്‍പൂളുമായിട്ടായിരുന്നു സിറ്റിയുടെ കിരീടമത്സരം. പട്ടികയില്‍ ഒരു പോയിന്റ് വ്യത്യാസത്തിലായിരുന്നു ലിവര്‍പൂള്‍. വില്ലയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചതോടെ സിറ്റിയുടെ പോയിന്റ് 93 ആയി. ഒന്നിനെതിരേ, മൂന്ന് ഗോളുകള്‍ക്ക് വൂള്‍വ്സിനെ തോല്‍പ്പിച്ചെങ്കിലും ലിവര്‍പൂളിന് 92 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ആറാം പ്രീമിയര്‍ ലീഗ് കിരീടനേട്ടമാണിത്.
സീസണിലെ ടോപ് ഗോള്‍ സ്‌കോററെന്ന നേട്ടം ലിവര്‍പൂളിന്റെ മുഹമ്മദ് സാലയും ടോട്ടന്‍ഹാമിന്റെ സണ്‍ ഹ്യൂ മിനും (23 ഗോളുകള്‍) ചേര്‍ന്ന് പങ്കിട്ടു. മികച്ച ഗോള്‍കീപ്പര്‍ പട്ടം ലിവര്‍പൂളിന്റെ അലിസണും മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എഡേര്‍സണും പങ്കിട്ടു.
ചാമ്പ്യന്‍സ് ലീഗ് റയലിന്
2021-22 സീസണിലെ യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബായ റയല്‍ മഡ്രിഡ് സ്വന്തമാക്കി. റയലിന്റെ പതിന്നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഫൈനലില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ കീഴടക്കിയത്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറാണ് വിജയഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടനേട്ടമുള്ള ടീമും റയലാണ്.
അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് സ്പെയിനിന്
അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയിന്‍ വീണ്ടും ജേതാക്കളായി. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ്, സ്പാനിഷ് വനിതകള്‍ രണ്ടാംകിരീടമുയര്‍ത്തിയത്. ഇന്ത്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. 2020-ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ടൂര്‍ണമെന്റ് കോവിഡിനെത്തുടര്‍ന്ന് രണ്ടുതവണ നീട്ടിവെച്ചിരുന്നു.
സന്തോഷ് ട്രോഫിയില്‍ കേരളം
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഏഴാംകിരീടമുയര്‍ത്തി കേരളം. ബംഗാളായിരുന്നു ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു കേരളത്തിന്റെ വിജയം. ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി മത്സരം സമനിലയിലെത്തിച്ചു. തുടര്‍ന്ന്, നിശ്ചിതസമയത്തിലേക്കും അധികസമയത്തിലേക്കും മത്സരം നീണ്ടു. ഷൂട്ടൗട്ടില്‍ നാലിനെതിരേ, അഞ്ച് ഗോളുകള്‍ക്കാണ് ബംഗാളിനെ കീഴടക്കിയത്. ഇത് നാലാംതവണയാണ് കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. നാലുതവണയും കിരീടജേതാക്കളെ നിര്‍ണയിച്ചതും ഷൂട്ടൗട്ടിലൂടെയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായത് കേരളത്തിന്റെ ക്യാപ്റ്റന്‍ ജിജോ ജോസഫായിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്, ജെസിന്‍ ടി.കെ. (ഒന്‍പത് ഗോള്‍).
ഫൈനലിസിമയില്‍ അര്‍ജന്റീന
കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോകപ്പ് ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടമായ ഫൈനലിസിമയില്‍ അര്‍ജന്റീന ജേതാക്കളായി. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. 29 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫൈനലിസിമ നടക്കുന്നത്. 1985-ലും 1993-ലും ആണ് ഫൈനലിസിമ അവസാനമായി നടന്നത്. ആദ്യ ചാമ്പ്യന്മാരായത് ഫ്രാന്‍സാണ്. 1993-ല്‍ അര്‍ജന്റീന ജേതാക്കളായി. അര്‍ജന്റീനയുടെ രണ്ടാം ഫൈനലിസിമാ കിരീടമാണിത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ നാലാമത്
ലോകത്തിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ കോമണ്‍വെല്‍ത്ത് ഗെയിംസിന് സാക്ഷ്യംവഹിച്ച വര്‍ഷംകൂടിയായിരുന്നു, 2022. ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ 11 ദിവസങ്ങളിലായി 72 രാജ്യങ്ങള്‍ പങ്കെടുത്ത ഗെയിംസില്‍ ഓസ്ട്രേലിയയാണ് ജേതാക്കളായത്.
67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലവുമുള്‍പ്പെടെ 178 മെഡലുകളാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 57 സ്വര്‍ണവും 66 വെള്ളിയും 53 വെങ്കലവുമടക്കം 176 മെഡലുകളും നേടി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായി ഇന്ത്യ നാലാംസ്ഥാനം കരസ്ഥമാക്കി. ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ഭാരോദ്വഹനം, ഗുസ്തി തുടങ്ങിയ കായികയിനങ്ങളിലെല്ലാം ഇന്ത്യ ആധിപത്യം നിലനിര്‍ത്തി. ഇത്തവണയും ഗുസ്തിയിലാണ് ഇന്ത്യ ഏറ്റവുമധികം മെഡലുകള്‍ വാരിക്കൂട്ടിയത്.
പുരുഷവിഭാഗത്തില്‍ ബജ്റംഗ് പൂനിയ, രവികുമാര്‍, നവീന്‍ എന്നിവര്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. വനിതാവിഭാഗത്തില്‍ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഗുസ്തിയില്‍മാത്രം 12 മെഡലുകള്‍ ഇന്ത്യ വാരിക്കൂട്ടി.
ഭാരോദ്വഹനത്തില്‍ ഇന്ത്യ വീണ്ടും ശക്തികാട്ടി. 10 മെഡലുകളാണ് ഈ ഇനത്തില്‍ ഇന്ത്യ നേടിയെടുത്തത്. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും ഇന്ത്യ കൈയടക്കി. 49 കിലോ വിഭാഗത്തില്‍ മീരാബായ് ചാനു സ്വര്‍ണം നേടി. വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ ഏക സ്വര്‍ണവും ഇതാണ്. ബിന്ദ്യാറാണി ദേവിയുടെ വെള്ളിയും ഹര്‍ജിന്ദര്‍ കൗറിന്റെ വെങ്കലവുമാണ് ഈ വിഭാഗത്തിലെ മറ്റ് മെഡല്‍നേട്ടങ്ങള്‍. പുരുഷവിഭാഗത്തില്‍ മിസോറത്തില്‍നിന്നുള്ള ജെറെമി ലാല്‍റിന്‍നുങ്കയും അചിന്ത ഷിയൂലിയും സ്വര്‍ണം നേടി. മികച്ച പ്രകടനം നടത്തി മുന്നേറിയ സങ്കേത് സര്‍ഗറിന്റെ അപ്രതീക്ഷിത പരിക്ക് മറ്റൊരു സ്വര്‍ണമെഡല്‍ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. സര്‍ഗറിന് വെള്ളിമെഡല്‍ നേടാനേ സാധിച്ചുള്ളൂ. ഗുരുരാജ പൂജാരി, ലവ്പ്രീത് സിങ്, ഗുര്‍ദാപ് സിങ് എന്നിവര്‍ വെങ്കലം നേടി.
ബാഡ്മിന്റണില്‍ ആറ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. സിംഗിള്‍സില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും സ്വര്‍ണം കരസ്ഥമാക്കാന്‍ കഴിഞ്ഞത്, കോമണ്‍വെല്‍ത്തിലെ വലിയ നേട്ടങ്ങളിലൊന്നായി. രണ്ടുതവണകളിലായി ഒളിമ്പിക് മെഡലുകള്‍ നേടി ഇന്ത്യയുടെ അഭിമാനമായ പി.വി. സിന്ധുവാണ് വനിതാവിഭാഗത്തില്‍ സ്വര്‍ണനേട്ടം കൈവരിച്ചത്. പുരുഷവിഭാഗം സിംഗിള്‍സില്‍ ലക്ഷ്യാസെന്‍ ആണ് സ്വര്‍ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്തില്‍ താരത്തിന്റെ ആദ്യ മെഡല്‍നേട്ടംകൂടിയാണിത്. പുരുഷന്മാരുടെ ഡബിള്‍സില്‍ സാത്വിക് സായ്രാജ-ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണമെഡല്‍ നേടിയപ്പോള്‍, വനിതാവിഭാഗത്തില്‍ ട്രീസ-ജോളി-ഗായത്രി സഖ്യത്തിന് വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ.
ടേബിള്‍ ടെന്നീസാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു വിഭാഗം. അഞ്ച് മെഡലുകളാണ് ടേബിള്‍ ടെന്നീസില്‍ നേടിയെടുത്തത്. ശരത് കമല്‍ അജന്ത എന്ന നായകനുകീഴില്‍ സ്വര്‍ണമെഡല്‍ വെട്ടിപ്പിടിച്ചു. പുരുഷസിംഗിള്‍സില്‍ സത്തിയന്‍ ജ്ഞാനശേഖരന്‍ വെങ്കലം നേടി. എന്നാല്‍, വനിതാവിഭാഗത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തി.
ബോക്‌സിങ് വിഭാഗത്തില്‍ എക്കാലത്തെയുംപോലെ ഇന്ത്യ തിളങ്ങുന്ന കാഴ്ചതന്നെയായിരുന്നു. മുന്‍കാലങ്ങളിലെ പ്രകടനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, അല്പം താഴെയാണെങ്കിലും ഏഴ് മെഡലുകള്‍ നേടാന്‍ പറ്റി. മൂന്നുവീതം സ്വര്‍ണവും വെങ്കലവും ഒരു വെള്ളിയും. അമിത് പംഗല്‍, നീതു ഘന്‍ഘാസ്, നിഖാത് സരിന്‍ എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
കായികപ്രേമികള്‍ അധികം കേള്‍ക്കാത്ത ഒരു കായികയിനംകൂടി ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ടായിരുന്നു, ലോണ്‍ ബോള്‍. യൂറോപ്പാണ് ഈ ഗെയിമിന്റെ ആസ്ഥാനം. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ചരിത്രനേട്ടമാണ് ഇന്ത്യ കൈവരിച്ചത്. ലവ്ലി ചൗബേ, രൂപ റാണി ടിര്‍ക്കി, നയന്‍മോണി സൈകിയ, പിങ്കി എന്നിവരടങ്ങുന്ന വനിതാസഖ്യം ന്യൂസീലന്‍ഡിനെ തകര്‍ത്ത് സ്വര്‍ണപ്പതക്കമേന്തി. പുരുഷടീം വെള്ളിയണിഞ്ഞാണ് മടങ്ങിയത്. ചന്ദന്‍കുമാര്‍ സിങ്, ദിനേശ് കുമാര്‍, നവനീത് സിങ്, സുനില്‍ ബഹാദുര്‍ സഖ്യമാണ്, ഇന്ത്യക്ക് വെള്ളിത്തിളക്കമേകിയത്.
അത്ലറ്റിക്‌സിലും ചരിത്രനേട്ടം കൈവരിക്കാന്‍ ഇന്ത്യക്കായി. പുരുഷന്മാരുടെ 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെള്ളി നേടി അവിനാശ് മുകുന്ദ് സാബ്ലെ താരമായി. 8: 11.20 മിനിറ്റിലാണ് താരം മത്സരം പൂര്‍ത്തിയാക്കി റെക്കോഡ് സൃഷ്ടിച്ചത്. കെനിയയുടെ കുത്തകയായ ഈ ഇനത്തില്‍ ആദ്യമായാണ്, ഒരു ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്. അത്ലറ്റിക്‌സില്‍ എട്ട് മെഡലുകള്‍ ഇന്ത്യ നേടി. ഒരു സ്വര്‍ണം, നാല് വെള്ളി, മൂന്ന് വെങ്കലമാണ് ഇന്ത്യയുടെ സമ്പാദ്യം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ക്രിക്കറ്റ് മത്സരയിനമായി അവതരിപ്പിച്ചതും ചരിത്രമായി. വനിതാക്രിക്കറ്റാണ് ഉള്‍പ്പെടുത്തിയത്. ട്വന്റി20 ഫോര്‍മാറ്റില്‍ ആകെ എട്ട് ടീമുകള്‍ പങ്കെടുത്തു. മികച്ച പ്രകടനം നടത്തിയ ഇന്ത്യ സെമിയിലെത്തി. സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റ് വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് 2026-ലാണ്. ഓസ്ട്രേലിയയാണ് ഗെയിംസിന് ആതിഥേയത്വം വഹിക്കുക.
ദേശീയ ഗെയിംസ്: സര്‍വീസസ് ജേതാക്കള്‍
36-ാം ദേശീയ ഗെയിംസില്‍ ഇത്തവണയും ജേതാക്കളായത് സര്‍വീസസ്. 61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകളും നേടിയാണ് സര്‍വീസസ് ഒന്നാമതെത്തിയത്. മഹാരാഷ്ട്രയാണ് രണ്ടാമതെത്തിയത്. 23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവുമായി കേരളം ആറാംസ്ഥാനത്തെത്തി. നീന്തലും തുഴച്ചിലുമാണ് കേരളത്തിന്റെ മെഡല്‍നേട്ടത്തില്‍ മുന്‍പന്തിയില്‍.
അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം എട്ട് മെഡലുകള്‍ നീന്തി നേടി സാജന്‍ പ്രകാശ് രണ്ടാംതവണയും ഗെയിംസിലെ മികച്ച പുരുഷതാരമായി. കര്‍ണാടകയുടെ ഹഷിമ രാമചന്ദ്രയാണ് മികച്ച വനിതാതാരമായത്. ഗുജറാത്താണ് ഇത്തവണ ഗെയിംസിന് ആതിഥേയത്വംവഹിച്ചത്.
വിംബിള്‍ഡണ്‍: ജോക്കോവിച്ചും റൈബാക്കിനയും
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടവേട്ട തുടര്‍ന്ന് സെര്‍ബിയക്കാരന്‍ നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ തോല്‍പിച്ചാണ് ജോക്കോവിച്ച് തന്റെ ഏഴാം വിംബിള്‍ഡണ്‍ കിരീടനേട്ടം ആഘോഷിച്ചത്. തുടര്‍ച്ചയായി നാലാംതവണയും.
ജോക്കോവിച്ചിന്റെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണിത്. ഈ നേട്ടത്തോടെ ജോക്കോവിച്ച് റോജര്‍ ഫെഡററെ (20) മറികടന്നു. 22 കിരീടങ്ങളുമായി റാഫേല്‍ നദാല്‍ ആണ് ഇനി ജോക്കോവിച്ചിന്റെ മുന്നിലുള്ളത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് വിജയം വരിച്ചത്. സ്‌കോര്‍: 4-6, 6-3, 6-4, 7-6. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് ഒമ്പത് തവണ ചാമ്പ്യനായിട്ടുണ്ട്.
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ കിരീടനേട്ടത്തോടെ ചരിത്രം കുറിച്ച് കസാഖിസ്താന്റെ എലെന റൈബാക്കിന. ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്താണ് റൈബാക്കിന ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയത്. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖിസ്താന്‍ താരമെന്ന വിശേഷണവും റൈബാക്കിനയ്ക്ക് ചാര്‍ത്തിക്കിട്ടി. രണ്ട് സെറ്റ് പോരാട്ടത്തിന്റെ സ്‌കോര്‍ 6-3, 6-2 എന്നിങ്ങനെയാണ്. ദക്ഷിണാഫ്രിക്കയുടെ സാന്ദ്ര റെയ്നോള്‍ഡ്സിനുശേഷം (1960) വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ താരമെന്ന ബഹുമതിയോടെയാണ് ജാബിയൂര്‍ മടങ്ങിയത്.
യു.എസ്. ഓപ്പണില്‍ കാര്‍ലോസ് അല്‍കാരാസ്
യു. എസ്. ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിന്‍ താരം കാര്‍ലോസ് അല്‍കാരസിന്. നോര്‍വേയുടെ കാസ്പര്‍ റൂഡിനെയാണ് പരാജയപ്പെടുത്തിയത്. അല്‍കാരസിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം കൂടിയാണിത്. പുരുഷ ടെന്നീസില്‍ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പത്തൊന്‍പതുകാരനായ അല്‍കാരസ് തന്റെ പേരിലാക്കി. ഓസ്ട്രേലിയക്കാരനായ ലെയ്ട്ടന്‍ ആയിരുന്നു ഇതുവരെ റെക്കോര്‍ഡിനുടമയായിരുന്നത്. നാല് സെറ്റ് നീണ്ട ഫൈനലിന്റെ സ്‌കോര്‍: 6-4, 2-6, 7-6, 6-3.
വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗാ സ്വിയാടെക് കിരീടം ചൂടി. ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ പരാജയപ്പെടുത്തിയാണ് സ്വിയാടെക് നേട്ടം കൈവരിച്ചത്. സ്‌കോര്‍: 6-2, 7-6. രണ്ട് ഫ്രഞ്ച് ഓപ്പണ്‍ അടക്കം സ്വിയാടെക്കിന്റെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണിത്. യു.എസ്. ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ പോളിഷ് വനിതയെന്ന നേട്ടവും ഈ 21-കാരി എഴുതിച്ചേര്‍ത്തു. സെറീന വില്യംസിനുശേഷം ഒരേവര്‍ഷം ഫ്രഞ്ച് ഓപ്പണ്‍, യു.എസ്. ഓപ്പണ്‍ കിരീടങ്ങള്‍ നേടുന്ന വനിതാതാരം എന്ന നേട്ടവും സ്വിയാടെക്കിനാണ്.
ഓസ്ട്രേലിയന്‍ ഓപ്പണില്‍ നദാലും ആഷ്ലിയും
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷവിഭാഗത്തില്‍ ചാമ്പ്യനായി റാഫേല്‍ നദാല്‍. റഷ്യന്‍താരം ഡാനില്‍ മെദ്വദേവായിരുന്നു എതിരാളി. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തോടെ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന റെക്കോഡ് ഈ സ്പാനിഷ് താരം സ്വന്തമാക്കി. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു നദാലിന്റെ അവിശ്വസനീയമായി തിരിച്ചുവരവ്. സ്‌കോര്‍: 2-6, 6-7, 6-4, 6-4, 7-5.
വനിതാ സിംഗിള്‍സ് കിരീടം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിക്ക്. താരത്തിന്റെ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 44 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യനാകുന്ന ഓസ്ട്രേലിയന്‍ വനിതയെന്ന നേട്ടവും ആഷ്ലിക്കാണ്. യു.എസ്. താരം ഡാനിയല്‍ കോളിന്‍സായിരുന്നു ആഷ്ലിയുടെ എതിരാളി.
ഹോക്കി ഏഷ്യാ കപ്പില്‍ ദക്ഷിണ കൊറിയയും ജപ്പാനും
11-ാം ഏഷ്യാകപ്പ് പുരുഷവിഭാഗം ഹോക്കി ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി ദക്ഷിണകൊറിയ. ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊറിയ കപ്പുയര്‍ത്തിയത്. ഏഷ്യാകപ്പില്‍ കൊറിയയുടെ അഞ്ചാം കിരീടനേട്ടമാണിത്. ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യയാണ്. ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാമതെത്തിയത്. രാജ്കുമാര്‍ പാല്‍ ആണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇന്‍ഡൊനീഷ്യയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്.ഏഷ്യാകപ്പ് വനിതാ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായത് ജപ്പാനാണ്. ദക്ഷിണകൊറിയയ്‌ക്കെതിരായ ഫൈനലില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ജപ്പാന്റെ ജയം. മൂന്നാംസ്ഥാനത്തിനായുള്ള മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഷര്‍മിളാ ദേവിയും ഗുര്‍ജിത് കൗറുമാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇത്തവണ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത് ഒമാന്‍ ആയിരുന്നു.
വനിതാ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്
15-ാമത് വനിതാ ലോകകപ്പ് ഹോക്കിയില്‍ നെതര്‍ലന്‍ഡ്സ് കിരീടം ചൂടി. ഫൈനലില്‍ അര്‍ജന്റീനയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നെതര്‍ലന്‍ഡ്സിന്റെ കിരീടനേട്ടം. ആറ് പോയിന്റ് നേടി ഒമ്പതാംസ്ഥാനത്തെത്താനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ.
വിടവാങ്ങലുകള്‍
റോജര്‍ ഫെഡറര്‍
ടെന്നീസ് ലോകത്തെ ഇതിഹാസമായ റോജര്‍ ഫെഡററുടെ വിടവാങ്ങല്‍ ഒരു സുവര്‍ണകാലത്തിന്റെ നഷ്ടം ഓര്‍മപ്പെടുത്തുന്നു. സെപ്റ്റംബര്‍ 23-ന് ലേവര്‍കപ്പില്‍ തന്റെ എക്കാലത്തേയും എതിരാളിയായ റാഫേല്‍ നദാലുമൊന്നിച്ച് ഡബിള്‍സ് കളിച്ചാണ് ഫെഡറര്‍ 24 വര്‍ഷത്തെ കരിയറിന് അന്ത്യംകുറിച്ചത്.
1981 ഓഗസ്റ്റ് എട്ടിന് സ്വിറ്റ്സര്‍ലന്‍ഡിലെ ബേസലിലാണ് ഫെഡറര്‍ ജനിച്ചത്. പതിന്നാലാം വയസ്സില്‍ ആദ്യ ജൂനിയര്‍ മത്സരം കളിച്ചു. 1998-ല്‍ സ്വിസ് ഓപ്പണിലൂടെയാണ് ഫെഡറര്‍ സീനിയര്‍ ടെന്നീസ് മത്സരങ്ങളിലേക്ക് പ്രവേശിക്കുന്നത്. 2001-ലെ വിംബിള്‍ഡണിലൂടെയാണ് ഫെഡറര്‍ ലോകത്തിന്റെ ശ്രദ്ധനേടുന്നത്. 2003-ല്‍ താരം ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമുയര്‍ത്തി. പിന്നീടങ്ങോട്ട് ഫെഡററുടെ കാലമായിരുന്നു. 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഫെഡറര്‍ സ്വന്തമാക്കിയത്. ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങളും അഞ്ച് യു.എസ്. ഓപ്പണ്‍ കിരീടങ്ങളും ഫെഡററുടേതായുണ്ട്. വിംബിള്‍ഡണില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയ പുരുഷ സിംഗിള്‍സ് താരം, ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ 100 സിംഗിള്‍സ് വിജയങ്ങള്‍ നേടിയ ആദ്യ താരം, വിംബിള്‍ഡണില്‍ കിരീടം നേടുന്ന പ്രായം കൂടിയ താരം എന്നിങ്ങനെ പോകുന്നു ഫെഡററുടെ നേട്ടങ്ങളും വിശേഷണങ്ങളും. അളന്നുമുറിച്ച ഷോട്ടുകളിലൂടെയും കരുത്താര്‍ന്ന സെര്‍വുകളിലൂടെയും ടെന്നീസിന്റെ സൗന്ദര്യം കാഴ്ചക്കാര്‍ക്ക് പകര്‍ന്നു ഫെഡറര്‍.
സെറീന വില്യംസ്
കാല്‍നൂറ്റാണ്ട് നീണ്ട ടെന്നീസ് കരിയറിന് തിരശ്ശീലയിട്ട് സെറീന വില്യംസ്. സെപ്റ്റംബര്‍ മൂന്നിന് യു.എസ്. ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിന്റെ മൂന്നാം റൗണ്ടില്‍ ഓസ്ട്രേലിയയുടെ ഐല ടോമ്യാനോവിച്ചിനോട് പരാജയപ്പെട്ടതിനുശേഷമാണ് തന്റെ വിരമിക്കലിനെപ്പറ്റി സെറീന വീണ്ടും മനസ്സുതുറന്നത്.
1981-ല്‍ അമേരിക്കയിലെ മിഷിഗണിലാണ് സെറീനയുടെ ജനനം. പിതാവ് റിച്ചാര്‍ഡ് വില്യംസിന്റെ പരിശീലനത്തില്‍ ടെന്നീസ് കളിച്ചുതുടങ്ങിയ സെറീന 1995-ല്‍ ആണ് പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ചത്. ചെറുപ്പത്തില്‍ ചേച്ചി വീനസ് വില്യംസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ സെറീന ഒരുപാട് നിരാശപ്പെട്ടെങ്കിലും കൂടുതല്‍ കരുത്തോടെ കളിച്ച് തന്റേതായ ഇടം നേടിയെടുത്തു. 1999-ല്‍ ആദ്യത്തെ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി. ആ നേട്ടത്തിന്റെ ചുവടുപിടിച്ച് പോരാടിയ സെറീന കരിയറില്‍ 39 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ ഉയര്‍ത്തി. 2017-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസ് വില്യംസിനെ തോല്‍പിച്ച് 23-ാം ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടവും നേടി. വനിതാ സിംഗിള്‍സില്‍ 319 ആഴ്ചക്കാലം ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു സെറീന. ഒരേ കലണ്ടര്‍ വര്‍ഷത്തിലല്ലാതെ തുടരെ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ചു.
മിതാലിരാജ്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസമായ മിതാലി രാജിന്റെ വിരമിക്കലിനും ഈ വര്‍ഷം സാക്ഷിയായി. ജൂണ്‍ എട്ടിനാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുന്ന വാര്‍ത്ത താരം പങ്കുവെച്ചത്. 23 വര്‍ഷം നീണ്ട കരിയറില്‍ 12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും കളിച്ചാണ് താരം പടിയിറങ്ങുന്നത്.
1982-ല്‍ രാജസ്ഥാനില്‍ ജനിച്ച മിതാലി പത്താം വയസ്സില്‍ ബാറ്റുപിടിച്ചു തുടങ്ങി. 1999-ല്‍ പതിനേഴാം വയസ്സിലാണ് മിതാലി അരങ്ങേറ്റം കുറിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ ആ ഏകദിനത്തില്‍ സെഞ്ചുറി നേടി ക്രിക്കറ്റ്ലോകത്തെ ഞെട്ടിച്ചു. 232 ഏകദിനങ്ങളില്‍നിന്ന് 7805 റണ്‍സും 89 ട്വന്റി20കളില്‍നിന്ന് 2364 റണ്‍സും 12 ടെസ്റ്റുകളില്‍നിന്ന് 699 റണ്‍സും താരം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സണെ മറികടന്ന് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന വനിതാ താരമെന്ന നേട്ടം മിതാലിയുടെ പേരിലാണ്. ഏകദിനത്തില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടവും മിതാലിക്ക് സ്വന്തം.
ഇവരെക്കൂടാതെ വനിതാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളറായ ജൂലന്‍ ഗോസ്വാമി, ഓസ്ട്രേലിയന്‍ വനിതാ ടെന്നീസ് താരമായ ആഷ്ലി ബാര്‍ട്ടി, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, അര്‍ജന്റീനന്‍ ഫുട്ബോള്‍ താരമായ കാര്‍ലോസ് ടെവസ് തുടങ്ങിയവരും തങ്ങളുടെ കരിയറിന് വിരാമം കുറിച്ചു.
പുരസ്‌കാരങ്ങള്‍
ഖേല്‍രത്ന അജന്ത ശരത് കമലിന് പ്രണോയിക്കും എല്‍ദോസ് പോളിനും അര്‍ജുന
ഈ വര്‍ഷത്തെ ദേശീയ കായികപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടികയില്‍ രണ്ട് മലയാളികളും ഇടംനേടി. ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്, അത്ലറ്റ് എല്‍ദോസ് പോള്‍ എന്നിവരാണ് 25 പേരടങ്ങുന്ന അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ചത്. ധ്യാന്‍ ചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന് അര്‍ഹനായത് ടേബിള്‍ ടെന്നീസ് താരം അജന്ത ശരത് കമല്‍ ആണ്. ബര്‍മിങാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം നാല് മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.
ദ്രോണാചാര്യ പുരസ്‌കാരം: ജിവന്‍ജോത് സിങ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമര്‍ (ബോക്സിങ്), സുമ സിദ്ധാര്‍ഥ് ഷിരൂര്‍ (പാരാ ഷൂട്ടിങ്), സുജീത് മാന്‍ (ഗുസ്തി). ലൈഫ്ടൈം അച്ചീവ്മെന്റ്: ദിനേശ് ജവഹര്‍ ലാഡ് (ക്രിക്കറ്റ്), ബിമല്‍ പ്രഫുല്ല ഘോഷ് (ഫുട്ബോള്‍), രാജ് സിങ് (ഗുസ്തി).
ബാലണ്‍ദ്യോര്‍ ബെന്‍സേമയ്ക്ക്
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കരീം ബെന്‍സേമയ്ക്കാണ് ഇത്തവണത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം. ഫ്രഞ്ച് ടീമിന്റെ സ്ട്രൈക്കറായ ബെന്‍സേമ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലാണ് കളിക്കുന്നത്. താരത്തിന്റെ ആദ്യ ബാലണ്‍ദ്യോര്‍ നേട്ടമാണിത്. ഒപ്പം പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരം കൂടിയാണ് ബെന്‍സേമ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എര്‍ലിങ് ഹാളണ്ട്, മുഹമ്മദ് സാല, സാദിയോ മാനെ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സേമ പുരസ്‌കാരം നേടിയത്. ചാമ്പ്യന്‍സ് ലീഗ്, ലാലിഗ കിരീടങ്ങള്‍ റയലിന് നേടിക്കൊടുക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്സലോണയുടെ അലക്സിയ പ്യൂട്ടെല്ലാസിന് ലഭിച്ചു.
വിയോഗം
ഷെയ്ന്‍ വോണ്‍
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണം ക്രിക്കറ്റ്ലോകത്തിന് വലിയ ഞെട്ടലായിരുന്നു. മാര്‍ച്ച് നാലിന് തായ്ലന്‍ഡിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ മുന്‍നിരയിലുള്ള വോണ്‍ 1992-ല്‍ ആണ് അരങ്ങേറ്റം കുറിക്കുന്നത്. 2007-ലെ ആഷസ് പരമ്പര വിജയത്തോടെയാണ് വോണ്‍ 15 വര്‍ഷം നീണ്ട കരിയറിന് അന്ത്യം കുറിച്ചത്. 145 ടെസ്റ്റുകളില്‍നിന്ന് 709 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും 73 ട്വന്റി20കളില്‍നിന്ന് 70 വിക്കറ്റും വോണ്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം, അഞ്ച് തവണ ഓസ്ട്രേലിയയെ ആഷസ് പരമ്പര നേടുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച താരം എന്നീ നേട്ടങ്ങളും താരത്തിന്റെ പേരിലുണ്ട്.
സൈമണ്ട്സ്
മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായ ആന്‍ഡ്രൂ സൈമണ്ട്സിന്റെ മരണവും ക്രിക്കറ്റ്ലോകത്തിന് അപ്രതീക്ഷിത വാര്‍ത്തയായി. മേയ് 14-ന് കാറപകടത്തിലായിരുന്നു താരത്തിന്റെ മരണം. ഓസ്ട്രേലിയയ്ക്കായി സൈമണ്ട്സ് 198 ഏകദിനങ്ങളും 26 ടെസ്റ്റുകളും 14 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2003, 2007 വര്‍ഷങ്ങളിലെ ലോകകപ്പുകളില്‍ ടീമിന് കിരീടം നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 1998-ല്‍ പാകിസ്താനെതിരേയായിരുന്നു സൈമണ്ട്സിന്റെ ഏകദിന അരങ്ങേറ്റം.
Content Highlights: 2022: A year of many firsts for Indian sports
Published: 27 Dec 2022, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented