
ഒന്നു ചില്ലാവാന്‍ ചുരം കയറി എത്തിയിരുന്ന സഞ്ചാരികള്‍ എവിടെപ്പോയെന്ന് ചോദിക്കുകയാണ് വയനാട്. മനോഹരമായ ഭൂപ്രകൃതികൊണ്ട് ലോകത്തെയാകെ വിരുന്നുവിളിച്ച, എല്ലാവരേയും സംതൃപ്തരാക്കി മടക്കിയ ആ നാട് ഇന്ന് നിരാശയിലാണ്. താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളുടെ നിലയ്ക്കാത്ത നിരയില്ല. നാലാം വളവിലും ഒന്‍പതാം വളവിലും കോടമഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികളില്ല. ലക്കിടിയിലെ വലിയ കമാനത്തിലൂടെ ഇപ്പോള്‍ വിനോദസഞ്ചാരികള്‍ അധികമെത്തുന്നുമില്ല. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷം മരവിപ്പിലാണ് വയനാടിന്റെ ടൂറിസം മേഖല. വയനാട് സുരക്ഷിതമല്ലെന്ന പ്രചാരണങ്ങളില്‍പ്പെട്ട് ഇല്ലാതായത് കാര്‍ഷിക മേഖലയിലെ തളര്‍ച്ചയില്‍നിന്ന് വിനോദസഞ്ചാര മേഖലയുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന അനേകായിരം മനുഷ്യരുടെ ഉപജീവനമാണ്. പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ പതിമടങ്ങ് ആത്മവിശ്വാസത്തോടെ വയനാട് വിരുന്ന് വിളിക്കുകയാണ്, സഞ്ചാരികളേ ഇവിടെ വരൂ... ഞങ്ങള്‍ കാത്തിപ്പുണ്ട്.
താമരശ്ശേരി ചുരത്തിലെ കട്ടനും തണുത്ത കാറ്റും
അടിവാരം കടന്ന് ചുരം കയറി തുടങ്ങിയാല്‍ നാലാം വളവില്‍ മിക്ക സഞ്ചാരികളും വണ്ടിയൊന്ന് നിര്‍ത്തും. കട്ടനും കാടമുട്ടയും ഉപ്പിലിട്ടതും കഴിച്ച് അല്‍പ്പം വിശ്രമിച്ച് ഇഷ്ടം പോലെ ഫോട്ടോയെടുത്ത് വീണ്ടും യാത്ര തുടരും. വെറുതെ ഒരു നേരംപോക്കിന് നാലാം വളവില്‍ ചെന്ന് ചായ കുടിച്ച് സൊറ പറഞ്ഞിരിക്കാന്‍ വേണ്ടി മാത്രം എത്തിയിരുന്നവരുമുണ്ടായിരുന്നു ഏറെ. തണുപ്പില്‍ ചൂടുചായ തേടി എത്തിയിരുന്ന ഒരാളെപ്പോലും നിരശാരാക്കാതെ പുലര്‍ച്ചെ മൂന്നര മുതല്‍ രാത്രി 11 മണി വരെ കട തുറന്നിട്ടിരുന്നു ഇവിടുത്തെ കച്ചവടക്കാര്‍. എല്ലാം മാറിമറിഞ്ഞത് ഉരുള്‍പൊട്ടലോടെയാണ്. സഞ്ചാരികളുടെ വരവ് ഏറെക്കുറെ നിലച്ചു.
ഓണക്കാലത്ത് കൂടുതല്‍ പേരെത്തുമെന്ന് കരുതി രുചിക്കൂട്ടുകള്‍ ഒരുക്കി കാത്തിരുന്നെങ്കിലും അധികമാരും വന്നില്ല. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ എത്തിയ ആളുകളുടെ കാല്‍ഭാഗം പോലും ഇക്കുറി വന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പൊടിപൊടിച്ചിരുന്ന കച്ചവടം കടുത്ത നഷ്ടത്തിലായി. ചില്ലുകൂട്ടില്‍ കാടമുട്ടയും ഗ്രീന്‍പീസ് മസാലയുമുണ്ട്. മഞ്ഞും തണുത്ത കാറ്റുമായി പ്രകൃതിയും. ധൈര്യമായി വേഗം പോന്നോളൂ എന്നാണ് മടിച്ചിരിക്കുന്ന ഓരോ സഞ്ചാരിയോടും ഈ കച്ചവടക്കാര്‍ക്ക് പറയാനുള്ളത്.
വിജനമായ പൂക്കോട് തടാകം
വയനാട് ജില്ലയില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളിലൊന്നാണ് പൂക്കോട് തടാകം. ഓണാവധിയിലും തടാകത്തില്‍ തിരക്കില്ല. കഴിഞ്ഞ സീസണില്‍ ഒരു ദിവസം 4000 മുതല്‍ 5000 വരെ ആളുകള്‍ ബോട്ടിങ്ങിനെത്തിയ പൂക്കോട് ഈ സീസണില്‍ എത്തിയത് 1500 മുതല്‍ 1600 വരെ ആളുകളാണെന്നാണ് കണക്ക്. ഓണത്തോടടുപ്പിച്ച് ഒരു ദിവസം 2000 ആളുകളെത്തി. ബോട്ടുകളില്‍ കയാറാന്‍ ആളുകള്‍ ക്യൂ നിന്നിടത്ത് ബോട്ടുകള്‍ ആളെ കാത്തുകിടപ്പാണ്. ഈ സ്ഥിതി മാറിയില്ലെങ്കില്‍ പട്ടിണിയാവുമെന്ന് പൂക്കോട് തടാകത്തിനകത്തും പുറത്തും കച്ചവടം ചെയ്ത് ജീവിക്കുന്നവരും പറയുന്നു. നാലു വര്‍ഷമായി ഇവിടെ കച്ചവടം നടത്തുന്ന നന്ദിനിയ്ക്ക് സീസണ്‍ സമയത്ത് പ്രതിദിനം 20,000 രൂപ വരെ വരുമാനം ഉണ്ടായിരുന്നു. ഒരു ദിവസം 200 മുതല്‍ 300 ഗ്ലാസ് വരെ പായസവും വിറ്റുപോയിരുന്നു. ഈ സീസണില്‍ പായസക്കച്ചവടം തന്നെ വേണ്ടെന്ന് വെച്ചു. ഉപ്പിലിട്ടത് വിറ്റാല്‍ ഒരു ദിവസം കിട്ടുക 2000 രൂപയോളം മാത്രം. മാസം 15,000 രൂപ വാടക കൊടുക്കണം കടയ്ക്ക്. വിനോദസഞ്ചാരികള്‍ എത്താത്തതില്‍ കടുത്ത ആശങ്കയിലാണ് നന്ദിനിയെ പോലുള്ള ചെറുകിട കച്ചവടക്കാര്‍.

കോവിഡ് കാലത്തേക്കാള്‍ വലിയ പ്രതിസന്ധി
ലോകം മുഴുവന്‍ ഒരു പോലെ പടര്‍ന്നുപിടിച്ച കോവിഡ് കാലം പോലും ഇത്ര പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലെന്നാണ് കച്ചവടക്കാരനായ ഇല്യാസ് പറയുന്നത്. കോവിഡിനുശേഷം വളരെ പെട്ടെന്ന് ആളുകള്‍ സേഫ് ഡെസ്റ്റിനേഷനായി കണ്ട് വയനാട്ടിലേക്ക് എത്തിയിരുന്നു. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയെ കൂട്ടായ പരിശ്രമത്തിലൂടെ മറികടക്കാന്‍ കഴിഞ്ഞു. പക്ഷേ, , ഈ ദുരന്തത്തില്‍ വയനാട് തനിച്ചായിപ്പോയിയെന്ന് ഇല്യാസ് പറയുന്നു.
ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പട്ടിണിയിലേക്ക് എത്തുന്നു പല കുടുംബങ്ങളും. വയനാടിന്റെ ഒരു കോണിലുണ്ടായ പ്രകൃതിദുരന്തത്തെ വയനാട് ദുരന്തമെന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. മുണ്ടക്കൈ- ചൂരല്‍ മല ദുരന്തം എന്നതിനപ്പുറം വയനാട് ദുരന്തമെന്ന പേര് ലോകമെമ്പാടും പരന്നു. സന്തോഷത്തോടെ വയനാടിന്റെ മണ്ണിലേക്ക് എത്തിയിരുന്ന വിദേശസഞ്ചാരികളും ഇതര സംസ്ഥാന വിനോദസഞ്ചാരികളും വയനാടിനെ ഉപേക്ഷിച്ചു. വയനാട് ഇല്ലെന്നും വയനാട് സുരക്ഷിതമല്ലെന്നുമൊക്കെ ധരിച്ചുവെച്ചിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. 80 ശതമാനം ആളുകളും ടൂറിസത്തില്‍നിന്നുള്ള വരുമാനം കൊണ്ടു ജീവിക്കുന്ന ഈ നാടിന് ഉരുളിനേക്കാള്‍ വലിയ പ്രഹരമാണിതെന്നും ഇതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു സമൂഹവും ഒന്നായി ശ്രമിക്കണമെന്നും ഇല്യാസ് പറയുന്നു.
കഴിഞ്ഞ മാസം വാടക കൊടുത്തിട്ടില്ല. ഓണക്കാലം പ്രതീക്ഷയുടേതായിരുന്നെങ്കിലും ലഭിച്ചത് നിരാശയിലാണ്. ഈ മാസത്തെ വാടകയുടെ കാര്യവും പരുങ്ങലിലായി. വിനോദസഞ്ചാരികളുടെ പറുദീസയെന്ന ഖ്യാതി വയനാട് തിരിച്ചുപിടിച്ചില്ലെങ്കില്‍ ഇവിടുത്തെ മനുഷ്യരുടെ ജീവിതം തന്നെ വഴിമുട്ടിപ്പോകുമെന്നും ഇല്യാസ് പറയുന്നു.
രണ്ടു വര്‍ഷമായി പൂക്കോട് തടാകപരിസരത്ത് ലോട്ടറി വില്‍ക്കുന്ന സാബുവിനും നിരാശയുണ്ട്. അവധി ദിവസങ്ങളില്‍ കാലുകുത്താന്‍ സ്ഥലമില്ലാത്ത വിധം തിരക്കുള്ള പൂക്കോടിന്റെ ഇപ്പോളത്തെ അവസ്ഥ കാണണമെന്ന് സാബു പറയുന്നു. കഴിഞ്ഞ വര്‍ഷം 150 ബംബര്‍ ടിക്കറ്റുകള്‍ വിറ്റ സാബും ഈ വര്‍ഷം വിറ്റത് 30 ടിക്കറ്റാണ്. ഇതാണ് ഉപജീവനമാര്‍ഗം, ടിക്കറ്റെടുക്കാന്‍ എവിടെയും ആളില്ല.

കപ്പലണ്ടിക്കച്ചവടക്കാരന്‍ മുതല്‍ റിസോര്‍ട്ടുടമ വരെ
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ചുരം കയറി സഞ്ചാരികളെത്തുമ്പോള്‍ മറുഭാഗത്തുനിന്ന് കര്‍ണാടക തമിഴ്നാട് അതിര്‍ത്തി കടന്ന് ടൂറിസ്റ്റ് ബസ്സുകളും കാറുകളും സ്വകാര്യവാഹനങ്ങളും ഒഴുകി എത്തിയിരുന്നു വയനാട്ടിലേക്ക്. കേരളത്തില്‍ നടക്കുന്നതെന്തും വലിയ വാര്‍ത്തകളായി സോഷ്യല്‍ മീഡിയകളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലും ഇടം പിടിക്കുമ്പോള്‍ പെട്ടുപോകുന്നത് വയനാട്ടുകാരാണെന്നാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ മാനേജ്മെന്റ് കമ്മിറ്റി അംഗമായ എം.ജെ. സുനില്‍ കുമാര്‍ പറയുന്നത്.
ജൂലായ് മാസത്തില്‍ അത്യാവശ്യം ബുക്കിങ് തുടങ്ങിയ സമയത്താണ് മലപ്പുറത്ത് നിപ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ബുക്കിങ് ക്യാന്‍സലായി തുടങ്ങി. ഉരുളെടുത്തതോടെ എല്ലാം പാടെ നിലച്ചു. ഓണത്തിന് രണ്ട് മാസം മുമ്പ് ബുക്കിങ് വരുകയും മൂന്നാഴ്ച മുമ്പ് ബുക്കിങ് വരികയും ഓണദിവസങ്ങളില്‍ ഫുള്‍ ആവുകയും ചെയ്തിരുന്ന റിസോര്‍ട്ടുകളുടെ ഈ വര്‍ഷത്തെ സ്ഥിതി പരമദയനീയമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ചെറുതും വലുതുമായി മൂവായിരത്തിലധികം റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമുള്ള വയനാട്ടില്‍ ഈ വര്‍ഷം മൂന്ന് ശതമാനം പോലും ബുക്കിങ് ഇല്ലാതിരുന്നെന്നും സുനില്‍ പറയുന്നു.
വയനാട്ടിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വന്നുപോയത് കോഴിക്കോട് മലപ്പുറം ഭാഗത്തുനിന്നുള്ള ആളുകളായതിനാല്‍ റിസോര്‍ട്ടുകാര്‍ക്ക് അത് പ്രയോജനം ഉണ്ടാക്കിയില്ല. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്‍, മെയിന്റനന്‍സ് തുടങ്ങി ആളുവന്നാലും ഇല്ലെങ്കിലും റിസോര്‍ട്ടുകാര്‍ക്ക് ചെലവുണ്ട്. വരുമാനം ഇല്ലാതായതോടെ പലരും ജീവനക്കാരുടെ എണ്ണവും കുറച്ചു. ഒരു മഴ പെയ്താല്‍ പൊട്ടി ഇല്ലാതാവുന്ന സ്ഥലമാണ് വയനായെന്ന പ്രചാരണം കാരണം എത്രയോ ജീവിതങ്ങള്‍ പെരുവഴിയിലാകുന്നുണ്ടെന്ന് സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തന്നെ അനുകൂല പ്രചാരണം നടക്കണമെന്നും ജനങ്ങളുടെ പേടി മാറി ഇങ്ങോട്ടെത്തിയാലെ വയനാടിന് അതിജീവനം സാധ്യമാകൂ.
ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതോടെ വണ്ടി കട്ടപ്പുറത്താണെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ആരെങ്കിലും വരുമോയെന്ന കാത്തിരിപ്പിലാണ് ഓട്ടോ ഡ്രൈവര്‍മാരും. ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ വരാതായതോടെ ഇത്തരം സ്ഥലങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ പലതും അടച്ചിട്ട മട്ടാണ്. ലക്കിടി മുതല്‍ വൈത്തിരി വരെ പല റസ്റ്ററന്റുകളും കരകൗശല വില്‍പനശാലകളും അടച്ചുകഴിഞ്ഞു. രാവിലെ വറുത്ത് കൊണ്ടുവരുന്ന കടലയും പാക് ചെയ്ത പോപ്കോണും വൈകീട്ട് അതേ പോലെ തിരിച്ച് കൊണ്ടുപോകേണ്ടി വരുന്ന ദയനീയാവസ്ഥയെ കുറിച്ച് പറയാനുണ്ട് വഴിയോര കച്ചവടക്കാര്‍ക്കും.

കഴിഞ്ഞ തവണ 1,11,143; ഈ വര്‍ഷം നാലിലൊന്ന്
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വന്യമൃഗശല്യവും മൂലം പതിറ്റാണ്ടുകളായി ദുരിതം പേറുന്ന വയനാട് സാമ്പത്തിക തകര്‍ച്ചയില്‍ പിടിച്ചുനിന്നത് ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനം കൊണ്ടാണ്. വയനാട് ഉരുള്‍പ്പൊട്ടലെന്ന വ്യാപക പ്രചാരണം ഈ മേഖലയെ എത്രമാത്രം തളര്‍ത്തി എന്ന് വ്യക്തമാക്കുന്നതാണ്. വയനാട് ഡിസ്ട്രിക്ട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ (ഡി.ടി.പി.സി.) നിന്നു ലഭ്യമാകുന്ന കണക്കുകള്‍. ഡി.ടി.പി.സി. കേന്ദ്രങ്ങളിലും ബാണാസുര- കാരപ്പുഴ ഡാം പ്രൊജക്ട് കേന്ദ്രങ്ങളലുമായി ആകെ 37,226 പേരാണ് ഇക്കുറി എത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ ഓണാവധിക്ക് 1.11 ലക്ഷം സഞ്ചാരികള്‍ വയനാട്ടിലെത്തിയ സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം 78 ലക്ഷം രൂപ വരുമാനം കിട്ടിയിടത്ത് ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധിയാണ് ബാക്കിയെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കൊപ്പം സഞ്ചാരികളുടെ വലിയ ആകര്‍ഷണ കേന്ദ്രങ്ങളായ ഇക്കോ ടൂറിസം സെന്ററുകള്‍ അടച്ചിട്ടതുംഇങ്ങോട്ട് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടെന്ന് വിമര്‍ശനവും പല കോണുകളില്‍നിന്നു ഉയരുന്നുണ്ട്.
കുറുവ ദ്വീപ്, തോല്‍പെട്ടി വന്യജീവി സങ്കേതം, ബ്രഹ്‌മഗിരി ട്രക്കിങ് കേന്ദ്രം, സൂചിപ്പാറ- മീന്‍മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുനീശ്വരന്‍കുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ അടഞ്ഞുകിടക്കുന്നത്. കേരളത്തില്‍ മറ്റ് ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നിരിക്കുമ്പോള്‍ ഇവിടം മാത്രം അടഞ്ഞുകിടക്കുന്നത് വേനലവധിക്കാലത്ത് തന്നെ ആളുകള്‍ കുറയാന്‍ കാരണമായെന്നും ഈ പ്രതിസന്ധിക്കിടെ ഉരുള്‍പൊട്ടി മൊത്തം തകിടം മറിഞ്ഞെന്നും ടൂറിസ്റ്റ് ഗൈഡുകളും പറയുന്നു.
ടൂറിസം മേഖലയെ വീണ്ടെടുക്കാന്‍ വിനോദ സഞ്ചാര വകുപ്പ് ഇന്‍ഫ്ലുന്‍സര്‍മാരുമായി ചേര്‍ന്ന് ക്യാമ്പയിന്‍ നടത്തുന്നുണ്ടെങ്കിലും ടൂറിസം മേഖലയെ തിരിച്ചുപിടിക്കാന്‍ ഇത് മാത്രം പോരെന്നാണ് ടൂറിസം രംഗത്ത് ഉപജീവനം കണ്ടെത്തുന്നവര്‍ പറയുന്നത്. ഉരുള്‍പ്പൊട്ടലിന് ഇരയായവരുടെ പുനരധിവാസം പൂര്‍ത്തിയായിട്ടും ടൂറിസം മേഖല മരവിച്ചു കിടക്കുകയാണ്. തമിഴ്നാട്, കര്‍ണാടക ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ വയനാടിന് വേണ്ടി ക്യാമ്പയില്‍ നടത്തുകയും വിദേശ സഞ്ചാരികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യണം. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ നടപടി ഉണ്ടാവണം. എങ്കിലേ ഈ മേഖലയില്‍ തിരിച്ചുവരവ് സാധ്യമാകൂ എന്നും ഈ രംഗത്തെ വിദ?ഗ്ദര്‍ പറയുന്നു.
ദുഷ്പ്രചാരങ്ങളില്‍ വയനാട് തളര്‍ന്നപ്പോള്‍ നേട്ടം കൊയ്തത് അയല്‍ സംസ്ഥാനങ്ങളെന്നും വയനാട്ടുകാര്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു വയനാട്ടിലെത്തേണ്ടിയിരുന്ന സഞ്ചാരികള്‍ ഈ തവണ പോയത് കേരളത്തിന്റെ സമീപ പ്രദേശങ്ങളായ ഗുണ്ടല്‍പേട്ട്, കുടക്, മൈസൂരൂ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നുപോലും പ്രതീക്ഷിച്ചപോലെ ആരും എത്തിയില്ലെന്നതു വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ടൂറിസത്തെ ആശ്രയിച്ച് കഴിയുന്നവര്‍ പറയുന്നു.

കാമ്പയിനിന് മികച്ച പ്രതികരണം-മന്ത്രി റിയാസ്
വയനാട് ജില്ല കേരളത്തില്‍ ഏറ്റവും ടൂറിസം പൊട്ടെന്‍ഷ്യല്‍ ഉള്ള സ്ഥലമാണ്. രണ്ടു സംസ്ഥാനങ്ങളുമായും മൂന്ന് ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന കേന്ദ്രമാണ്. വയനാടിന്റെ ഈ സവിശേഷതകള്‍ കൊണ്ടുതന്നെ കോവിഡിനു ശേഷം കേരള ടൂറിസം വകുപ്പ് പ്രത്യേക മാര്‍ക്കറ്റിങ് ക്യാമ്പയിനുകള്‍ വയനാടിനു വേണ്ടി ആരംഭിച്ചിരുന്നു. അതിന്റെ റിസള്‍ട്ട് ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കാണാന്‍ സാധിച്ചു. സഞ്ചാരികളുടെ വരവില്‍ വയനാട് സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചു .
ചൂരല്‍മലയിലുണ്ടായ ദാരുണമായ സംഭവം ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായി. വയനാട് ജില്ലയാകെ അപകടകരമായ സാഹചര്യമാണെന്ന പ്രചാരണം വലിയ തോതില്‍ ദേശീയ മാധ്യമങ്ങളില്‍ വന്നു. ഇത് വയനാടിന്റെ ടൂറിസം സീസണ് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ടൂറിസം വകുപ്പ് പെട്ടെന്നു തന്നെ ഒരു മാസ് കാമ്പയിനുമായി മുന്നോട്ട് വന്നത്. എന്റെ കേരളം എന്നും സുന്ദരം എന്ന ടാഗ് ലൈനോടു കൂടി സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരുടെ സഹായത്തോടെ ജനകീയ കാമ്പയിനു തുടക്കം കുറിച്ചു കഴിഞ്ഞു. വയനാട് ടൂറിസത്തിന് പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കാകെ പുതിയ ഉണര്‍വ് നല്‍കാനാണ് ലക്ഷ്യമാക്കുന്നത്. ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.

പൂജാ അവധിക്കെങ്കിലും വരൂ, ഈ വഴി
മനോഹരമായ മലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഡാമുകളുമടങ്ങിയ, തനതു രുചി വിളമ്പുന്ന ഈ മണ്ണിനെ ഒരു ദുരന്തത്തിന്റെ പേരില്‍ എഴുതിത്തള്ളരുതെന്നാണ് പറയാനുള്ളത്. ദുരന്തമേഖലയിലെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളോടൊപ്പം വയനാട്ടിലെ ടൂറിസം മേഖലയ്ക്കും വേണം ആവോളം പിന്തുണ. കണ്‍നിറയെ കണ്ട് ആസ്വദിക്കാന്‍ ഒഴിവുസമയം ചെലവഴിക്കാന്‍ ഇവിടേക്ക് വരണം. സാമ്പത്തികമായി തളര്‍ച്ച നേരിടുന്ന ജനതയെ കൈപിടിച്ചുയര്‍ത്താന്‍ വിനോദ സഞ്ചാരികളെ മാടി വിളിക്കുകയാണ് വയനാട്.
Content Highlights: wayanad tourism revival world tourism day 2024
Published: 27 Sept 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented