12ാമത് കേരള ട്രാവല്‍ മാര്‍ട്ടിന് കേരളം ആതിഥേയത്വമേകുകയാണ്. കേരളത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒരു ഇവന്റാണ് കേരള ട്രാവല്‍ മാര്‍ട്ട് ബയര്‍ രജിസ്‌ട്രേഷനില്‍ വലിയ റെക്കോര്‍ഡ് ആണ് ഇത്തവണത്തെ ട്രാവല്‍ മാര്‍ട്ടില്‍ ഉണ്ടായിരിക്കുന്നത്

To advertise here,

കോവിഡിന് മുന്‍പ് നടന്ന ട്രാവല്‍ മാര്‍ട്ടിലായിരുന്നു ഇതിന് മുന്‍പ് ഏറ്റവുമധികം ബയര്‍ രജിസ്‌ട്രേഷനുണ്ടായിരുന്നത്. 80-ഓളം രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ബയര്‍മാരുടെ സാന്നിദ്ധ്യം കേരള ട്രാവല്‍ മാര്‍ട്ടിനെ ലോക ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമാക്കുന്നു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് ടൂറിസം മേഖല ജനജീവിതത്തെ സ്പര്‍ശിക്കും വിധം കേരളത്തിലെ ടൂറിസം മേഖലയെ പരുവപ്പെടുത്താന്‍ സര്‍ക്കാരിനും ഈ വ്യവസായ മേഖലക്കും കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക ജനതയെ കൂടി ചേര്‍ത്തുപിടിക്കാന്‍ നമ്മുടെ ടൂറിസം വ്യവസായം സന്നദ്ധമായി എന്നത് ഇത്തരം പദ്ധതികള്‍ വിജയത്തിലെത്തിക്കുന്നതില്‍ ഒരു ഘടകമാണ് .

കേരളമാകെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ വികസനം സാധ്യമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലേക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും അത്മവിശ്വാസത്തോടെ കടന്നുവരാം. കല, സംസ്‌കാരം, പൈതൃകം, പൗരാണിക പെരുമയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, സമ്പന്നമായ കാര്‍ഷിക സംസ്‌കാരം, പരമ്പരാഗത തൊഴില്‍ മേഖല തുടങ്ങി ഏത് മേഖലയിലെയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വൈവിധ്യങ്ങള്‍ കേരളത്തിനുണ്ട്.

സുസ്ഥിരമായ ടൂറിസം വികസനമെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള പദ്ധതികള്‍ക്കാണ് കേരള ടൂറിസം പ്രാധാന്യം നല്‍കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ തകര്‍ന്നുകിടക്കുകയായിരുന്നു നമ്മുടെ ടൂറിസം മേഖല വാക്‌സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങള്‍ ഒരുക്കിയും ബയോബബിള്‍ സംവിധാനത്തിന് രൂപം നല്‍കിയും സുരക്ഷിത ടൂറിസം എന്ന ആശയം കേരളം മുന്നോട്ടുവച്ചു. ആഭ്യന്തര ടൂറിസ്റ്റുകള്‍ ആ ക്യാമ്പയിന്‍ ഏറ്റെടുക്കുകയും ടൂറിസം കേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്തുതുടങ്ങി. 2024ലെ അര്‍ദ്ധപാദ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളം ടൂറിസം മേഖലയില്‍ നടത്തിയ മുന്നേറ്റം നമുക്ക് കാണാനാകും

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 2024-ലെ ആറ് മാസം സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് എത്തിയത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 1.62 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. കോവിഡിന് മുന്‍പത്തേക്കാളും 21.12 ശതമാനത്തിന്റെ വര്‍ദ്ധനവ് കൈവരിക്കാനായി. വിദേശ സഞ്ചാരികളുടെ എണ്ണം പൂര്‍ണ്ണമായും പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. എങ്കിലും, മുന്‍വര്‍ഷത്തേക്കാളും 25 ശതമാനത്തോളം വര്‍ദ്ധനവ് ആദ്യ അര്‍ദ്ധപാദത്തില്‍ തന്നെ ദൃശ്യമായിട്ടുണ്ട്. കോവിഡാനന്തരം ഏറ്റവും കൂടുതല്‍ ഹോട്ടല്‍ ബുക്കിംഗ് നടന്ന ഡെസ്റ്റിനേഷനുകളില്‍ ആദ്യ സ്ഥാനത്തെത്തിയത് കേരളത്തിലെ ഡെസ്റ്റിനേഷനാണ് 

ന്യൂയോര്‍ക്ക് ടൈംസും ടൈം മാഗസീനും പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ലോകത്ത് കണ്ടിരിക്കേണ്ട ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെയും തിരഞ്ഞെടുത്തത് നമുക്കുള്ള ആഗോള അംഗീകാരമാണ്. നിരവധി ദേശീയ -അന്തര്‍ദ്ദേശീയ പുരസ്‌ക്കാരങ്ങള്‍ ഈ ഘട്ടത്തില്‍ കേരളത്തെ തേടിയെത്തി. മികച്ച വെഡിംഗ് ഡെസ്റ്റിനേഷനായി കേരളത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡാനന്തരം ലോക ടൂറിസം മേഖലയിലെ അഭിരുചികള്‍ക്ക് അനുസൃതമായി പുതിയ സ്ട്രാറ്റജികള്‍ നമ്മള്‍ നടപ്പാക്കുകയാണ്. അറിയപ്പെടാത്ത ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള യാത്രയെ നാം പ്രോത്സാഹിപ്പിക്കണം

പുതിയ ടൂറിസം ഡെസ്‌റിനേഷനുകളെ ബോധപൂര്‍വ്വമായി നാം ഉയര്‍ത്തികൊണ്ടുവരണം. എങ്കില്‍ മാത്രമേ വിനോദ സഞ്ചാരികളുടെ തുല്യമായ വിതരണം എല്ലായിടത്തും ഉണ്ടാവുകയുള്ളു. മൈസ് ടൂറിസം - കേരളത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മേഖലയാണ്. ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളിലുള്ള കോണ്‍ഫറന്‍സുകളെയും ഉന്നത മീറ്റിംഗുകളെയും കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കുവാന്‍ കഴിയണം. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലും സമീപജില്ലകളിലും നാം കുറേകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്

കേരളത്തിന്റെ തനതായ സാഹചര്യങ്ങളെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകളെ കൂടി ഫലപ്രദമായി നാം ഉപയോഗപ്പെടുത്തണം. കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടൂറിസം ഇന്‍വെസ്റ്റര്‍സ് മീറ്റ് സംഘടിപ്പിച്ചത്. ടൂറിസം മേഖലയില്‍ നിക്ഷേപത്തിന് സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകളുടെ പറുദീസയാണ് വയനാട്. കോടമഞ്ഞ് മൂടിയ മലനിരകളും വെള്ളച്ചാട്ടങ്ങളും അരുവികളുമൊക്കെയായി സഞ്ചാരികള്‍ക്ക് സ്വര്‍ഗം തീര്‍ക്കുന്നയിടം. കൊവിഡിന് ശേഷമുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് വയനാടിനെ കരകയറ്റിയത് ടൂറിസം മേഖലയാണെന്ന് നിസംശയം പറയാം. നൂറുകണക്കിനാളുകളാണ് വയനാട്ടിലെ ടൂറിസം രംഗത്തെ ചുറ്റിപ്പറ്റി ഉപജീവനം തേടുന്നത്. അതില്‍ തേന്‍ നെല്ലിക്ക വില്‍ക്കുന്നവര്‍ മുതല്‍ റിസോര്‍ട്ട് ഉടമകളും ജീവനക്കാരും വരെയുണ്ട്..

കഴിഞ്ഞ വര്‍ഷത്തെ ഓണാവധിക്ക് മാത്രം 1.1 1 ലക്ഷം സഞ്ചാരികളാണ് വയനാട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയത്. പൂക്കോട് തടാകം, ബാണാസുര സാഗര്‍ ഡാം, തോല്‍പ്പെട്ടി വന്യജീവി സങ്കേതം, സൂചിപ്പാറ-മീന്‍മുട്ടി വെള്ളച്ചാട്ടം, ബ്രഹ്‌മഗിരി ട്രക്കിങ് കേന്ദ്രം, കുറുവദ്വീപ്, ചെമ്പ്ര പീക്ക്, മുനീശ്വരന്‍ കുന്ന് , മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെല്ലാം വയനാടിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. 

നമ്മുടെ നാടിനെ നടുക്കിയ മുണ്ടക്കൈ  - ചൂരല്‍മല ഉരുള്‍പൊട്ടലിന് പിന്നാലെ വയനാട് സുരക്ഷിതമല്ലെന്ന  മട്ടില്‍ വ്യാപകപ്രചാരണം നടക്കുന്നുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. വയനാട്ടിലെ മറ്റ് മേഖലകളെല്ലാം സുരക്ഷിതമാണെന്ന് മാത്രമല്ല, സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ തയാറായി നില്‍ക്കുകയാണ്. ഉരുള്‍പൊട്ടലിന് ഇരയായവരുടെ പുനരധിവാസം  ഉറപ്പാക്കിക്കഴിഞ്ഞു. ഇനി വേണ്ടത് വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകുകയും കൈ പിടിച്ച് കയറ്റുകയുമാണ്.. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ളത് വയനാട്ടിലാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തിയിരുന്ന ഇടം. കോവിഡിന് ശേഷം സര്‍ക്കാര്‍ നടത്തിയ ക്യാമ്പയ്‌നുകള്‍ ഫലം കണ്ടുതുടങ്ങിയിരുന്നു . കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ടൂറിസ്റ്റുകളുടെ വരവില്‍ വയനാട്ടില്‍ സര്‍വകാല റെക്കോഡാണ് ഉണ്ടായത്.

ഇന്നിപ്പോള്‍ സമാന സാഹചര്യമാണ്. അതുകൊണ്ടുതന്നെയാ എന്റെ കേരളം എന്നും സുന്ദരം എന്ന പേരില്‍ പ്രത്യേക പ്രചാരണ പരിപാടി ടൂറിസം വകുപ്പ് തുടങ്ങിയത്. വയനാട് ടൂറിസത്തിനാണ് പ്രഥമ പരിഗണന . അതോടൊപ്പം കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്കാകെ പുതിയ ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.