യാതൊരു പ്രതീക്ഷയുമില്ലാതെ എത്തിപ്പെടുന്ന ചിലയിടങ്ങൾ നമ്മെ വല്ലാതെ കീഴ്പ്പെടുത്തിക്കളയും. വരാനിരിക്കുന്ന കാലമത്രയും ഓർത്ത് വെയ്ക്കാൻ പാകത്തിന് കൂടെ ഇറങ്ങിപ്പോന്ന ഇടങ്ങൾ. കേവലമൊരു ഫ്രെയിമിലേക്കോ എഴുത്തിലേക്കോ ഒതുങ്ങാത്ത ഇടങ്ങൾ....അലങ്കാരവത്കരണത്തിന്റെ കൃത്രിമത്വങ്ങളില്ലാതെ പ്രകൃതി പച്ചപ്പണിയിച്ച അങ്ങനൊരിടമുണ്ടെനിക്ക് വയനാട്ടിൽ. കുന്നുകയറി, മേഘങ്ങളെ തൊട്ട്, കോടമഞ്ഞിലൂളിയിട്ട്, കാറ്റേറ്റ് തണുപ്പേറ്റ് പോകാനൊരിടം....വയനാടിന്റെ വാഗമൺ എന്നറിയപ്പെടുന്ന മുനീശ്വരൻ കുന്ന്. എന്റെ വയനാടൻ പൊന്മുടി! 

To advertise here,

നട്ടുച്ചയ്ക്ക് മലകയറാൻ പോവാൻ തനിക്കെന്താടോ വട്ടാണോ എന്ന ചോദ്യത്തിന് പതിവ് പുച്ഛച്ചിരിയായിരുന്നു അവന്റെ മറുപടി. കാര്യം വയനാട്ടിലേക്കാണ് വിവാഹം കഴിഞ്ഞെത്തിയതെങ്കിലും ആ ജില്ലയിലെ നാലിലൊന്ന് സ്ഥലം പോലും ഞാൻ കണ്ടിരുന്നില്ല. കുന്നോ മലയോ മഴയോ വെയിലോ എന്തെങ്കിലുമായിക്കോട്ടെ യാത്രയല്ലേ...പോയേക്കാമെന്ന ഭാവത്തിൽ ഞാനുമിരുന്നു. വയനാടിന് പുറത്തുള്ളൊരാൾക്ക് ആ കാറ്റ് പോലും പ്രിയപ്പെട്ടതാണല്ലോ...

തലപ്പുഴയോടടുക്കും തോറും വെട്ടിയൊതുക്കി നിർത്തിയ തേയിലത്തോട്ടങ്ങളുടെ നീളം കൂടി വന്നു. എങ്ങോട്ട് നോക്കിയാലും പച്ചപ്പ് മാത്രം. ചാറ്റൽ മഴയ്ക്കിടയിലും ഇടയ്ക്ക് തലനീട്ടുന്ന വെയിലിലായിരുന്നു പ്രതീക്ഷ. മഴകൊണ്ട് മലകയറാനൊരു മടി. തലപ്പുഴയിൽ നിന്ന് മൂന്ന് കിലോമീറ്ററോളം ഓടിക്കാണണം, മുനീശ്വരൻ കോവിലെന്ന വലിയൊരു കവാടം. അതിനപ്പുറം നീണ്ടു കിടക്കുന്ന വീതികുറഞ്ഞ റോഡ്. കഷ്ടിച്ച് 200 മീറ്റർകൂടി മുന്നോട്ട് പോയാൽ വലതുവശത്തായി വണ്ടികൾ നിർത്തുന്ന ഇടം. രണ്ടോ മൂന്നോ വണ്ടികൾ, അത്രേയുള്ളൂ. സ്വകാര്യസ്ഥലമായതിനാൽ 30 രൂപ പാർക്കിങ് ഫീസുണ്ട്. അരക്കിലോമീറ്ററോളം വരുന്ന കുത്തനെയുള്ള കയറ്റമാണ് ഇനി. റോഡൊക്കെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വണ്ടി വേണമെങ്കിൽ മുകളിൽ വരെ കൊണ്ട് പോകാം. പക്ഷേ കാഴ്ചകൾ കണ്ട് നടന്നു കയറാനാണ് രസം

സമുദ്രനിരപ്പിൽ നിന്ന് 960 അടി ഉയരത്തിലാണ് മുനീശ്വരൻ കുന്ന് അഥവാ മുനീശ്വരൻമുടി. നട്ടുച്ചയ്ക്കും നല്ല കാറ്റും തണുപ്പും. ഇടയ്ക്ക് മലകയറ്റമൊന്ന് നിർത്തി താഴേക്ക് നോക്കണം.മനോഹരമെന്ന് പറഞ്ഞാൽ പോരാ...മഴമാറി നിന്നതുകൊണ്ട് ചെറുവെയിലിൽ നോക്കെത്താദൂരത്തോളം വയനാടൻ മലനിരകൾ പച്ചയും നീലയും കലർന്നങ്ങനെ...ആഹാ! ബ്രഹ്‌മഗിരി മലനിരകളുടെ മനോഹാരിതമുഴുവൻ ആ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ കാണാം. 

കുന്ന് കയറിയെത്തിയാൽ വിശാലമായ പച്ചപ്പുൽമേട്. കുന്നിൻ ചെരുവിലെ തേയിലത്തോട്ടങ്ങളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വീടുകളും, പക്ഷി പാതാളവും, മാനന്തവാടി ടൗണും, മക്കിമലയുമെല്ലാം അവിടെ നിന്നാൽ കാണാം. അത്ര ഉയരത്തിൽ നിന്ന് വയനാടിനെ നോക്കിക്കാണുന്നത് ആദ്യമായിട്ടാണ്. മലനിരകൾക്കിടയിലൂടെ മേഘങ്ങൾ തെന്നി നീങ്ങുന്നു. ഇടയ്‌ക്കെപ്പൊഴോ പൊന്മുടിയിൽ നിൽക്കുന്ന പോലെ തോന്നി.  തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിൽ പെടുന്ന ഈ ഇക്കോടൂറിസ്റ്റ് കേന്ദ്രത്തിന്റെ ചിലയിടങ്ങൾ പൊന്മുടിയെ ഓർമ്മിപ്പിക്കും. 

കുന്ന് കയറി നേരെ എത്തുന്നിടത്ത് തന്നെയാണ് ടിക്കറ്റ് കൗണ്ടർ. മുതിർന്നവർക്ക് 45 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ചാർജ്. നേരത്തേ പറഞ്ഞപോലെ കൃത്രിമ ആഡംബരങ്ങളേതുമില്ല.  സഞ്ചാരികളെ ആകർഷിക്കാൻ ഈ പ്രകൃതിതന്നെ ധാരാളം. ആർഭാടങ്ങളില്ലാതെ നിർമ്മിച്ച ചെറിയൊരു കെട്ടിടത്തിലാണ് ടിക്കറ്റ് കൗണ്ടർ. അതിനോട് ചേർന്ന് ശൗചാലയവും പ്ലാസ്റ്റിക്,ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സജ്ജീകരണവും. ഇടയ്ക്ക് ടൂറിസം വകുപ്പ് രാത്രികാല സ്റ്റേ നൽകിയിരുന്നെങ്കിലും 2018-ന് ശേഷം നിർത്തി.

ബ്രഹ്‌മഗിരി പർവ്വതനിരയുടെ ഭാഗമാണ് മുനീശ്വരൻകുന്നും.  കുന്നിന് മുകളിലായി ചെറിയൊരു ക്ഷേത്രമുണ്ട്. മൂനിശ്വരൻ കോവിലെന്നാണ് പേര്. തേയിലത്തോട്ടത്തിൽ ജോലിക്കായി പണ്ട് ബ്രിട്ടീഷുകാർ ധാരാളം തമിഴരെ കൊണ്ടുവന്നിരുന്നു. അവരുടെ ആരാധനാലയമായിരുന്നു മുനീശ്വരൻകോവിൽ. ഇപ്പോഴും അവിടെ പൂജയും വഴിപാടുകളുമുണ്ട്. മുനീശ്വരൻ എന്നാൽ പരമശിവൻ. ക്ഷേത്രത്തിന് സമീപത്തായുള്ള ആൽമരച്ചോട്ടിൽ പണ്ട് ശ്രീരാമൻ സീതയെ വീണ്ടെടുക്കാൻ പോകും വഴി വിശ്രമിച്ചുവെന്നാണ് കഥ. ഭഗവതി ടീ എസ്റ്റേറ്റിന്റെ കൈവശമായിരുന്നു മുനീശ്വരൻ ക്ഷേത്രം ആദ്യം. പിന്നീട് ആസാം ബ്രൂക്ക് കമ്പനിയിയുടേയും പാരിസ്സൺസിന്റേയും അധീനതയിലേക്കെത്തിയ ക്ഷേത്രം ഇപ്പോൾ നിക്ഷിപ്ത വനഭൂമിയിലാണ്. മഞ്ഞിൽ പുതഞ്ഞ കുന്നിൻചരിവിന് താഴെയായി ഒരു ഗുഹയുണ്ട്. രാവിലെ എട്ട് മുതൽ അഞ്ച് വരെയാണ് മുനീശ്വരൻകുന്നിലേക്കുള്ള പ്രവേശനം

ഓരോ സമയത്തും ഓരോ കാഴ്ചകളാണ് മുനീശ്വരൻകുന്ന് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കോടമഞ്ഞിൽ പുതഞ്ഞ പ്രഭാതങ്ങൾ, തെളിമയുള്ള നീലാകാശവും താഴ്‌വാരക്കാഴ്ചകളും തണുത്തകാറ്റുമുള്ള പകൽ നേരങ്ങൾ, ചെഞ്ചോപ്പണിഞ്ഞ സായന്തനങ്ങൾ....മറക്കില്ല, മടുക്കില്ല. നടക്കാനാണിഷ്ടമെങ്കിൽ മലഞ്ചെരിവിലൂടെ ലക്ഷ്യമില്ലാതെയലയാം. മണ്ണിൽ ചവിട്ടി ആകാശം തൊട്ട് കോടമഞ്ഞിനെ പുണർന്നങ്ങനെ.....

 

മുനീശ്വരൻകുന്നിലേക്കെത്താൻ 

കോഴിക്കോട്ടുനിന്നു താമരശ്ശേരി ചുരം വഴി കൽപറ്റ, പനമരം മാനന്തവാടി വഴി തലപ്പുഴയെത്താം. മാനന്തവാടിയിൽ നിന്ന് 13 കിലോമീറ്റർ ദൂരമാണ് തലപ്പുഴയിലേക്ക്. തലപ്പുഴയിൽനിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ മതി മുനീശ്വരൻകുന്നിലേക്ക്. മൈസൂരിൽനിന്ന് വരുന്നവർക്ക് എച്ച് ഡി കോട്ടേ, ബാവലി, മാനന്തവാടി വഴിയും തമിഴ്‌നാട്ടിൽനിന്നു വരുമ്പോൾ ഗൂഡല്ലൂർ, ബത്തേരി വഴിയോ കൽപറ്റ വഴിയോ മാനന്തവാടി എത്താം