
കയറിയിറങ്ങിപ്പോയ മറ്റനേകം ചുരങ്ങള്‍ പോലയല്ല കുറ്റ്യാടിച്ചുരം. മോഹിപ്പിക്കാനും പേടിപ്പിക്കാനുമുള്ള കഴിവ് ഈ ചുരത്തിന് നന്നേ കുറവെന്ന് എത്രയോ വട്ടം തോന്നിയിട്ടുണ്ട്. പാതിയും കയറിയൊരു വളവ് പിന്നിട്ടാല്‍ വലതുഭാഗത്ത് ഭംഗിയോടെ ഒരു മണിമരുതുണ്ട്. വസന്തത്തില്‍ നിറയെ വയലറ്റ് പൂക്കളോടെ ഈ മരം ചിരിച്ച് നില്‍ക്കുന്നതെത്ര തവണ കണ്ടിട്ടുണ്ട്. ഒരേയൊരു തവണ ആ മരത്തിന്റെ താഴ്ന്ന ചില്ലയെ ചാടിപ്പിടിച്ച് പൂവിറുത്തെടുത്തിട്ടുണ്ട്. അടുത്ത പൂക്കാലവും കാത്തുനില്‍ക്കുന്ന ആ മരവും കടന്ന് യാത്ര തുടരുന്നു. ഇരുട്ടായിത്തുടങ്ങുന്നുണ്ട്, നരച്ച ഇരുട്ടിലും കാണാം തിങ്ങിനിറഞ്ഞ് വളര്‍ന്ന് പടര്‍ന്ന് നില്‍ക്കുന്ന കാട്. ചുരം നിരവില്‍പ്പുഴയിലേയ്ക്ക് ഇറങ്ങിത്തുടങ്ങുന്ന വഴിയിലാകെ കോടയുണ്ട്. ഇടയ്ക്ക് മഴ ചാറുന്നുണ്ട്. വഴിയില്‍ ബൈക്കും കാറും ലോറിയുമൊക്കെ പോകുന്നെങ്കിലും മനുഷ്യര്‍ തീരെ കുറവാണ്. തിരുവോണം തീര്‍ന്നുപോയതിന്റെ ആലസ്യത്തിലോ നിരാശയിലോ ആളുകള്‍ വീടുകളില്‍ വെറുതെയിരിക്കുകയാകും.
ഈ വഴിവക്കത്തെ വീടുകളിലെ മനുഷ്യര്‍ അതിഭയങ്കരമായ സൗന്ദര്യബോധമുള്ളവരാണെന്ന് തോന്നുന്നു. വീട്ടുമുറ്റങ്ങളെ എത്ര ഭംഗിയോടെയാണ് അവര്‍ അലങ്കരിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പലയിടത്തും കാണാത്ത തരം കടലാസ് പൂക്കള്‍ വഴിയിലിരുവശത്തും നിറഞ്ഞ് വിരിഞ്ഞ് നില്‍ക്കുന്നത് കാണുന്നു. ചുരുളന്‍ ചെമ്പരുത്തിയും പനിനീരും കോളാമ്പിപ്പൂക്കളുമെല്ലാം കോടയില്‍, ചാറ്റല്‍ മഴയില്‍ കൈവേലികള്‍ക്കുമിപ്പുറം നമ്മെ നോക്കിച്ചിരിക്കും.
ഒറ്റയ്ക്ക് യാത്ര പോകുന്നതും ഒരുമിച്ച് യാത്ര പോകുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരുമിച്ച് പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ തൊട്ടടുത്തുള്ള മനുഷ്യര്‍ക്ക് കൂടി നമ്മള്‍ ചൂണ്ടിക്കാണിച്ച് കൊടുക്കും. നമ്മുടെ കണ്ണിലോ ഹൃദയത്തിലോ പതിച്ചത്രതന്നെ കനത്തില്‍ ഒരു പക്ഷേ ആ കാഴ്ച ഒപ്പമുള്ളയാളെ സ്പര്‍ശിച്ചേക്കും. അങ്ങനെയാകുമ്പൊ അവിടെ ആഹ്ലാദം നിറയും. മറ്റ് ചിലപ്പോള്‍ നേരെ തിരിച്ചും സംഭവിക്കും. എന്നാല്‍, ഒറ്റയ്ക്കുള്ള യാത്രകളില്‍ സുന്ദരകാഴ്ചകളെ നമ്മള്‍ വീണ്ടും വീണ്ടും നമുക്ക് തന്നെ ചൂണ്ടിക്കാട്ടി നല്‍കും. ആ ആനന്ദത്തില്‍ ലയിച്ചങ്ങനെ മുന്നോട്ട് പോകും. വഴിയില്‍ പിന്നേയും സുന്ദര കാഴ്ചകള്‍ കാത്തിരിക്കും. ഈ യാത്ര ഒറ്റയ്ക്കാണ്. സുല്‍ത്താന്‍ ബത്തേരിയിലെ കാട്ടിലേക്ക്. ഇപ്പോള്‍ ചുറ്റിലും ഇരുട്ട് നിറഞ്ഞു, വണ്ടി വെള്ളമുണ്ടയും തരുവണയും കടന്ന് പനമരത്തേയ്ക്ക് വളച്ചു. ഇരുട്ടില്‍, കാറ്റില്‍ തണുപ്പ് മാത്രം എന്നെപ്പൊതിഞ്ഞു.
നീണ്ട, വിജനമായ വഴിയാണ് പനമരത്തുനിന്ന് ബത്തേരിയിലേക്ക് കൂട്ട്. ഇടയ്ക്കുള്ള ചെറു കവലകളില്‍ കച്ചവടക്കാര്‍ കടകള്‍ പൂട്ടി വീടുകളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഓട്ടോറിക്ഷാ സ്റ്റാന്റുകള്‍ ഒഴിഞ്ഞ് കിടന്നു.
''ചേട്ടാ, ബത്തേരിയ്ക്കിനിയെത്ര പോണം?''
വഴിയില്‍ രണ്ടോ മൂന്നോ തവണ നിര്‍ത്തി അവിടെ കണ്ടവരോട് ചോദിച്ചു.
''നേരെ പോയാ മതി, കുറച്ചേള്ളു'' ഒടുവിലത്തെയാള്‍ പറഞ്ഞു.
കവുങ്ങിന്‍ തോട്ടങ്ങളും പുഴയും വയലും കടന്ന് ബത്തേരിയെത്തുമ്പോള്‍ പത്ത് മണിയോടടുത്തിട്ടുണ്ട്. തട്ടുകടകളില്‍ പുട്ടിനാവി പറക്കുന്നു. ഒറ്റയ്ക്കും കൂട്ടായും മനുഷ്യരവിടെ പൊതിഞ്ഞ് നില്‍ക്കുന്നു. സമയം വൈകിയില്ലെ, നഗരത്തിലെത്തിയ ആളുകളിലേറെയും വീടെത്താനുള്ള വെപ്രാളത്തിലാണെന്ന് തോന്നുന്നു.
മുത്തങ്ങയ്ക്ക് പോകുന്ന വഴിയില്‍ ഇനിയും കുറച്ച് ദൂരം സഞ്ചരിച്ചാലേ കല്ലുമുക്കിലെത്തു. കാടിനോട് ചേര്‍ന്ന ഗ്രാമമാണ് കല്ലുമുക്ക്. ആ ഗ്രാമവും കടന്ന് കാട് തുടങ്ങുന്നിടത്തൊരു ഫോറസ്റ്റ് സെക്ഷന്‍ ഓഫീസുണ്ട്, ഒട്ടിപ്പാറ സെക്ഷന്‍ ഓഫീസ്. അവിടെയെത്തണം. നായ്ക്കട്ടി ബസ്റ്റോപ്പിനടുത്തെ കട പൂട്ടിത്തുടങ്ങിയിട്ടില്ല. അരിയും തക്കാളിയും വലിയുള്ളിയും ഒരു കിലോ കദളിപ്പഴവും വാങ്ങി വണ്ടിയില്‍ കരുതി. കാട്ടില്‍ കൂടുമ്പൊ വെച്ച് കഴിക്കാനാണ്. ഫോണിന്റെ മറുതലയ്ക്കലിരുന്ന് ദില്‍ഷാദ് വഴി പറഞ്ഞു തന്നു.
'' ആ റോഡ് തന്നെ നേരെ വാ, കല്ലൂര്ന്ന് പറഞ്ഞ സ്ഥലത്തെത്തും. അവിടന്ന് ഇടത്തോട്ടുള്ള റോഡിന്റെ ഏറ്റവും അവസാനത്താണ്. ഞാനിവിടുണ്ട്, എത്തുമ്പൊ വിളിക്കു.''
ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പും ബസ്റ്റോപ്പും ഓട്ടോ സ്റ്റാന്റുമൊക്കെയുള്ള ചെറിയൊരങ്ങാടിയാണ് കല്ലൂര്. കല്ലൂരും കഴിഞ്ഞ് നേരെ പോയാല്‍ മുത്തങ്ങയെത്തും. പാതിയുറങ്ങിയ കല്ലൂരങ്ങാടിയില്‍നിന്ന് ഇടത്തോട്ട് തെറ്റി. ഇരുട്ടാണ് ചുറ്റിലും, ഇടയ്ക്ക് മാത്രം വീടുകളില്‍നിന്ന് വെളിച്ചം. കാടിന്റെ ശാന്തത ഇപ്പഴേ അനുഭവിച്ച് തുടങ്ങുന്ന പോലെ, വഴിയിലൊന്നും ആരുമില്ല. ഇരുട്ടും തണുപ്പും മാത്രം വഴിയിലിറങ്ങി നില്‍ക്കുന്നു, കല്ലുമുക്കിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഈ വഴിയുടെ അറ്റത്തേയ്ക്ക് എപ്പഴെത്തുമെന്ന് മാത്രം ആലോചിച്ച് ഓടിച്ചോടിച്ച് പോകവെ വലതു ഭാഗത്തൊരു വെളിച്ചം. സെന്റ് ജോര്‍ജ്ജ് പള്ളിയാണ്, ആ വെളിച്ചത്തില്‍ വിശ്വാസം തെളിഞ്ഞ് കാണാം. ഒരു വളവിനും ചെറിയൊരിറക്കത്തിനും അപ്പുറം അതാ ഒട്ടിപ്പാറ സെക്ഷന്‍ ഓഫീസ്.
തീക്കാഞ്ഞിരിക്കുന്ന ചെറു സംഘത്തിനിടയില്‍ നിന്ന് ഒരാള്‍ ചിരിയോടെ എണീറ്റ് വന്ന് പരിചയപ്പെടുത്തി. ''ഞാനാണ് ദില്‍ഷാദ്.''
ഫോറസ്റ്റ് ബീറ്റ് ഓഫീസറാണ് ദില്‍ഷാദ്.
''ക്ഷീണമുണ്ടാവില്ലെ, ദാ അവിടെ ഉറങ്ങിക്കോളു. നമുക്ക് രാവിലെ കാണാം.'' ചുറ്റിലും കാട് നിറഞ്ഞൊരിടത്തിന് നടുവിലുള്ള കെട്ടിടം ചൂണ്ടി ദില്‍ഷാദ് പറഞ്ഞു. നല്ല വെളിച്ചമുള്ളൊരു ടോര്‍ച്ചുമടിച്ച് ദില്‍ഷാദ് മുന്നില്‍ നടന്നു. കിടങ്ങിന് കുറുകെയിട്ട മരപ്പാലം കടക്കുമ്പോ മുന്നറിയിപ്പ് തന്നു,
''രാത്രി പുറത്തേക്കിറങ്ങരുത്. ആനയിറങ്ങും.''
പരസ്പരം ശുഭരാത്രി പറഞ്ഞു, ഈ ദിവസം തീരുന്നു.
ഇവിടെ ബിഎസ്എന്നെലിന് സിഗ്‌നലില്ല. ഇനി കാടിറങ്ങും വരെ ഫോണും നെറ്റുമില്ല.
കല്ലുമുക്കിലെ ആദ്യ പകലിലുണര്‍ന്നപ്പൊ ജാലകപ്പോള തുറന്ന് കിടക്കുന്നുണ്ട്. ഈ മുറിക്കും ആ കാടിനുമിടയിലെ പുല്‍പ്പരപ്പില്‍ മാന്‍കൂട്ടങ്ങള്‍. മാനുകളെ കാണാന്‍ പ്രത്യേക ഭംഗിയാണ്. എപ്പോഴും സമാധാനത്തിലൂടെ സഞ്ചരിക്കുന്നവയെന്ന് തോന്നിയിട്ടുണ്ട്. മാനുകള്‍ മറ്റേതെങ്കിലും ജീവികളെ അക്രമിക്കുന്നത് കണ്ടിട്ടില്ല, അക്രമിക്കപ്പെടും എന്ന ഭയപ്പാടോടെ കുതറിയോടി കുറ്റിക്കാടുകളില്‍ വെപ്രാളപ്പെടുന്നതേ കണ്ടിട്ടുള്ളു. നിറയെ ശാന്തത തേടി കാട്ടിലഭയം പ്രാപിക്കുന്ന മനുഷ്യന് ആദ്യ കാഴ്ച മാന്‍കൂട്ടമാകുന്നതിലുമപ്പുറമെന്ത് സന്തോഷമുണ്ട് ഈ പകലില്‍. അവ പരസ്പരം ജീവിതം പങ്കുവെക്കുന്ന കുറ്റിക്കാടുകള്‍ക്കുമപ്പുറം വന്‍മരങ്ങള്‍ കാട് തീര്‍ത്തിരിക്കുന്നു. മുന്നിലെ ഒറ്റയടിപ്പാത നീണ്ട് നീണ്ട് അപ്പുറത്തെ ചെറിയ കുളം വരെ എത്തുന്നുണ്ട്. അതിനടുത്തെ മൈതാനിയില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നു.
കാട്ടിലെ ആദിവാസിക്കോളനിയില്‍ താമസിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികളാണ് പുലര്‍ച്ചെ തന്നെ കളി തുടങ്ങിയത്. അവര്‍ക്ക് മാത്രമേ ഈ മൈതാനിയില്‍ കളിക്കാന്‍ അനുമതിയുള്ളു എന്ന് ദില്‍ഷാദ് പറഞ്ഞു. കട്ടനും കുടിച്ച് ഒരു വടിയും കുത്തിപ്പിടിച്ച് കാട്ടിലേക്കുള്ള നടത്തം തുടങ്ങുമ്പോള്‍ ഫുട്ബോള്‍ കളിക്കാരെ കുറച്ച് കൂടി അടുത്ത് നിന്ന് കണ്ടു. അവരില്‍ ക്രിസ്റ്റ്യാനോ റെണാള്‍ഡോയുടെ ജഴ്സിയുമിട്ട് കളിക്കുന്നവരുണ്ട്, കുപ്പായമിടാതെ കളിക്കുന്നവരുണ്ട്. പക്ഷേ, മെസിയേയും നെയ്മറേയും എംബാപ്പയേയും കണ്ടില്ല. ഈ കുട്ടികള്‍ക്ക് ധരിക്കാന്‍ ഏറ്റവും യോജ്യമായത് ക്രിസ്റ്റ്യാനോയുടെ ജഴ്സി തന്നെ എന്ന് ചിന്തിച്ചു, പിന്നേയും മുന്നോട്ട് നടന്നു.

കൊഴിഞ്ഞ പൂവിന് സൗന്ദര്യമില്ലേ?
ഉണ്ട്.
കൊഴിഞ്ഞതിനും വിടര്‍ന്നതിനുമെല്ലാം സൗന്ദര്യമുണ്ട്.
നമ്മുടെ കാഴ്ച കൊഴിഞ്ഞതിന് പിന്നേയും ജീവന്‍ കൊടുക്കുന്നു, വിരിഞ്ഞതിന് കൂടുതല്‍ നിറം പകരുന്നു.
ഇന്നലെ രാത്രി ദില്‍ഷാദിനൊപ്പം തീക്കാഞ്ഞിരുന്ന നാല് പേര്‍ കൂടി ഈ നടത്തത്തില്‍ ഒപ്പമുണ്ട്. കാട്ടിലെ മലകയറി, മരങ്ങള് കണ്ട്, ആന കുത്തിമറിച്ചിട്ട വഴികള്‍ കണ്ട്, കടുവ മാന്തി അടയാളപ്പെടുത്തിവെച്ച മരത്തോല് തൊട്ട് നോക്കി പിന്നേയും നടന്നു. അത് കഴിഞ്ഞും നടന്നു. മുന്നില്‍ വിശാലമായ വയലാണ്. അരകുഞ്ഞിവയലെന്ന് പേര്. വയലിന് ചുറ്റിലും കൊടുംകാട്. വയലും കാടും ചേരുന്ന വരമ്പുകളില്‍ ചമതകള്‍ പൂത്ത് ചുവന്ന് നില്‍ക്കുന്നു.
എന്താണ് കാട്ടില്‍ നമ്മെ പിടിച്ച് നിര്‍ത്തുന്നത്?
എന്റെ അഭിപ്രായത്തില്‍ വന്യതയാണ്, സ്വാഭാവികതയാണ്.
കാടിനെ, അതിലെ ജീവജാലങ്ങളെ ഒരു പരിധിയ്ക്കപ്പുറം നമുക്ക് മനസ്സിലാക്കാനും നിയന്ത്രിക്കാനും കഴിയില്ല.
പ്രളയത്തിലൊഴുകുന്ന പുഴയെപ്പോലെ നമുക്കതിനെ നോക്കി നില്‍ക്കുക മാത്രം ചെയ്യാം.
സ്വാഭാവികമായി സംഭവിക്കുന്നത് മാത്രമാണ് സ്വര്‍ഗം. കാട് സ്വാഭാവികമാണ്. അതുകൊണ്ട് കാഴ്ച നമ്മെ പിടിച്ച് കെട്ടി നിര്‍ത്തും.
അരകുഞ്ചി വയലിന് നടുവിലൊരു വീട്ടി മരം. നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു മരം. വീട്ടിമരത്തില്‍ ഏറുമാടം കെട്ടിവെച്ചിട്ടുണ്ട്. അതിനടുത്തേയ്ക്കുള്ള നടത്തത്തിലാണ്. വയലിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് കാട് കയറി തിരികെ വയലിലിറങ്ങാന്‍ നോക്കുമ്പൊ കുറച്ചപ്പുറത്തെ പൊന്തക്കാട്ടിലൊരനക്കം. ഒറ്റയാനാണ്. നില്‍ക്ക്, പോകല്ലാ എന്ന് ദില്‍ഷാദിന്റെ മുന്നറിയിപ്പ്. കുറച്ച് സമയം നോക്കി, ഒറ്റയാന്‍ കുഴപ്പക്കാരനല്ല എന്ന് ഉറപ്പിച്ച ശേഷം നടത്തം തുടര്‍ന്നു. മുന്നോട്ട് പോകുന്തോറും വീട്ടിമരം വലുതായി വലുതായിക്കണ്ടു. ഇപ്പോഴാ തണലില്‍ കൂനിക്കൂടിയിരിക്കുന്നു.
വീട്ടിയുടെ കനപ്പെട്ട ശിഖിരങ്ങളില്‍ കെട്ടിവെച്ച ഏണിയില്‍ ശ്രദ്ധിച്ച് പിടിച്ച് കയറി പാതി പിന്നിട്ടു. വേറൊരു ശിഖിരത്തില്‍ കയറി അതിന് മുകളിലെ കോണിയില്‍ പിടിച്ച് മുകളിലെത്തി. തേക്ക് പാകിയ ഏറുമാടത്തിന് മുകളില്‍ കാറ്റ് കുടിങ്ങിക്കിടക്കുന്ന പോലെ. വിശാലമായ, നിശബ്ദമായ, നിഗൂഢമായ കാട് കണ്‍മുന്നിലൊരു കടല്‍ തീര്‍ക്കുന്നു. പച്ചയുടെ പല വകഭേദങ്ങളുള്ള, ഇടയ്ക്ക് പൂത്ത് നില്‍ക്കുന്ന, ഇടയ്ക്ക് മാത്രം കരിഞ്ഞുണങ്ങി നില്‍ക്കുന്ന മരങ്ങളുടെ വിശാലമായ കടല്‍. അതിനിടയിലൊളിച്ചു നില്‍ക്കുന്ന മാനിനേയും മയിലിനേയും ആനയേയും പുലിയേയും കരടിയേയും കടുവയേയും കാട്ടുപോത്തിനേയുമൊന്നും കാണുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്ന കാട് മഹാസൗന്ദര്യമായി ഏറുമാടത്തിന് മുന്നില്‍ നിറഞ്ഞ് ചിരിച്ച് നില്‍ക്കുന്നു. ആ കാറ്റിലവിടെ മലര്‍ന്ന് കിടന്നു.
കാട്ടിലൂടെ നടന്ന്, കാടിനെ അറിഞ്ഞ്, ഭക്ഷണം വെച്ച് കഴിച്ച് ഈ ദിവസം തീരുകയാണ്. ദില്‍ഷാദിന്റെ അതിഥികള്‍ തിരിച്ചുപോയി. കല്ലുമുക്കിലെ വനം വകുപ്പ് കെട്ടിടത്തില്‍ ഈ രാത്രി ആളനക്കം തീരെ കുറവാണ്. സെന്റ് ജോര്‍ജ്ജ് പള്ളിയിലെ വെളിച്ചം കാഴ്ചയ്ക്കും അപ്പുറത്ത്. ചുറ്റിലും കാട് മാത്രം, ഇരുട്ടും തണുപ്പും നേരിയ കാറ്റും ശുഭരാത്രി നേരുന്നു.
രണ്ടാമത്തെ പകലിലും പാതി തുറന്ന ജനാലയിലൂടെ മാന്‍കൂട്ടത്തെ കണ്ടെണീക്കണം എന്നാഗ്രഹിച്ചതാണ്. പക്ഷേ, തളര്‍ന്നുറങ്ങി എണീക്കാന്‍ വൈകി. മാന്‍കൂട്ടമൊക്കെ കാട് കയറിപ്പോയി. കുപ്പിയില്‍ വെള്ളം നിറച്ച് വെച്ച ഒരു വള്ളിബാഗും നീണ്ട വാക്കത്തിയുമായി വാച്ചര്‍ ദാമോദരേട്ടന്‍ നേരത്തേ എത്തിയിട്ടുണ്ട്. വെട്ടിയൊതുക്കി തയ്യാറാക്കിയ വടിയും ബാഗുമെടുത്ത് ദില്‍ഷാദും റെഡി. ഇന്ന് കാട്ടിലെ മറ്റൊരു വഴിക്കാണ് യാത്ര. വഴിയോരത്ത് കുറ്റിക്കാട്ടിലെല്ലാം പരതിയാണ് ദാമോദരരേട്ടന്റെ നടത്തം, കുമിള്‍ പൊന്തിയിട്ടുണ്ടെങ്കില്‍ അത് പറിച്ചെടുക്കാനായുള്ള നോട്ടം പക്ഷേ വിജയിച്ചില്ല. എട്ട് കിലോമീറ്റര്‍ നീണ്ട നടത്തത്തിനിടെ ഒറ്റ ഒരെണ്ണം പോലും കിട്ടിയില്ല.
പണ്ട് ബ്രിട്ടീഷുകാര്‍ കുഴിച്ചിട്ട തേക്കുകാടും കടന്ന് സ്വാഭാവിക വനത്തിലെ ചോലയിലൂടെ നടത്തം. ആ കാഴ്ചയിലെ മരങ്ങളെയെല്ലാം ദില്‍ഷാദിനറിയാം. ചിലതിനെക്കുറിച്ചെല്ലാം ചോദിച്ചു, വിശദമായി പറഞ്ഞു തന്നു. സത്യത്തില്‍ പക്ഷേ, പരമാവധി സംസാരിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിച്ചത് എന്ന് തോന്നുന്നു. ഈ കാട്ടിലൂടെ സംസാരിച്ച് നടക്കുന്നതിലും നല്ലത് ആരോടും ഒന്നും മിണ്ടാതെ ആകാശം നോക്കി, മരം നോക്കി, ചിന്തയെ അവിടെയൊക്കെ കൊണ്ട് കെട്ടി നടക്കുന്നതാണ് എന്ന് തോന്നി.
താഴെ ഒരരുവിയൊഴുകുന്നുണ്ട്. ആ പതിഞ്ഞൊഴുകലിന്റെ താളം കേട്ട് തുടങ്ങിയിരിക്കുന്നു. ഈ ദൂരമത്രയും നടന്ന് വന്നത് അരുവിയോരത്തിരിക്കാനാണ്. വറ്റാറായപോലെ ക്ഷീണിച്ചൊഴുകുന്ന ചോലയില്‍ വെള്ളം കലങ്ങി മറിഞ്ഞിരിക്കുന്നു. കുടിക്കാനും കുളിക്കാനും പറ്റാത്തപോലെ. അരുവിടെയോരത്ത് വന്‍മരങ്ങളുടെ തണലുണ്ട്, വെയിലിലും പുതപ്പ് പോലെ നേര്‍ത്ത തണുപ്പുണ്ട്. ദാമോദരേട്ടന്‍ പിന്നേയും കുമിള്‍ തപ്പിപ്പോയി. ദില്‍ഷാദ് തൊട്ടപ്പുറത്തിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല, അരുവിയുടെ ഒഴുക്ക് നോക്കി കുറേ നേരമിരുന്നു. കാടിനൊത്ത നടുക്ക്, ആ ചോലയോരത്ത് കിടന്നുറങ്ങി.
മഴ തുടരെ പെയ്ത് തുടങ്ങുന്നതിന് തൊട്ട് മുന്‍പുള്ള സമയമില്ലേ, അപ്പൊ വീണ്ടും കാട് കയറാന്‍ വരണമെന്ന് ദില്‍ഷാദ്. കടുത്ത വേനലിന്റെ തീവ്രതയില്‍ ഇല കൊഴിഞ്ഞ് പോയ മരങ്ങളില്‍ അപ്പോള്‍ പുതുമഴയില്‍ തളിരിലകള്‍ വന്ന് തുടങ്ങും. പച്ചയായിരിക്കില്ല, ഇളം ചുവപ്പായിരിക്കും ഇലകളിലേറെയും. ആ തളിര് കാടിന്റെ ഭംഗിയുള്ള ഒരു കാലത്തെക്കൂടി കാണിച്ച് തരും.
കാട് കയറ്റിയ മനുഷ്യര്‍ക്കും,
കാട്ടില്‍ നടത്തിയ മനുഷ്യര്‍ക്കും നന്ദി.
തിരികെ നിരവില്‍ പുഴ കഴിയുന്നു, ഇരുവശത്തും ഇന്നാട്ടുകാര്‍ പൂക്കള്‍ കൊണ്ട് തീര്‍ത്ത സുന്ദരവേലികള്‍.
Content Highlights: muthanga tourist destination wayanad world tourism day 2024
Published: 22 Sept 2024, 03:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented