എങ്ങനെയടങ്ങുന്നു
എന്നിലീ വിഷാദത്തിൻ
വന്യത!
അതിന്നിരതേടലി-
ന്നേകാഗ്രത!
വൻമരക്കൊമ്പിൽ
കുതിച്ചെത്തുന്നു;
മൗനത്തിൻ്റെ
വെള്ളിനീർത്തടാകത്തിൽ
ചോരവായ് നനയ്ക്കുന്നു,
എന്നെയും തേടിക്കാട്ടു
പൊന്തയിൽ ഘ്രാണങ്ങൾ തൻ
ബിന്ദു വേർതിരിക്കുന്നു
നിൻ്റെ നാസിക സൂക്ഷ്മം.
ഇങ്ങടുത്തെത്താനായീ
ഓടുകെന്നുയരത്തിൽ
നിന്നു മുന്നറിയിപ്പായ്
പക്ഷികൾ ചിലയ്ക്കുമ്പോൾ,
പിന്നെയും 
നരിച്ചീറു പാറുമാ
ഗുഹയ്ക്കുള്ളിൽത്തന്നെ
ഞാനോടിക്കേറും
ദിക്കറിയാതെന്നോണം..
മുമ്പു ഞാൻ മരിച്ചതിൻ
ചോര വീണുണങ്ങാത്ത
മണ്ണിൽ 
വീണ്ടുമെന്നൂഴം കാത്തു
പ്രാർത്ഥനാപൂർവ്വം!

To advertise here,