നഗരപ്പുലരിയുടെ ജനല്‍ച്ചില്ലിന്മേല്‍
പോയരാത്രിയിലെ മഴയുടെ
അവശേഷിപ്പുചിത്രം.
കൃതജ്ഞതയുടെ നേര്‍ത്തയാ നിമിഷത്തെ
വാക്കാലെഴുതാനാവുമെന്ന
തോന്നലിന്റെ വ്യര്‍ത്ഥമാം
മിടിപ്പ്.
ദൃഷ്ടിയുടെ വൃത്തത്തില്‍
ആളനക്കമില്ലാത്ത വീട്ടുബാല്‍ക്കണികളും,
പുകമഞ്ഞുപുതപ്പിനപ്പുറത്തെ
കോണ്‍ക്രീറ്റുവൃക്ഷങ്ങളും.
നോക്കുപുറത്തെ തീവണ്ടിസ്റ്റേഷനില്‍നിന്ന്,
നിര്‍മ്മാണശാലയില്‍ അവിശ്രാമം
ചലിയ്ക്കുന്ന യന്ത്രങ്ങളില്‍നിന്ന്
ഒരേനേരം സഞ്ചരിച്ചെത്തുന്ന
തുടര്‍ശബ്ദങ്ങള്‍.
ഇതിനൊക്കെയുമിടയില്‍
അരികിലൂടെ;
എന്നാലെന്നാല്‍ പിടിച്ചെടുക്കപ്പെടാനാവാതെ
കടന്നുപോകുന്ന
മറ്റൊരായിരം തരംഗങ്ങള്‍.
മുന്‍പൊട്ടേറെ പാടുകള്‍ പതിഞ്ഞ
മരഫ്രെയിമിനുമേല്‍ അതിവ്യതിരിക്തമായ
എന്റെ പെരുവിരല്‍
അല്‍പനേരത്തേയ്ക്കുമാത്രമായി
ഒരടയാളംചാര്‍ത്തുന്നു. 
എല്ലാംതന്നെ തികച്ചും അനിശ്ചിതവുമല്ല. 
മേശയ്ക്കുമേല്‍വച്ച ചെടിപ്പാത്രത്തില്‍
ഇന്നലെ മൊട്ടായിരുന്നതൊന്ന്
വിരിയാനൊരുങ്ങുന്നു. 
അതേറ്റുവാങ്ങുന്ന
മൈലുകള്‍താണ്ടിയെത്തുന്നൊരു
വെളിച്ചത്തിന്റെ സ്പര്‍ശ്ശത്തെ,
ഒരിലത്തളിര്‍പ്പിന്റെ കനിവിനെ
അകമേയ്‌ക്കെടുക്കുന്നൊരു ശ്വാസകണത്തിലൂടെ
എനിക്ക് അറിയാനാവുന്നു. 
എന്റെ കാല്‍വയ്പ് പതിയുന്ന
മാര്‍ബിള്‍നിലം, 
പ്രധാനഗേറ്റിനിപ്പുറത്തെ
തണല്‍പാകുന്ന മഴമരം, 
അതിന്റെ പച്ചപ്പിനെത്തേടി എട്ടുനിമിഷത്തിന്റെ
ദീര്‍ഘമായ യാത്രചെയ്ത സൂര്യകിരണം, 
നന്നേ വ്യാകുലമായിരുന്ന
തലേ ഗ്രീഷ്മസന്ധ്യാവാനില്‍നിന്ന്
എന്നേ എരിഞ്ഞടങ്ങിയ ചില നക്ഷത്രങ്ങള്‍
എന്നിലേയ്ക്കുനീട്ടിയ സ്മിതങ്ങള്‍!
ഇന്നലെയുടെ ഒരു നാമ്പ്
എന്റെ ഇന്നിനെ വന്നുതൊടുന്നു. 
ഇന്നലേയ്ക്കും, നാളേയ്ക്കുമിടയിലെ
സുപ്രധാനകണ്ണിയായ ഈയൊരു നിമിഷം
സകലതും പ്രദക്ഷിണംവയ്ക്കുന്ന അനന്തതയുടെ
കേന്ദ്രം എനിക്കുള്ളിലും
ഒരു നേരിയതല്ലാത്ത ചലനം
സൃഷ്ടിയ്ക്കുന്നതില്‍
എന്താണത്ഭുതം!

To advertise here,