
സെപ്റ്റംബർ 29: മറ്റൊരു ലോക ഹൃദയ ദിനത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഹൃദ്രോഗം വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് ഒന്നാംനമ്പർ നിശബ്ദ കൊലയാളിയായി തുടരുന്നു. ഇതിൽ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് ഇതിന്റെ പ്രാധാന്യം.
ഹൃദയ സംരക്ഷണത്തെക്കുറിച്ചും ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഇന്നത്തെ ദിവസത്തെ ഉദ്ദേശം. പുതിയ സാഹചര്യത്തിൽ ഹൃദയ സംരക്ഷണത്തിനായി ഓരോരുത്തരും എന്തെല്ലാം കാര്യങ്ങളാണ് അറിയാനും ശ്രദ്ധിക്കാനും നമ്മുടെ ചുറ്റുമുള്ളവർക്ക് പകർന്ന് നൽകാനുമുള്ളതെന്ന് നോക്കാം.
'ഹൃദ്യമായി ഹൃദയത്തെ മനസ്സിലാക്കൂ' എന്നാണ് ലോക ഹൃദയ സംഘടന 2023ൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹൃദയത്തെ അറിയുവാനും മനസ്സിലാക്കാനുമുള്ള ഒരു അവസരമാണ് ഈ ഹൃദയ ദിനം. ഹൃദയ സംരക്ഷണത്തെപ്പറ്റി അവബോധമുള്ള ഒരാൾക്ക് മാത്രമേ ഹൃദയാരോഗ്യം പരിപാലിക്കാൻ സാധിക്കുകയുള്ളു.
ഓരോരുത്തരും കുടുംബം, അയൽക്കാർ, കൂട്ടുകാർ, ബന്ധുക്കൾ, സഹപ്രവർത്തകർ ഇങ്ങനെ ചുറ്റുമുള്ളവർക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും മൂലം നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാൻ സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി എന്നാൽ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണരീതി, കൃത്യമായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം എന്നിവയാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
- പച്ചക്കറി, പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കുക.
- ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക
- പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ. ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവട്ടെ. അവനവനായി സമയം കണ്ടെത്തുക. മനസ്സിന് സന്തോഷം തരുന്ന കാര്യത്തിൽ ദിവസത്തിൽ കുറച്ചു സമയമെങ്കിലും ഏർപ്പെടുക. മാനസിക സമ്മർദ്ദം കുറയട്ടെ. IT മേഖലയിൽ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവർ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന പോലെയാണ് സ്ഥിതി. ജിം, സുംബ ഡാൻസ്, വ്യായാമം ,ചെയ്യാനുള്ള സൗകര്യം എന്നിവ പല ജോലി സ്ഥലത്തും തയ്യാറാക്കി നൽകി വരുന്നു.
ജീവിതശൈലീരോഗങ്ങൾ കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്ത സമ്മർദം, അമിത കൊളസ്ട്രോൾ എന്നിവ ആഹാരക്രമം, വ്യായാമം എന്നിവ കൂടാതെ നിർദ്ദേശാനുസരണം മരുന്നുകൾ ഉപയോഗിച്ചും നിയന്ത്രിക്കുക.
അഥവാ നിങ്ങൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാൽ സംശയം തീർക്കാൻ നിർദ്ദേശപ്രകാരം പരിശോധനകൾക്ക് വിധേയനാവുക - ഇസിജി, ട്രോപോനിൻ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കിൽ ട്രെഡ്മിൽ ടെസ്റ്റ്, എക്കോ കാർഡിയോഗ്രാഫി, ആൻജിയോഗ്രാം മുതലായ പരിശോധനകളിലൂടെ രോഗം കണ്ടുപിടിക്കാനാവും.
രോഗമുള്ളവർക്ക് ചികിത്സ സംവിധാനങ്ങളെല്ലാം സർവ്വസാധാരണമായി ലഭ്യമാണ്. മരുന്നുകൾ കൂടാതെ ചിലർക്ക് ആൻജിയോപ്ലാസ്റ്റി, ബൈപ്പാസ് സർജറി, എന്നിവയും ആവശ്യം വന്നേക്കാം. ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികൾ - അതായത് ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കർ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോൾ ലഭ്യമാണ്.
എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: How to Prevent Heart Disease
Published: 29 Sept 2023, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented