
പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നായിട്ടാണ് ഹൃദ്രോഗത്തെ കണക്കാക്കിപ്പോന്നിരുന്നതെങ്കിൽ പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്ന ഒന്നാണ് ഹൃദ്രോഗമെന്ന തിരിച്ചറിവ് നമ്മുടെ സമൂഹത്തിനും വന്നുകഴിഞ്ഞു. ജിമ്മിൽ, വിവാഹപ്പന്തലിൽ,വീട്ടകങ്ങളിൽ, തൊഴിലിടങ്ങളിൽ ഹൃദയാഘാതം വന്ന് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നു. സിനിമാ താരങ്ങൾ, ഫിറ്റ്നസ് ഇൻഫ്ലുവേഴ്സ്, തുടങ്ങി പലരുടേയും മരണവാർത്തകൾ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറയുമ്പോൾ ആശങ്കയോടെയാണ് യുവതലമുറ ഹൃദ്രോഗത്തെ സമീപിക്കുന്നത്. യുവാക്കളിലെ ഹൃദ്രോഗത്തെ കുറിച്ചും രോഗസാധ്യതകളെ കുറിച്ചും കാർഡിയോളി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സുധീപ് കോശി കുര്യൻ സംസാരിക്കുന്നു.
യുവാക്കളിൽ ഹൃദ്രോഗം ഉണ്ടാവാനും അതേ തുടർന്ന് മരണം സംഭവിക്കാനുമുള്ള സാധ്യത പ്രായമായവരെ അപേക്ഷിച്ച് എത്രത്തോളം കൂടുതലാണ്? എന്തുകൊണ്ടാണ് സമീപകാലത്ത് ഇത്രയധികം കേസുകൾ കൂടിവരുന്നത്?
Also Read
നാൽപ്പത്തിയഞ്ചിന് വയസ്സിന് താഴെ പ്രായമുളള ആളുകളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത നാല് ശതമാനം മുതൽ പത്ത് ശതമാനം വരെയാണെന്ന് പറയാം. പുരുഷൻമാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് ഈ പ്രായത്തിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽ. ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പെന്നോണം ശരീരം തരുന്ന സൂചനകളെ ചെറുപ്രായം ആണെന്ന് കരുതി ആരും തള്ളിക്കളയരുത്. അതിറോസ്ക്ലിറോസിസ്(Atherosclerosis) ആണ് ചെറുപ്പക്കാരിൽ കൂടുതലായും കാണുന്നത്. ചികിത്സ തേടി എത്തുന്നവരിൽ 80 ശതമാനവും ഇത്തരം കേസുകളാണ്. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്കുകൾ രൂപപ്പെടുകയും പിന്നീട് അത് പൊട്ടി ഹൃദയാഘാതത്തിലേക്കും എത്തുന്നതായി കാണാം. കൊറോണറി ആർട്ടറിയിൽ ജന്മനാ ഉള്ള വൈകല്യം കൊണ്ടും ഇത്തരം മരണങ്ങൾ ഉണ്ടാവാം. പക്ഷെ നാല് ശതമാനത്തോളം ആളുകളിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ കാണാറുളളത്. രക്തത്തിന്റെ ക്ലോട്ടിങ് കൂടുന്നത് കൊണ്ടും രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങിപ്പോകുന്നത് മൂലം ഉളള പ്രശ്നങ്ങൾ കൊണ്ടും കൊക്കൈൻ പോലുള്ള മയക്കുമരുന്നുകളുടെ അളവ് ശരീരത്തിൽ കൂടുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാം.
പെട്ടെന്ന് സംഭവിക്കുന്ന മരണങ്ങളിൽ 50 ശതമാനവും ഹൃദ്രോഗം മൂലമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം മരണങ്ങളിൽ കൂടുതലും അതിറോസ്ക്ലിറോസിസ് മൂലം സംഭവിക്കുന്നതാണ് ആണ്. പതിനെട്ട് വയസ്സുമുതൽ തന്നെ അതിറോസ്ക്ലിറോസിസ് കണ്ടുതുടങ്ങാം. കൊറോണറി ആർട്ടറിയുടെ വ്യതിയാനം, ഹൃദയത്തിന്റെ പമ്പിങ്ങിനെ ബാധിക്കുന്ന മയോകാർഡിയാറ്റിസ് പോലെയുള്ള ഉള്ള അസുഖങ്ങൾ. ഹൃദയത്തിന്റെ ഘടനയിലുള്ള അസ്വാഭാവികത, ഹൈപ്പോ ട്രോഫിക് കാർഡിയോ മായോപ്പതി എന്നിവയും മരണകാരണമാവാം. സമീപകാലത്ത് ഇത്തരം മരണങ്ങൾ കൂടുന്നു എന്ന് പറയുന്നതിനേക്കാൾ സമീപകാലത്ത് ഇത്തരം മരണങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും കൂടുതലായി ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്യുന്നു എന്ന് വേണം പറയാൻ.
ജീവിത ശൈലിയിൽ വന്ന വ്യത്യാസങ്ങൾ ഹൃദയാരോഗ്യവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു?
ഒരു വ്യക്തിയുടെ ഹൃദയാരോഗ്യം അയാളുടെ ജീവിതശൈലിയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു, ഇത് മുതിർന്ന പ്രായത്തിൽ തുടങ്ങുന്നതല്ല, കുട്ടിക്കാലം മുതൽ തന്നെ ജീവിതശൈലിയിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വ്യായാമം എന്നത് വളരെ ചെറുപ്പത്തിലേ ജീവിതശൈലിയുടെ ഭാഗമാക്കേണ്ട ഒന്നാണ്. കുറച്ച് കാലം മുമ്പ് വരെ നമ്മുടെ കുട്ടികൾ വീടിന് പുറത്ത് കളിക്കാൻ വളരെയധികം സമയം ചെലവഴിക്കുമായിരുന്നു. ഇന്ന് സാഹചര്യം നേരെ മാറി. ഇന്ന് കുട്ടികളെ വീടിന് പുറത്തിറക്കി കളിപ്പിക്കാനാണ് പ്രയാസം. ചെറുപ്പത്തിൽ തന്നെ നിഷക്രിയത്വം പുതിയ തലമുറയെ ബാധിക്കുന്നുണ്ട്. വീഡിയോ ഗെയിമുകളുമായി കുട്ടികൾ വീട്ടകങ്ങളിൽ ഒതുങ്ങിപ്പോവുന്നതാണ് ഈ ഒരു പ്രവണതയ്ക്ക് കാരണം. ഇതിന് പകരമായി സൈക്കിളിങ്, നടത്തം തുടങ്ങിയ കാര്യങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ടൈപ്പ് 2 ഡയബറ്റിസ് പോലും വളരെ നേരത്തെ തന്നെ കണ്ടുവരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പണ്ട് നാൽപ്പതും അൻപതും വയസ്സ് പ്രായമുള്ളവരിൽ കണ്ടിരുന്ന ഡയബറ്റിസ്, കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടുവരുന്നുണ്ട്. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. തുടർച്ചയായി ഇരിക്കുക എന്നത് പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ട്രെസ്സ് ഫ്രീ എൻവയോൺമെന്റാണ് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ മറ്റൊരു പ്രധാന ഘടകം കുട്ടികളുടെ ജീവിതാന്തരീക്ഷം പോലും പരമാവധി സ്ട്രെസ് ഫ്രീ ആക്കാൻ രക്ഷിതാക്കൾക്ക് ശ്രദ്ധിക്കണം. യോഗ, മെഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാം.
ഒപ്പം കൃത്യമായ ആഹാരരീതി പിന്തുടരുകയും ആവശ്യത്തിന് ഉറങ്ങുകയും വേണം. നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേൽക്കുക എന്നതാണ് ശരിയായ ശീലം. 7-8 മണിക്കൂർ വരെയെങ്കിലും ഉറക്കം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ് മറ്റൊരു കാര്യം. പുകവലി പൂർണമായും ഒഴിവാക്കുക, മദ്യത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നിവയും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഒരു ദിവസം ഒരു സിഗരറ്റ് വലിച്ചാൽ പോലും നല്ലതല്ല എന്നത് കൊണ്ട് തന്നെ എണ്ണം കുറയ്ക്കാനാല്ല പെട്ടെന്ന് തന്നെ പൂർണമായും നിർത്താനാണ് പുകവലിക്കുന്നവർ ശ്രമിക്കേണ്ടത്.
കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ പോലും ഹൃദയത്തിന്റെ പ്രവർത്തനം പെട്ടന്ന് നിലച്ച് പോവുന്നു. എന്താവാം കാരണങ്ങൾ?
ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും വലിയ റിസ്ക് ഫാക്ടർ എന്ന് പറയുന്നത് ജനറ്റിക് റിസ്ക് തന്നെയാണ്. വീട്ടിലെ ഏതെങ്കിലും അംഗങ്ങൾ ചെറിയ പ്രായത്തിൽ തന്നെ ഹൃദ്രോഗം കാരണം മരിച്ചിട്ടുണ്ടെങ്കിൽ പുതുതലമുറയിൽപ്പെട്ടവർ വളരെ നേരത്തെ തന്നെ ഹൃദ്രോഗം ഇല്ല എന്ന് പരിശോധനയിലൂടെ ഉറപ്പ് വരുത്തേണ്ടതാണ്. കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ്, അല്ലെങ്കിൽ ഫിറ്റ്നസ് ട്രെയിനിങ് പോലുള്ള കാര്യങ്ങളിൽ സജീവമാവുന്നതിന് മുമ്പ് ഇ.സി.ജി., എകോ, ട്രെഡ്മിൽ പരിശോധനകൾ ചെയ്ത് ഹൃദായാരോഗ്യം പരിശോധിക്കുന്നതും നല്ലതാണ്. ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമുള്ള വ്യായാമങ്ങളും തെറ്റായ രീതിയിൽ ഉള്ള ഡയറ്റുകളും ഒഴിവാക്കേണ്ടതും സുപ്രധാനമാണ്. അയോൺ ചാനൽ ഡിസോർഡർ, ഹൈപ്പർ ട്രോഫിക് കാർഡിയാക് മയോപ്പതി തുടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിയാകാതെ പോകുന്നതും ഫിറ്റ്നസ് ഉളളവരിൽപ്പോലും പെട്ടന്നുള്ള ഹൃദയാഘാതത്തിന് കാരണമാവും
ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്ന ആളുകൾ പിന്തുടരുന്ന ഭക്ഷണ രീതിയും വ്യായാമ രീതിയും ഹൃദയാരോഗ്യത്തിന് ഭീഷണി ആവുന്നുണ്ടോ?
ഫിറ്റ്നസ് നിലനിർത്താൻ പിന്തുടരുന്ന തെറ്റായ രീതികളാണ് ഹൃദയാരോഗ്യത്തിനെ ബാധിക്കുന്നത്. നേരത്തെ പറഞ്ഞത്പോലെ ശരീരത്തിന് പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള ഡയറ്റും, ആരോഗ്യ പരിശോധനകൾ നടത്താതെ തന്നെ വളരെ എക്സ്ട്രീം ആയി വ്യായാമം ചെയ്യുന്നതും എല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതെല്ലാം ഒരു ആരോഗ്യവിദഗ്ധന്റെ അഭിപ്രായം തേടിയ ശേഷം ചെയ്യുന്നതായിരിക്കും നല്ലത്.
ശരീരഭാരം ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ റിഫൈൻഡ് ഷുഗർ, റിഫൈൻഡ് ഫുഡ്, സ്വീറ്റ്സ്, പേസ്ട്രീസ്, എന്നിവ ഒഴിവാക്കുകയും കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറക്കുകയും വേണം. അതുപോലെ തന്നെ കിഴങ്ങുവർഗങ്ങളുടെ ഉപയോഗവും കുറയ്ക്കുക, പ്രോട്ടീനും ഫാറ്റും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾ ശരിയായ അളവിൽ കഴിക്കാനും ശ്രദ്ധിക്കണം, അതുപോലെ തന്നെ പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗം ആക്കാം . പഴവർഗങ്ങളിൽ ഹൈ ഗ്ലൈസമിക് ഇൻഡക്ടസ് ഉള്ള പഴങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇറച്ചി മീൻ എന്നിവ കറിവെച്ച് കഴിക്കുന്നതാണ് ഉചിതം.70- 80 ശതമാനം വരെ ഡയറ്റും 20 ശതമാനം വ്യായാമവുമാണ് ശരീരഭാരം നിയന്ത്രിക്കാൻ സഹായകരമാവുക. ഡയറ്റ് സ്വന്തമായി ക്രമീകരിക്കുന്നതിന് പകരം ഒരു ഡോക്ടറെ കണ്ട ശേഷം ശരീര പരിശോധന നടത്തി ഡയബറ്റിസ്, എച്ച് ബി തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് ബേസ് ലൈൻ ഹെൽത്ത് നോക്കിയ ശേഷം ഒരു തീരുമാനം എടുക്കുന്നതാവും നല്ലത്
സ്ത്രീകളിലും ഹൃദ്രോഗം കൂടി വരുന്നു എന്താവും കാരണം ?
അതിറോസ്ക്ലിറോസിസ്, സ്ട്രെസ്സ് കാരണം ഉണ്ടാവുന്ന പ്ലാക്ക് റപ്ച്ചേഴ്സ്, ആർട്ടറി ചുരുങ്ങിപ്പോവുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം സ്ത്രീകളിലും കാണപ്പെടുന്നതാണ്. പുരുഷൻമാരെ അപേക്ഷിച്ച് നോക്കുമ്പോൾ സ്ത്രീകളിൽ ഹൃദ്രോഗം കാരണം മരണമുണ്ടാവാനുള്ള സാധ്യ വളരെ കൂടുതലാണ്. സ്ത്രീകളിൽ നല്ലൊരു വിഭാഗത്തിലും ഹൃദ്രോഗ ലക്ഷണങ്ങൾ കാണപ്പെടുന്നതും കുറവാണ്. ചെറിയ ക്ഷീണം പോലെയുള്ള ലക്ഷണങ്ങളാണ് ചെറുപ്പക്കാരായ സ്ത്രീകളിൽ കാണാറുള്ളത്. പലപ്പോഴും അത്തരം ലക്ഷണങ്ങൾ പലരും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളായി കാണാതെ അവഗണിക്കുന്നതും മരണസാധ്യത കൂട്ടുന്നു. മുപ്പത്തിയഞ്ച് വയസ്സുളള സ്ത്രീക്ക് നെഞ്ചുവേദന വന്നാൽ അത് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമായി പലരും കാണാറില്ല. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ കാണുന്ന ഡയബറ്റിസ്, കൊളസ്ട്രോൾ എന്നിവയും ഹൃദയാരോഗ്യം കൂടുതൽ വഷളാക്കുന്നു. മദ്യപാനവും പുകവലിയും ഉള്ള പുരുഷൻമാരേക്കാളും ഇതേ ശീലങ്ങൾ പിന്തുടരുന്ന സ്ത്രീകളുടെ ആരോഗ്യത്തെയാണ് കൂടുതലായി ബാധിച്ചുകാണാറുള്ളത്. സ്ത്രീകളിൽ കൂടുതലായി കാണുന്ന സ്ട്രെസ്സാണ് മറ്റൊരു പ്രശ്നം.
എന്തൊക്കെയാണ് ഹൃദയാരോഗ്യം മോശമാകുന്നതിൽ ശരീരം നൽകുന്ന സൂചനകൾ ?
ഇൻസുലിൻ റസിസ്റ്റൻസിന്റെ സൂചനകളായി തടികൂടുക, കഴുത്തിൽ വെൽവറ്റ് പോലെ കറുത്ത കളർ തുടങ്ങിയവ കണ്ടാൽ അത് ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണ്. ഇത് പിന്നീട് മെറ്റബോളിക് സിൻഡ്രം ഉണ്ടാവുന്നതിനും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിനും കാരണമാവും.
നടക്കുമ്പോൾ ഉള്ള നെഞ്ച് വേദന ( നെഞ്ചിൽ അമർത്തുന്ന പോലെ, എരിച്ചിൽ പോലെ, വിങ്ങൽ പോലെ) അനുഭവപ്പെടുക, ഈ വേദന താടിയിലേക്കോ ഷോൾഡറിലേക്കോ എത്തുക തുടങ്ങിയവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹ രോഗികളിൽ ചിലപ്പോൾ വേദന ഉണ്ടാവണമെന്നില്ല, പക്ഷെ നടക്കുമ്പോൾ മുൻപ് ഇല്ലാത്ത വിധം ക്ഷീണം കിതപ്പ്, അമിത വിയർപ്പ് എന്നിവയെല്ലാം കണ്ടാൽ വൈദ്യ സഹായം തേടാം. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഇസിജി , എക്കോ, ട്രെഡ്മിൽ ഇത്തരം പരിശോധനകൾക്ക് വിധേയരാവുകയും ചെയ്യാം
Content Highlights: Heart Attack Symptoms Risk and Recovery
Published: 29 Sept 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented