
ഏതൊരു മേഖലയിലും മുന്നോട്ടുപോകാനും പ്രതിസന്ധികൾ തരണം ചെയ്യാനുമുള്ള ഇച്ഛാശക്തി സ്വയം വളർത്തിയെടുക്കേണ്ടത് പ്രധാനമാണെന്ന് ദിവ്യ എസ്. അയ്യർ ഐ.എ.എസ്. പ്രതിസന്ധിഘട്ടത്തിൽ ക്ഷമയോടെ മനസ്സ് പറയുന്നത് കേൾക്കണമെന്ന് അവർ പറഞ്ഞു. വനിതാദിനത്തിൽ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുയായിരുന്നു ദിവ്യ എസ്. അയ്യർ.
ജീവിതത്തിൽ ഒരുപാട് വനിതകൾ സ്വാധീനിച്ചു, അവസരങ്ങളോട് നീതി പുലർത്തണം
എന്നെ ജീവിതത്തിൽ സ്വാധീനിച്ച ഒരുപാട് വനിതകളുണ്ട്. കാലാകാലങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്ന വനിതകളൊക്കെയും നമ്മളെ ശക്തിമത്താക്കുന്നവരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഹരിതകർമസേനയിലെ വനിതകൾ അവരുടെ അനുഭവങ്ങൾ എന്നോട് പങ്കുവെച്ചപ്പോൾ പറഞ്ഞത് ഈ ജോലി അവർ കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണ് ചെയ്യുന്നത് എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ഊർജം പകർന്ന വാക്കുകളാണിവ. നമുക്ക് എല്ലാവർക്കും ഇത്തരത്തിൽ അധ്വാനിച്ച് മുന്നേറാൻ സാധിക്കണം. നമുക്ക് ലഭിക്കുന്ന അവസരങ്ങൾക്ക് നൂറ് ശതമാനം നീതി പുലർത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
ഉള്ളിലെ രോഷം കരുത്താക്കി മാറ്റിയ പാട്ടി
എൻ്റെ അമ്മയായാലും സഹോദരിയായാലും പാട്ടിയായാലും ഒക്കെ സ്വന്തം സ്വത്വത്തിന് വിലകൽപ്പിച്ചിട്ടുള്ള വ്യക്തിത്വങ്ങളാണ്. ഇവർ ആരുടേയും മുന്നിൽ തലകുനിച്ച് നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല. പാട്ടി ഇപ്പോൾ ഞങ്ങൾക്കൊപ്പം ഇല്ല, ഈ വനിതാ ദിനം പാട്ടിയുടെ ഓർമദിനം കൂടിയാണ്.
ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച് ജീവിച്ചയാളാണ് പാട്ടി സുബലക്ഷ്മി. എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ അവർക്ക് പഠനം നിർത്തേണ്ടിവന്നു. തിരുനൽവേലിയിലാണ് പാട്ടി ജനിച്ച് വളർന്നത്. അവരുടെ ജില്ലയിൽ തന്നെ ഏറ്റവുമധികം മാർക്ക് വാങ്ങി ജയിച്ചയാളാണ്. പക്ഷേ ആർത്തവമായ കുട്ടികൾ പുറത്തുപോകാൻ പാടില്ല എന്ന സങ്കൽപ്പത്തിൽ പാട്ടിയുടെ അച്ഛൻ തുടർന്ന് പഠിക്കാൻ അവരെ അനുവദിച്ചില്ല. അധ്യാപകർ ഒരുപാട് നിർബന്ധിച്ചെങ്കിലും കാര്യമുണ്ടായില്ല. ആ ഒരു പ്രായത്തിൽ തന്നെ അവർ വിവാഹിതയുമായി. അതിനുശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് എത്തുന്നത്.
സ്വന്തം കാലിൽ നിൽക്കുക എന്ന ഇന്നത്തെ സങ്കൽപ്പത്തോട് കിടപിടിക്കുന്ന സാഹചര്യം അല്ലായിരുന്നു അന്ന്. സ്വന്തമായി സ്വത്തോ സമ്പത്തോ ജോലിയോ ഒന്നും അവർക്കില്ലായിരുന്നു. ഇന്ന് സ്ത്രീശാക്തീകരണം എന്ന് പറയുമ്പോൾ ഇത്തരം കാര്യങ്ങളാണ് സാധാരണഗതിയിൽ നമ്മൾ പറയുന്നത്. പക്ഷേ ഇതിലൊന്നും കിടപിടിക്കുന്ന ജീവിതമല്ലായിരുന്നു പാട്ടിയുടേത്. എന്നാൽ പാട്ടിയുടെ തീരുമാനങ്ങളും സ്വരവും ആരെയും പിടിച്ച് നിർത്തുന്നതായിരുന്നു. പണ്ടത്തെ അനുഭവം നൽകിയ കരുത്ത് അവർക്കുണ്ടായിരുന്നു.
എങ്ങനെയാണ് ഇത്രയും ശക്തി ലഭിച്ചതെന്ന് ഞാൻ പാട്ടിയോട് ചോദിച്ചിട്ടുണ്ട്. ഉള്ളിലെ രോഷമാണ് തനിക്ക് കരുത്തായി മാറിയതെന്നാണ് പാട്ടി പറഞ്ഞത്. കുട്ടിക്കാലത്ത് ആഗ്രഹമുള്ള കാര്യം ചെയ്യാൻ സമൂഹം അനുവദിച്ചില്ല. ആ രോഷം എങ്ങനെ ശക്തിയായി മാറ്റാമെന്ന് പാട്ടി കാണിച്ചുതന്നു. പാട്ടിക്ക് മൂന്ന് പെൺമക്കളാണ്. അതിൽ മൂത്തതാണ് എൻ്റെ അമ്മ. എൻ്റെ അമ്മയ്ക്കും സഹോദരിമാർക്കും ജനിച്ചത് പെൺമക്കളാണ്. വനിതകളാൽ സമ്പുഷ്ടമായ കുടുംബമായിരുന്നു എൻ്റേത്. ഞങ്ങൾ സ്വന്തം കാലിൽ നിൽക്കണമെന്നും പഠിക്കണമെന്നും തല ഉയർത്തി നിൽക്കണമെന്നതും പാട്ടിയുടെ ഒരു ശാഠ്യമായിരുന്നു.
പ്രതിസന്ധിഘട്ടത്തിൽ മനസ്സ് പറയുന്നതg കേൾക്കാൻ സമയം നൽകണം
ഏതൊരു മേഖലയിലും മുന്നോട്ടു പോകാനും പ്രതിസന്ധി തരണം ചെയ്യാനുമുള്ള ഇച്ഛാശക്തി വളർത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീ ആയാലും പുരുഷനായാലും അങ്ങനെ തന്നെയാണ് വേണ്ടത്. ഓരോരുത്തർക്കും പ്രതിസന്ധികൾ തരണം ചെയ്യാൻ ഓരോ രീതികളുണ്ട്. എൻ്റെ രീതിയാണ് ശരിയെന്ന് എനിക്ക് തോന്നിയിട്ടില്ല.
ആരെങ്കിലും ഇകഴ്ത്തിപറയുകയോ അവസരം തടയുകയോ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാതിരിക്കുകയോ മറ്റേതെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ എത്തിപ്പെടുകയോ തുടങ്ങിയ ദുരനുഭവങ്ങൾ ഒക്കെ ജീവിതത്തിൽ നമുക്ക് നേരിടേണ്ടി വന്നേക്കാം. ആ ഒരു സമയത്ത് ഞാൻ കേൾക്കുന്നത് എൻ്റെ ഉൾവിളി തന്നെയാണ്. ആ സമയത്ത് സങ്കടമാണോ ദേഷ്യമാണോ പ്രതികാരമാണോ വെെരാഗ്യമാണോ തോന്നുന്നതെന്ന് സ്വയം തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞാൽ മാത്രമേ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് മനസ്സിലാകൂ. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാൽ ആ പ്രതിസന്ധിഘട്ടം നമുക്ക് തരണം ചെയ്യാനാകും.
പ്രതിസന്ധികൾ സ്വയം നേരിടാനും പോരാടാനും തീരുമാനിക്കുന്ന ഓരോ സ്ത്രീയിലും ഞാൻ പാട്ടിയെ കാണാറുണ്ട്. സമൂഹത്തിൽ നിന്നേൽക്കുന്ന മുറിവ് എങ്ങനെ തരണം ചെയ്യണമെന്ന് ജീവിതത്തിലൂടെയും പോരാട്ടത്തിലൂടെയും കാണിച്ചുതരുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. നേരിട്ട് കാണുന്നവരെ പ്രചോദനമായി ഉൾക്കൊള്ളാനും നന്നായി പ്രവർത്തിക്കുവാനും എല്ലാവർക്കും സാധിക്കട്ടെയെന്നാണ് എൻ്റെ പ്രാർഥന.
ഉള്ളിലുള്ള കാര്യം തിരിച്ചറിയാൻ നമ്മൾ സമയം നൽകാറില്ല. നവമാധ്യമങ്ങളുടെ ഈ കാലത്ത് എല്ലാം ക്ഷണനേരം കൊണ്ട് നേടിയെടുക്കണം എന്ന ചിന്താഗതി പലർക്കും വന്നിട്ടുണ്ട്. നമ്മൾ ആരാണെന്നും എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മനസ്സിലാക്കാതെ മുന്നേറാൻ സാധിക്കില്ല. ഫേയ്സ്ബുക്കിലൊക്കെ ലെെക്ക് കിട്ടുന്നത് പോലെ ജീവിതത്തിൽ ക്ഷണനേരം കൊണ്ട് ഒരു പ്രതികരണം ലഭിച്ചെന്ന് വരില്ല. പ്രതികരണമായാലും പ്രതികാരമായാലും ക്ഷണനേരം കൊണ്ട് ചെയ്യണമെന്ന് മട്ടിലാണ് പലരും. മനസ്സ് എന്താണ് പറയുന്നത് എന്ന് ഒന്ന് കേൾക്കണം, കുറച്ച് നിദാനത്തോടെ നേരിട്ടാൽ ഏത് സാഹചര്യത്തേയും നേരിടാൻ കഴിയുമെന്നാണ് എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്.
Content Highlights: Divya S. Iyer shares her inspiring journey, emphasizing resilience, patience
Published: 08 Mar 2025, 02:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented