
വടകര: 2012 ജൂണ്‍ രണ്ട്... ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് 30 ദിവസം തികയുന്ന ദിവസം. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസംകൂടിയായിരുന്നു, അന്ന്. രാവിലെ 10.15-ന് കെ.കെ. രമയുടെ ഫോണിലേക്ക് ഒരു കോള്‍... അപ്പുറത്ത് വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി സുരേഷാണ്. വി.എസിന് സംസാരിക്കണമെന്ന് പറഞ്ഞു. ഫോണെടുത്ത വി.എസ്. പറഞ്ഞു: ''ഞാന്‍ ഒഞ്ചിയത്തേക്ക് വരുന്നു...''
വിവരമറിഞ്ഞ് സിപിഎം നേതൃത്വം ഞെട്ടി. ടി.പി. വധമുണ്ടാക്കിയ കടുത്തവേദനയില്‍ നീറിക്കൊണ്ടിരുന്ന ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പ്രത്യാശയുടെ നിമിഷങ്ങള്‍. ഒഞ്ചിയം പിന്നീട് അലകടലാകുന്നതാണുകണ്ടത്. നാടിന്റെ പലഭാഗങ്ങളില്‍നിന്നും ജനം ഒഴുകി. മണ്ടോടിത്താഴ റോഡും തൈവെച്ചപറമ്പില്‍ വീടുമെല്ലാം ജനസാഗരമായി.
12 മണിയോടെയാണ് ജനസാഗരത്തിനിടയിലേക്ക് വി.എസ്. വന്നിറങ്ങിയത്. നേരേ കെ.കെ. രമയുടെ മുറിയിലേക്ക്. പിതാവിന്റെമുന്നില്‍ മകളെന്നപോലെ രമ ആ കൈകള്‍ കൂട്ടിപ്പിടിച്ച് വിതുമ്പി. ശാന്തനായി രമയെ ആശ്വസിപ്പിക്കുമ്പോള്‍ വിഎസിന്റെ കണ്ണട സ്ഥാനംതെറ്റി. അന്ന് രമ വിഎസിനോട് പറഞ്ഞു: ''അങ്ങയെക്കണ്ടാണ് ചന്ദ്രശേഖരന്‍ പ്രവര്‍ത്തിച്ചത്... അവസാനംവരെ സഖാവിന്റെ ആദര്‍ശവും ഊര്‍ജവും ചന്ദ്രശേഖരന്‍ കൈവിട്ടിട്ടില്ല... അദ്ദേഹത്തെ ഇല്ലാതാക്കിയിട്ടും ഭീഷണി തുടരുകയാണ്...'' ആ വാക്കുകള്‍ കേട്ടശേഷം വി.എസ്. പറഞ്ഞു: ''എല്ലാം ഞാന്‍ മനസ്സിലാക്കുന്നുണ്ട്...''
ഒരു മണിക്കൂര്‍ നേരമാണ് അടച്ചിട്ടമുറിയില്‍ രമയോട് വി.എസ്. സംസാരിച്ചത്. പിന്നീട് ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍, ടി.പി.യുടെ അമ്മ പത്മിനി അമ്മ, രമയുടെ അച്ഛന്‍ കെ.കെ. മാധവന്‍, ആര്‍എംപി നേതാവ് എന്‍. വേണു, കെ.കെ. ജയന്‍ എന്നിവരും വി.എസിനോട് ഒഞ്ചിയത്തെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഏറ്റവുമൊടുവില്‍ ചന്ദ്രശേഖരന്‍ പണിത പുതിയവീട്ടിലേക്ക് വി.എസിനൊപ്പം രമ കയറി. പിന്നെ ടി.പി.യുടെ ശവകുടീരത്തിനുമുന്നില്‍... ധീരനായ കമ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ച ടി.പി.ക്ക് മുഷ്ടിചുരുട്ടി, വിഎസിന്റെ അഭിവാദ്യം.
കൂടിനിന്നിവര്‍ മുഴുവന്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചാണ് വി.എസിനെ അന്ന് യാത്രയാക്കിയത്. ഒഞ്ചിയത്തെ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശംപകര്‍ന്ന സംഭവമായിരുന്നു അത്. ടി.പി.യുടെ പ്രസ്ഥാനത്തിനൊപ്പം പൊതുജനസേവനത്തിനിറങ്ങാന്‍ കെ.കെ. രമയെ പ്രാപ്തയാക്കിയതിലും ഈ സന്ദര്‍ശനത്തിന് വലിയപങ്കുണ്ട്. ഇതേക്കുറിച്ച് കെ.കെ. രമ തിങ്കളാഴ്ച ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: 'പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസ്സഹായയായിനിന്ന വേളയില്‍, ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയസഖാവ്... അന്ത്യാഭിവാദ്യങ്ങള്‍...'
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു ദിവസം വി.എസ്. ഒഞ്ചിയത്തെത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കി. അതൊന്നും വി.എസ്. വകവെച്ചില്ല. ''ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെയും മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെയും ദുഃഖത്തില്‍ പങ്കുചേരാനാണ് താന്‍ ഒഞ്ചിയത്ത് പോയതെ''ന്നായിരുന്നു വി.എസ്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
Content Highlights: VS Achuthanandan`s Visit to Onchiyam After TP Chandrasekharan`s Murder
Published: 22 Jul 2025, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented