ചെന്നൈ: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റേയും പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ്. എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച പോസ്റ്റിനൊപ്പം തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സ്റ്റാലിന്റെ പിതാവുമായ എം. കരുണാനിധിക്കൊപ്പമുള്ള വി.എസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. വി.എസിന് നേരിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രി എസ്. രഘുപതിയെ ചുമതലപ്പെടുത്തിയതായും സ്റ്റാലിന്‍ സാമൂഹികമാധ്യമക്കുറിപ്പില്‍ അറിയിച്ചു.

To advertise here,

'കേരളത്തിന്റെ രാഷ്ട്രീയ മനഃസാക്ഷിയില്‍ ആഴത്തില്‍ പതിഞ്ഞ വിപ്ലവപാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദന്‍ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂര്‍ത്തിമദ്ഭാവമായിരുന്നു മുന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. ഈ വിപ്ലവ സൂര്യന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും സിപിഎം സഖാക്കള്‍ക്കും കേരള ജനതയ്ക്കും എന്റെ ആത്മാര്‍ഥമായ അനുശോചനം', സ്റ്റാലിന്‍ കുറിച്ചു.

മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.