2005-ലെ മെയ് ദിനം. തൃശൂരിലെ തേക്കിന്‍കാട്.
അന്നേക്ക് മാത്രം മൈതാനത്തിന് പുതിയ പേരു വന്നു. പ്രിയദര്‍ശിനി നഗര്‍.
കോണ്‍ഗ്രസ്സിന്റെ പൊട്ടിത്തെറികള്‍ മൂര്‍ദ്ധന്യത്തിലേക്ക്. കെ കരുണാകരന്‍ പുറത്തേക്ക്.
സീതാറാം മില്ലില്‍ തൊഴിലാളിയായി തൃശൂരില്‍ വന്ന് കൈത്തണ്ട തലയണയാക്കി വളര്‍ന്ന ലീഡര്‍ കണ്ണോത്ത് കരുണാകരന്‍ പാര്‍ട്ടി വിടുകയായി. പുതിയ പാര്‍ട്ടി രൂപീകരിക്കുകയായി. മകന്‍ കെ മുരളീധരന്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട്.
അതിന് മുമ്പായി തന്നെ എഐസിസിയുമായി അടിച്ചു പിരിഞ്ഞിരുന്നു ലീഡര്‍. നല്ല ബന്ധം ആഗ്രഹിച്ചാലും സാധ്യമല്ലാത്ത വിധം ബന്ധം വഷളായി. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് വിളിച്ചു. അച്ഛന്‍ ആനപ്പുറത്ത് ഇരുന്ന തഴമ്പ് ഇപ്പോള്‍ തപ്പിനോക്കിയാല്‍ കാണില്ലന്ന് നെഹ്റു കുടുംബത്തെ ആക്ഷേപിച്ചു. തൃശൂരില്‍ കരുണാകരന്റെ അനുയായികള്‍ ഇരമ്പിയാര്‍ത്തു.
കരുണാകരനും മുരളീധരനും പ്രഖ്യാപിച്ചു- ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം.
സംസ്ഥാനഭരണം അഴിമതിയും കൊള്ളയും നിറഞ്ഞത്.
കേന്ദ്രത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ഇടതുമുന്നണിയുമായി കേരളത്തിലും കോണ്‍ഗ്രസ്സിന് യോജിക്കാം.
ലീഡര്‍ രാജ്യസഭാഗത്വം രാജിവച്ചു. ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ വൈകാതെ രാജിവയ്ക്കുമെന്നു പ്രഖ്യാപനം. എംഎല്‍എ ഫണ്ട് വിനിയോഗം തടസ്സപ്പെടാതിരിക്കാനാണ് രാജി വയ്ക്കാത്തതെന്ന് വിശദീകരണം. പുതിയ പാര്‍ട്ടിക്ക് യുഡിഎഫിലെ അസംതൃപ്തരായ ടിഎം ജേക്കബ്ബും ബാലകൃഷ്ണപ്പിള്ളയും പിന്തുണ നല്‍കി. അന്നുതന്നെ കരുണാകരന്‍ സിപിഎമ്മിലെ ഉന്നതനുമായി ബന്ധപ്പെട്ടെന്ന് വാര്‍ത്ത വന്നു. പുതിയ പാര്‍ട്ടിക്കൊപ്പം അതിജീവിക്കാന്‍ പുതിയ മുന്നണി കൂടി പ്രഖ്യാപിക്കുകയായിരുന്നു ലീഡര്‍.
രണ്ടു മണിയോടെ തേക്കിന്‍കാട്ടില്‍ ആളൊഴിഞ്ഞു. ഞങ്ങള്‍ നേരേ പടിഞ്ഞാറേച്ചിറയ്ക്കടുത്തുള്ള ഈച്ചരവാര്യരുടെ വീട്ടിലേക്ക് നടന്നു. വിങ്ങുന്ന മുഖവുമായി ടിവിയ്ക്കു മുന്നില്‍ ഇരിക്കുകയാണ് ടിവി ഈച്ചരവാര്യര്‍. അടിയന്തിരാവസ്ഥയില്‍ കൊല്ലപ്പെട്ട എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍. നരച്ച പുരികത്തിന് താഴെ ആ കണ്ണുകളില്‍ വിഷാദവും രോഷവും. പണ്ട് കെ. കരുണാകരനും രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ ഇതേ വീട്ടില്‍ വന്നിട്ടുണ്ട്, പലവട്ടം. ഭക്ഷണം ആര്‍ഭാടമായിരുന്ന കാലത്തെ താവളം.
വാര്യര്‍മാഷുടെ മുഖത്തേക്കു നോക്കി. അദ്ദേഹം ഇരിക്കാന്‍ ആംഗ്യം കാട്ടി. പിന്നെ എന്നെ കണ്ടതേയില്ല. ആ കണ്ണുകള്‍ ടിവിയിലേക്ക് മാത്രം. ടെലിവിഷനില്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് കേരളയുടെ- പിന്നീട് പേര് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിര എന്നായി- രൂപീകരണ ദൃശ്യങ്ങള്‍. മുരളീധരന്റെ ആവേശപ്രസംഗം, കരുണാകരന്റെ പരിഹാസങ്ങള്‍.. വേദിയില്‍ എംപി ഗംഗാധരനും കോടോത്ത് ഗോവിന്ദന്‍നായരും സാദിരിക്കോയയുമെല്ലാം.
ക്യാമറ ഓണാക്കാന്‍ തോന്നിയില്ല. മൈക്ക് നീട്ടാതെ തന്നെ മടങ്ങാന്‍ തീര്‍ച്ചയാക്കി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തൃശൂരില്‍ കേരളകൗമുദിയില്‍ ഉണ്ടായിരുന്ന കാലം തൊട്ടേയുള്ള സൗഹൃദമുണ്ട്. ഒന്നു കണ്ടുപോകാന്‍ വന്നതാണെന്ന് പറയാം..
'വെറുതേ ഒന്നു കാണാന്‍ വന്നതാണ്. തിരിച്ചു പോകണം. കൊച്ചിയിലാണ്', എണീക്കുന്നതിനിടെ ഞാന്‍ പറഞ്ഞു.
വാര്യര്‍ മാഷ് ഒന്നുനോക്കി. എന്നിട്ടുപറഞ്ഞു, 'ഇരിക്കൂ, എനിക്കു ചിലതു പറയാനുണ്ട്'
ക്യാമറ ഓണാക്കി. മെക്ക് നീട്ടി. ഈച്ചരവാര്യര്‍ ആരംഭിച്ചു. ടിവിയില്‍ അപ്പോള്‍ കെ. മുരളീധരന്‍ എത്രാമത്തേയോ തവണ പ്രസംഗിക്കുകയായിരുന്നു.
'എന്റെ രാജനും ജീവിച്ചിരുന്നെങ്കില്‍ ഇതേ പ്രായമുണ്ടായേനേ. അവനിപ്പോള്‍ ഇല്ല. ഇനി തിരിച്ചുവരികയുമില്ല. കരുണാകരന്‍ സ്വന്തം മോന് പുതിയ പാര്‍ട്ടി സമ്മാനിക്കുകയാണ്. എത്രയോ പേര്‍ ജീവന്‍ ത്യജിച്ച കോണ്‍ഗ്രസ്സിനെ പിളര്‍ത്തിക്കൊണ്ട്.. പുതിയ അഴിമതിക്കും പുതിയ അധികാരത്തിനും വേണ്ടി. പുതിയ കളിപ്പാട്ടം.'
'ഇടതുമുന്നണിയുമായി സഹകരിക്കാമെന്നാണ് കരുണാകരന്‍ പറയുന്നത്. ഡിഐസിയുടെ രാഷ്ട്രീയ പ്രമേയം അങ്ങനെയാണ്.'
'നോക്കാം. കരുണാകരന്റെ എല്ലാ ആഗ്രഹങ്ങളും ഇവിടെ സഫലമാവുമോ? നോക്കാം?'
വളരെ ചെറിയ അഭിമുഖം. അഞ്ചാറു വാചകങ്ങളില്‍ പറയാനുള്ളതെല്ലാം അദ്ദേഹം പറഞ്ഞു. പോരും മുമ്പേ ചോദിച്ചു- 'കരുണാകരന്‍ സിപിഎമ്മിലെ ചിലരൊക്കെയായി ചര്‍ച്ച നടത്തിയെന്നു കേള്‍ക്കുന്നുണ്ട്. മുരളീധരനാവും ഇനി ചര്‍ച്ച നയിക്കുകയെന്നും.'
ഈച്ചരവാര്യര്‍ മാഷ് ഒരിക്കല്‍ക്കൂടി എന്നെ നോക്കി. പതുക്കെ ചിരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ചേര്‍പ്പിലെ മൈതാനത്ത് ' ഇനിയൊരച്ഛനും ഈ ഗതി വരരുതേ' എന്ന് ജനങ്ങളോട്പ്രാര്‍ത്ഥിച്ച ഈച്ചരവാര്യര്‍. അതിനുമപ്പുറമാണ് കുട്ടികളെ കൊല്ലംതോറും എഴുത്തിനിരുത്തുന്ന തിരുവുള്ളക്കാവ്.
വാതില്‍ കടന്ന് ഞങ്ങള്‍ മുറ്റത്തേക്കിറങ്ങവേ മാഷ് പറഞ്ഞു. 'സിപിഎം അതിന് തയ്യാറാവുമോ? അവിടെ അച്യുതാനന്ദനൊക്കെ ഇല്ലേ'
അന്നു വൈകീട്ട് ജീവന്‍ ടിവി ആ വാര്‍ത്ത സംപ്രേഷണം ചെയ്തു. വാര്‍ത്ത പോയതിന് പിന്നാലെ വിഎസിന്റെ എറണാകുളത്തെ ഒരനുയായി വിളിച്ചു. ഇതേപ്പറ്റി ചോദിച്ചു. വാര്യര്‍ മാഷ് പറഞ്ഞത് എന്തെല്ലാമെന്ന് പറഞ്ഞു. പിറ്റേന്ന് മെയ്ദിനമായതിനാല്‍ പത്രങ്ങള്‍ ഇല്ലായിരുന്നു. ഉച്ചയോടെ മറ്റ് ചാനലുകളും വാര്‍ത്ത ഏറ്റെടുത്തു. കരുണാകരനെ ഒപ്പം ചേര്‍ക്കാമെന്ന സൂചനകള്‍ പോലും അനുവദിക്കാത്ത വിധം സമൂഹം ജാഗരൂകമായി. സിപിഐ നിലപാട് കടുപ്പിച്ചു. കെ. കരുണാകരന് എതിരേ അതേ ആഴ്ചയില്‍ രണ്ടുവട്ടം വിഎസ് ആഞ്ഞടിച്ചു.
ആ പുതിയ പാര്‍ട്ടിയുടെ രാഷ്ടീയവണ്ടി അച്യുതാനന്ദനെന്ന പാറയില്‍ ഇടിച്ചുനിന്നു. അന്ന് ആ പാറയ്ക്ക് ലോഹമൂര്‍ച്ച പകരാന്‍ ഈച്ചരവാര്യരുടെ സങ്കടങ്ങളും ഉരുക്കിയൊഴിച്ചിരുന്നു.
Content Highlights: Remembering Achuthanandan and Eecharavaryar
Published: 23 Jul 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented