
കൊല്ലം: വി. രവികുമാറിന് ജീവിതം വായനയാണ്. പുസ്തകങ്ങളുടെ വിശാലമായ ലോകത്ത് ഒറ്റയ്ക്കാണ് താമസം. കൂട്ടിന് കഥാപാത്രങ്ങള്‍. കഥകള്‍, കവിതകള്‍. ആ വായനാലോകത്തുനിന്നു പിറന്ന പരിഭാഷകള്‍ ഇപ്പോള്‍ ഇരുപത്തഞ്ചെണ്ണമാകുന്നു.
കാഫ്കയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ച് 'കാസിലും' 'അമേരിക്ക'യും ഒഴികെയുള്ള എല്ലാ രചനകളും മലയാളത്തിലേക്ക് മൊഴിമാറ്റി. ഒപ്പം നെരൂദ, ബോദ്ലെയര്‍, റോബര്‍ട്ട് വാള്‍സര്‍, അന്ത്വാന്‍ ദ് സാന്തെ-എക്സ്യുപെരി തുടങ്ങിയവരുടെ ക്ലാസിക് രചനകളും പ്രസിദ്ധരുടെ ക്ലാസിക് പ്രണയലേഖനങ്ങളും. ബോദ്ലെയറുടെ 'കലാകാരന്റെ കുമ്പസാരങ്ങള്‍' എന്ന കൃതിയുടെ പരിഭാഷ മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധപ്പെടുത്തിയത്.
കുട്ടിക്കാലംമുതല്‍ കൂടെയുണ്ട് വായന. ആനുകാലികങ്ങളില്‍ തുടങ്ങി, പുസ്തകങ്ങളിലേക്കു പടര്‍ന്ന് ലോക ക്ലാസിക്കുകളിലേക്കെത്തിയതാണത്. വീണ്ടും വീണ്ടും വായിക്കുന്ന കൃതികള്‍ ഏതാണെന്ന് ചോദിച്ചാല്‍ കാഫ്കയുടെയും ദസ്തയോവസ്‌കിയുടേതുമാണെന്നാണ് ഉത്തരം.
റെയില്‍വേയില്‍ കമേഴ്സ്യല്‍ ക്ലാര്‍ക്കായി ജോലിയിലിരിക്കെയും വായന കൈവിട്ടില്ല. രാത്രി ഡ്യൂട്ടി വായനയെ ബാധിക്കുമെന്നായപ്പോഴാണ് സ്വമേധയാ ജോലി വിട്ടത്.
കവിതയും കഥയുമൊക്കെ എഴുതിയിരുന്നെങ്കിലും ലോക ക്ലാസിക്കുകള്‍ വായിക്കാന്‍ തുടങ്ങിയതോടെ ആ പരിപാടി നിര്‍ത്തി. പിന്നെ വായന ലഹരിയായപ്പോള്‍ കല്യാണവും വേണ്ടെന്നുവെച്ചു. പൂര്‍ണസമയവും വായനയും മൊഴിമാറ്റങ്ങളുമായി. റോബര്‍ട്ട് വാള്‍സറിന്റെ 'അലസയാത്രകള്‍' എന്ന പുസ്തകമാണ് അവസാനമായി മൊഴിമാറ്റിയത്. വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഇ.കെ.ദിവാകരന്‍ പോറ്റി സ്മാരക അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
രാത്രി 12 വരെയാണ് വായന. രാവിലെ ആറിന് എഴുന്നേല്‍ക്കും. ഇതിനിടയില്‍ പാചകം, പരിസരത്തെ ജോലികള്‍. എല്ലാം കഴിഞ്ഞാലും വായനതന്നെ. ഇടയ്ക്ക് ഇന്ത്യന്‍ യാത്രകളും. വിദേശത്തേക്ക് പലരും ക്ഷണിച്ചിരുന്നു. പക്ഷേ, പാസ്പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.
'ധര്‍മയുഗം' ഹിന്ദി മാസികയില്‍നിന്നാണ് വിവര്‍ത്തനം തുടങ്ങുന്നത്. അതില്‍നിന്നും മൊഴിമാറ്റിയൊരു വാക്യം ജീവിതത്തിലെയും ആപ്തവാക്യമാണ് ചവറ സൗത്ത് കൂട്ടാക്കില്‍ രവികുമാറിന്. 'ബിനാ പാസ്‌പോര്‍ട്ട് ദുനിയാ കി സൈര്‍'-പാസ്പോര്‍ട്ട് ഇല്ലാത്ത ലോകയാത്ര, അതാണ് വായന.
Content Highlights: Reading day 2024 Ravi Kumar book reader in Kollam
Published: 19 Jun 2024, 08:04 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented