
എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ് തന്റെ വായനാജീവിതത്തിലെ ഒരനുഭവം പങ്കുവെക്കുന്നു;
എം.ടി.യുടെ 'കാലം' ഞാന്‍ വായിക്കുന്നത് വളരെ വൈകിയാണ്. പുസ്തകങ്ങള്‍ ഇത്ര ധാരാളമായി കിട്ടാത്ത കാലമാണത്. പിന്നെ കൈയില്‍ കാശുമില്ല. കോട്ടയ്ക്കല്‍ പഞ്ചായത്ത് ലൈബ്രറിയില്‍ അതുണ്ട്. പക്ഷേ, എപ്പൊ ചെല്ലുമ്പോഴും 'പുറത്താ'യിരിക്കും. എം.ടി.യുടെ മറ്റുകൃതികള്‍ വായിച്ച് ആവേശംകൊണ്ട സമയമാണ്. കാലവും വായിക്കാനുള്ള പൊറുതികേടുമൂത്ത് ആ പുസ്തകം കൊണ്ടുപോയ ഒരുപെണ്‍കുട്ടിയെ വീട്ടില്‍ അന്വേഷിച്ചുചെന്നെങ്കിലും പുസ്തകം കിട്ടാതെ തിരിച്ചുപോന്നു.
അങ്ങനെയിരിക്കെയാണ് ആട്ടീരിയിലെ ഒരു പ്രൊഫസറുടെ വീട്ടില്‍ പെയിന്റടിക്കാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ മുകള്‍നിലയില്‍ ഗംഭീരമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. കഥയും കവിതയും നോവലും പുരാണങ്ങളുമെല്ലാമുള്ള ലൈബ്രറി. ഭംഗിയില്‍ അവ അടുക്കിവെച്ചിരിക്കുന്നു. ആ റൂം പെയിന്റടിക്കാന്‍ നില്‍ക്കുമ്പോള്‍ അതില്‍ അടുക്കിവെച്ച നോവലുകള്‍ക്കിടയില്‍ കാലം കണ്ടു. മനസ്സില്‍ ലഡുവല്ല, വലിയൊരു ബോംബുതന്നെ പൊട്ടി. 'കാലം' വായിക്കാന്‍ തരാമോ എന്നുചോദിച്ചു. എന്റെ പുസ്തകങ്ങള്‍ മറ്റാരും തൊടുന്നത് ഇഷ്ടമല്ലെന്നായിരുന്നു മറുപടി.
ഉച്ചയ്ക്ക് ഭക്ഷണംകഴിക്കുന്ന ഇടവേളയില്‍ കാലം അടിച്ചുമാറ്റിയാലോ എന്നൊരു ചിന്ത ഉള്ളിലുണര്‍ന്നു. ബീഡി ഉള്ളില്‍വെച്ചുമറന്നു എന്നുംപറഞ്ഞ് മുകള്‍നിലയിലെ മുറിയില്‍ കയറി. ഷെല്‍ഫ് തുറന്ന് 'കാലം' എടുത്തു. ആ മുറിയില്‍ അപ്പുറത്ത് വേസ്റ്റ് വെച്ച ചാക്കുകള്‍ക്കിടയില്‍ പുസ്തകംതിരുകി ഇറങ്ങിവന്നു. പിന്നെ ജോലിതീരാന്‍ നേരം വെയിസ്റ്റ് കളയാനെടുക്കുമ്പോള്‍ ആരുംകാണാതെ അരയില്‍ പുസ്തകം തിരുകി. ഡ്രസ് മാറുന്ന സ്ഥലത്തുചെന്ന് അത് ഒന്നുകൂടി പുറത്തേക്കുമുഴയ്ക്കാതെ ഭദ്രമാക്കി.
കൂലിയുംവാങ്ങി നേരേ വീട്ടിലേക്ക് പോയി.
സാധാരണ പണികഴിഞ്ഞ് അങ്ങാടിയിലേക്കോ സിനിമയ്‌ക്കോ പോകുന്ന ഞാന്‍ അന്നു നേരേ വീട്ടിലേക്കുപോയി. കാലം ബോംബുപോലെ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന വിധം അരയിലുണ്ടല്ലോ! വീടെത്തുമ്പോള്‍ ആറര, ആറേ മുക്കാല്‍. അന്നുരാത്രിതന്നെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു. പുലര്‍ച്ചെ മൂന്നരയായി തീര്‍ന്നപ്പോള്‍. പിന്നെ സുഖമായുറങ്ങി.
പിറ്റേന്നുരാവിലെ വീണ്ടും പേടിയായി. എന്തായാലും ആ വീട്ടില്‍ മൂന്നുനാലുദിവസത്തെ പണിയുണ്ട്. അതിനിടയ്ക്ക് കക്ഷി വിവരമെങ്ങാന്‍ അറിഞ്ഞാലോ? പുസ്തകം ഞാന്‍ ചോദിച്ചിരുന്നതുമാണല്ലോ. അക്കൂട്ടത്തില്‍ ഞാന്‍ മാത്രമേ വായിക്കുന്നയാളുള്ളൂ എന്നുമറിയാം. അന്നുരാത്രി, കള്ളനായ എന്നെ ആളുകള്‍ പിടിക്കുന്നതും ഇടിക്കുന്നതുമെല്ലാം സ്വപ്നം കണ്ടു. നേരം വെളുത്തു. കൈയിലുള്ള പുസ്തകം എങ്ങനെ തിരിച്ചുകൊണ്ടുവെക്കുമെന്നായി ചിന്ത. വല്ലാത്ത കുറ്റബോധം. രണ്ടുദിവസം അങ്ങനെ കഴിഞ്ഞു.
എന്തായാലും അവിടെ ജോലി തീരുന്നതിന്റെ തലേന്ന് 'കാലം' മടിയില്‍ തിരുകി കൊണ്ടുപോയി. അന്ന് ഭാഗ്യത്തിന് പ്രൊഫസര്‍ അവിടെ ഉണ്ടായിരുന്നില്ല. എം.ടി.യുടെ ഭാഗ്യത്തിനോ എന്റെ ഭാഗ്യത്തിനോ വായന എന്ന പ്രാന്തിന്റെ ഭാഗ്യത്തിനോ ഞാന്‍ പുസ്തകമെടുത്തകാര്യം ആരുമറിഞ്ഞിരുന്നില്ല.
ആ ആശ്വാസത്തില്‍ 'എനിക്ക് ഒന്നു ടച്ച് ചെയ്യാനുണ്ടെന്നും' പറഞ്ഞ് ലൈബ്രറിമുറിയില്‍ വീണ്ടും ചെല്ലുകയും കാലം തിരിച്ചുവെക്കുകയും ചെയ്തു. അത് തിരിച്ചുവെച്ചപ്പോഴുള്ള ആശ്വാസം വലുതായിരുന്നു. പിന്നെയും അതേവീട്ടില്‍ പെയിന്റടിക്കാന്‍ പോയി. പക്ഷേ, അപ്പോഴേക്ക് പ്രൊഫസര്‍ ഭൂമിവിട്ടുപോയിരുന്നു.
അതിനുശേഷം കാലം ഞാന്‍ കാശുകൊടുത്തുവാങ്ങി. ഒരുപാടുതവണ വായിച്ചു.
ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ നോവല്‍
18-19 വയസ്സുമുതല്‍ നോവലുകളെഴുതാന്‍ തുടങ്ങിയിരുന്നു. പക്ഷേ, അവയൊന്നും വെളിച്ചംകണ്ടില്ല. ഇപ്പോള്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'അബുവിന്റെ ജാലകങ്ങള്‍' എന്ന ആദ്യ നോവല്‍ നല്‍കുന്ന ആഹ്ലാദം ചെറുതല്ല. ഈ നോവലിലെ അബൂബക്കറും അദ്ദേഹത്തിന്റെ വല്യുമ്മയും 19-ാം വയസ്സിലെഴുതിയ നോവലിലെ കഥാപാത്രങ്ങളാണ്. ഇവരും എന്റെയൊരു സങ്കല്‍പദേശവുമൊക്കെ അതിലുണ്ടായിരുന്നതാണ്.

ആ ഒരു സമയത്താണ് ഞാന്‍ ഉന്മാദത്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നത്. അങ്ങനെ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും ഉമ്മ അതെടുത്ത് കത്തിച്ചുകളഞ്ഞിരുന്നു! വേറെയും പുസ്തകങ്ങളും. മകന്‍ ഓതിമറിയുമോ? എന്നതായിരുന്നു പേടി.
16 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ആ കഥ പുതിയരൂപത്തില്‍ പുനര്‍ജ്ജനിച്ചു. 35 ദിവസംകൊണ്ടാണ് 'അബുവിന്റെ ജാലകങ്ങള്‍' എഴുതി പൂര്‍ത്തിയാക്കിയത്. അച്ഛനും അമ്മയുമൊക്കെ ഉണ്ടായിട്ടും അനാഥരായിപ്പോവുന്നതിനെപ്പറ്റിയാണ് നോവല്‍.
Content Highlights: Reading day 2024 Author Mohammed Abbas shares his memories on reading
Published: 19 Jun 2024, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented