ഔദ്യോ​ഗിക ബഹുമതികളോടെ വിട, വാണി ജയറാം ഇനി ഓർമ


2 min read
Read later
Print
Share

മലയാളത്തിൽ ‘സ്വപ്നം’ എന്ന ചിത്രത്തിനുവേണ്ടി സലിൽ ചൗധരി ഈണമിട്ട ‘സൗരയൂഥത്തിൽ വിടർന്നോരു...’ എന്ന ഗാനമായിരുന്നു ആദ്യം പാടിയത്.

വാണി ജയറാം | ഫോട്ടോ: കെ.കെ. സന്തോഷ് | മാതൃഭൂമി

ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന് യാത്രാമൊഴിയേകി സംഗീത ലോകം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. പാട്ടുലോകത്തിൻറെ നഷ്ടമാണ് വാണി ജയറാമിന്റെ വിയോ​ഗമെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രി ഏഴുമണി മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കംപാക്കത്തെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നിരവധിപേർ ആദരാഞ്ജലികളർപ്പിച്ചു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു. വാണി ജയറാമിന്റെ മരണത്തോടെ ഗുരുനാഥയെയാണ് നഷ്ടമായതെന്ന് ഗായിക ശ്വേത മോഹൻ പ്രതികരിച്ചു.

ശനിയാഴ്ച രാവിലെ ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയിലായിരുന്നു അന്ത്യം. ജോലിക്കാരിയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്കുമുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. നെറ്റിയിൽ മുറിവുണ്ടെന്നും ഇത് വീഴ്ചയിൽ മുറിയിലെ ടീപ്പോയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നും ചെന്നൈ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ശേഖർ ദേശ്‌മുഖ് പറഞ്ഞു.

സംഗീതവഴിയിൽ നിഴൽപോലെ കൂടെയുണ്ടായിരുന്ന ഭർത്താവ് ജയറാം 2018-ൽ അന്തരിച്ചു. മുംബൈ സ്വദേശിയും ഇൻഡോ-െബൽജിയം ചേംബർ ഓഫ് കൊമേഴ്‌സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായിരുന്നു ജയറാം. ഇവരുടെ വിവാഹവാർഷികദിനത്തിലാണ്‌ വാണിയുടെ അന്ത്യം. രാജ്യം പദ്മഭൂഷൺ നൽകി വാണിജയറാമിനെ ആദരിച്ചത് ദിവസങ്ങൾക്കു മുമ്പാണ്. തമിഴ്, മലയാളം, തെലുഗു, കന്നഡ, മറാഠി, ഹിന്ദി തുടങ്ങി 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. ആയിരക്കണക്കിന് ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. 1971-ൽ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന ചിത്രത്തിൽ വസന്ത് ദേശായി സംഗീതം നിർവഹിച്ച ‘ബോലേ രേ പപ്പി...’ ആണ് ആദ്യഗാനം.

മലയാളത്തിൽ ‘സ്വപ്നം’ എന്ന ചിത്രത്തിനുവേണ്ടി സലിൽ ചൗധരി ഈണമിട്ട ‘സൗരയൂഥത്തിൽ വിടർന്നോരു...’ എന്ന ഗാനമായിരുന്നു ആദ്യം പാടിയത്. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്‍വാൻ എന്തു താമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻപാട്ടിലെ മൈന, ഓലഞ്ഞാലിക്കുരുവി, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു, തിരുവോണപ്പുലരി തൻ തിരുമുൽകാഴ്ച വാങ്ങാൻ, മനസ്സിൻ മടിയിലെ മാന്തളിരിൻ തുടങ്ങി നൂറുകണക്കിന് മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി. മൂന്നുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി.

1945 നവംബർ 30-ന് തമിഴ്‌നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി-പദ്മാവതി ദമ്പതിമാരുടെ മകളായാണ് ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. സംഗീതജ്ഞയായ അമ്മയാണ് ആദ്യഗുരു. എട്ടാംവയസ്സിൽ മദിരാശി ആകാശവാണിയിൽ പാടിത്തുടങ്ങിയ വാണി കർണാടകസംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരിയായി ഔദ്യോഗികജീവിതം ആരംഭിച്ച അവർ ആദ്യ ചലച്ചിത്രഗാനത്തിനുശേഷം രാജിവെച്ചു. ഏതാനും ദിവസംമുമ്പാണ് സംഗീതരംഗത്ത് 50 വർഷം പിന്നിട്ടത്.

Content Highlights: vani jayaram passed away, vani jayaram creamtion held at chennai

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented