
ബി. രാജേന്ദ്രപ്രസാദ് എന്ന ബീയാര്‍ പ്രസാദ് എന്നും തികഞ്ഞ കുട്ടനാട്ടുകാരനായിരുന്നു. ഇടയ്ക്കിടെ വയലോരത്തെ വീട്ടില്‍ കയറിയിറങ്ങുന്ന വെള്ളവും ആ കാറ്റും നാട്ടുവഴികളും വിട്ട് മറ്റൊരു സ്ഥലത്തേക്കൊരു പറിച്ചുനടല്‍ പ്രസാദിന് ചിന്തിക്കാനാകുമായിരുന്നില്ല.
ആ നാടും അന്തരീക്ഷവും തന്നെയാണ് പ്രസാദ് എന്ന കലാകാരനെ വളര്‍ത്തിയത്. പ്രസാദ് ഇല്ലാത്ത വീട്ടിലിരുന്ന് വിധു പങ്കിട്ട ഓര്‍മകള്‍ക്ക് ഒരു വര്‍ഷകാലത്തിന്റെ നനവുണ്ടായിരുന്നു.

''ആറ്റില്‍ കുളിക്കാനും മുല്ലക്കല്‍ ചിറപ്പിന് ഒന്നിച്ച് പോകാനുമൊക്കെ പ്രസാദ് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഉയരവ്യത്യാസം കാരണം എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കും. വയസ്സാകുമ്പോള്‍ തന്നെ എടുത്തുനടക്കാന്‍ വേണ്ടിയാണ് തന്നേക്കാള്‍ നീളമുള്ള പെണ്ണിനെ കല്യാണം കഴിച്ചതെന്ന് പ്രസാദ് തമാശയായി പറയും...''
ഓര്‍മകള്‍ ഒന്നൊന്നായി പങ്കിടുമ്പോള്‍ വിധുവിന് പലപ്പോഴും ഇടറി. മൗനം ബാക്കിയായി. ''സങ്കടങ്ങള്‍ക്ക് ആശ്വാസം ഓര്‍മകള്‍ മാത്രമാണ്... ഒന്നല്ല ഒരായിരം ഓര്‍മകള്‍ സമ്മാനിച്ചാണ് പ്രസാദ് വിടപറഞ്ഞത്...'' വിധു ഓര്‍മത്തുമ്പില്‍ മുറുകെപ്പിടിച്ചു.
ആദ്യമായ് കണ്ടനാള്‍
പ്രസാദുമായുള്ള ആദ്യ കൂടിക്കാഴ്ച ഓര്‍ത്തെടുത്തു വിധു. ''ഞാനന്ന് ഒരു ആശുപത്രിയില്‍ റിസപ്ഷനിസ്റ്റാണ്. ഒരുദിവസം ഒരാള്‍ വന്ന് ഒരു ഡോക്ടറെപ്പറ്റി അന്വേഷിച്ചു. കുറച്ചു കഴിഞ്ഞേ ഡോക്ടര്‍ വരൂ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ മുന്നിലുള്ള ബെഞ്ചില്‍ പോയിരുന്നു. ആ മനുഷ്യന്‍ എന്നെ ശ്രദ്ധിക്കുന്നതായി തോന്നി.
ഞാന്‍ തലതാഴ്ത്തിയിരുന്നു. കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോള്‍ ആള്‍ അവിടെയില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നെ പെണ്ണുകാണാന്‍ ഒരുകൂട്ടര്‍ വീട്ടിലേക്ക് വന്നു.
ചായയുമായി ചെന്നപ്പോഴാണ് മുന്നിലിരിക്കുന്ന ആ മനുഷ്യന്‍ അന്ന് ആസ്പത്രി ബഞ്ചിലിരുന്ന് എന്നെ നോക്കിയ ആള്‍ തന്നെയാണെന്ന് മനസ്സിലായത്. ആറുമാസം കഴിഞ്ഞ് മോതിരം മാറി. പിന്നെയും ആറുമാസം കഴിഞ്ഞായിരുന്നു കല്യാണം. ആ സമയത്ത് കൂടുതല്‍ അടുത്തു.
അന്ന് പ്രസാദിന് ജോലിയൊന്നുമില്ല. 'ജോലി ഇല്ലാത്ത ഒരാളെ പങ്കാളിയാക്കിയാല്‍ എങ്ങനെയാ' എന്ന ചോദ്യം പലയിടത്തു നിന്നും കേട്ടു. 'സ്ത്രീധനം ഒന്നും വേണ്ട. വിധുവിനെ മതി' എന്ന പ്രസാദിന്റെ വാക്കാണ് എന്നെ ആകര്‍ഷിച്ചത്.
സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത, മൂന്നു പെണ്‍കുട്ടികളുള്ള ഒരു കുടുംബത്തിന് അതുതന്നെയായിരുന്നു പ്രധാനവും. 'ജോണി' എന്ന സിനിമ ചെയ്തും അല്‍ഫോന്‍സാമ്മയെക്കുറിച്ച് 'ഉപാസന' എന്ന നാടകം എഴുതിയും പതിനെട്ടാം വയസ്സില്‍ ആട്ടക്കഥ രചിച്ചും പ്രസാദ് അന്നേ പ്രശസ്തനായിരുന്നു .എന്നാല്‍ ഇതൊന്നും എനിക്കറിയില്ലായിരുന്നു.''
ആ സമ്മാനം
''കല്യാണത്തിന് മുന്‍പ് ഒരു പിറന്നാള്‍ ദിവസം പ്രസാദ് എനിക്കൊരു സമ്മാനം തന്നു. എന്റെ ഒരു ചിത്രം. അതാണ് എനിക്ക് തന്ന ആദ്യ സമ്മാനം. പിന്നീട് കല്യാണം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ചുമരില്‍ തൂക്കിയ പദ്മാസുബ്രഹ്മണ്യത്തിന്റെ ചിത്രം കണ്ടു. അപ്പോഴാണ് പ്രസാദ് നന്നായി വരയ്ക്കുമെന്ന് ഞാന്‍ അറിയുന്നത്.
ആദ്യകാലത്ത് ജോലിയൊന്നും ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ നന്നായി അനുഭവിച്ചു. മോള്‍ ജനിച്ച ശേഷം ഏഷ്യാനെറ്റില്‍ 'സുപ്രഭാതം' അവതരിപ്പിക്കാനുള്ള അവസരം കിട്ടി. അന്ന് ആഴ്ചയില്‍ കിട്ടുന്ന 5000 രൂപകൊണ്ട് ഞങ്ങള്‍ സന്തോഷമായി ജീവിച്ചു.
ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കുന്ന ആളായിരുന്നില്ല പ്രസാദ്. ഒരു ബള്‍ബ് ഫ്യൂസായാല്‍ പോലും അത് മാറ്റിയിടാന്‍ വിധൂ എന്ന് വിളിക്കും. ഏഷ്യാനെറ്റില്‍ പരിപാടിക്ക് പോകുമ്പോള്‍ പെട്ടി തയ്യാറാക്കി കൊടുക്കണം. ബ്രഷ് എടുത്തുവച്ചില്ലെങ്കില്‍ പല്ലു തേക്കില്ല.''
അച്ഛന്റെ പൊന്‍കുഞ്ഞ്
ഒരു പെണ്‍കുഞ്ഞ് വേണമെന്ന് പ്രസാദിന് വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പോലെ ഞങ്ങള്‍ക്ക് ആദ്യം പെണ്‍കുഞ്ഞ് പിറന്നു. അവളുടെ പേരിടീല്‍ ചടങ്ങ്ദിവസം രാവിലെ 9 മണിയായിട്ടും പ്രസാദിനെ കാണുന്നില്ല. പെട്ടെന്ന് പ്രസാദ് ഒരു കാസറ്റുമായി ഓടിവന്നു. ടേപ്‌റെക്കോര്‍ഡറില്‍ കാസറ്റിട്ട് എല്ലാവരെയും അതിലെ പാട്ട് കേള്‍പ്പിച്ചു.
സ്വന്തം വരികള്‍ക്ക് പ്രിയപ്പെട്ട മോഹന രാഗത്തില്‍ പ്രിയ കൂട്ടുകാരന്‍ മധു ചിട്ടപ്പെടുത്തി പാടിയ രണ്ട് പാട്ടുകള്‍. അതിലൊന്ന് മോളേ കുറിച്ചാണ്. രണ്ടാമത്തെ പാട്ട് എനിക്കുവേണ്ടിയും..
പാട്ടുകേട്ട എല്ലാവരും എന്താണ് മോളുടെ പേരെന്ന് ചോദിച്ചപ്പോള്‍ അവളെ വാരിയെടുത്ത് ചെവിയില്‍ വെറ്റില വച്ച് 'ഇള' എന്ന് മൂന്നുതവണ കാതിലോതി. മകന്‍ പിറന്നപ്പോള്‍ അവന് 'കവി' എന്ന് പേരിട്ടതും പ്രസാദുതന്നെയാണ്.''

കേട്ടെഴുത്തുകാരി
പ്രസാദിന്റെ എഴുത്തു വഴിയില്‍ സഹയാത്രികയായി ഒപ്പമുണ്ടായിരുന്നു വിധു. ''വയലാറിന്റെ കവിത നാടകമാക്കിയപ്പോള്‍ ഞാനായിരുന്നു കേട്ടെഴുത്തുകാരി. രാത്രി രണ്ടുമണിക്കൊക്കെ വിളിച്ചുണര്‍ത്തി എഴുതിക്കുമായിരുന്നു. ഈ നാടകത്തിന് കിട്ടുന്ന പ്രതിഫലം കൊണ്ട് എനിക്ക് സാരി വാങ്ങിത്തരുമെന്ന് പറഞ്ഞാണ് എഴുതിച്ചത്.
ആ കടം ബാക്കിയാക്കി പ്രസാദ് പോയി. എന്തെഴുതിയാലും അത് എന്നെ കേള്‍പ്പിക്കും. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്നുണ്ടോ എന്ന് അറിയാനാണ് വിധുവിനെ കേള്‍പ്പിക്കുന്നതെന്ന് പറയും. എട്ട് വര്‍ഷം മുന്‍പ് വയലാറിന്റെ 'ദ്രാവിഡ രാജകുമാരി'യും 'കാഞ്ചനസീത'യും സംവിധാനം ചെയ്തപ്പോള്‍ അതില്‍ രാമന്റെ വേഷം എനിക്കായിരുന്നു.''
സങ്കടനാളുകള്‍
''സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു. അതിനിടെ പ്രസാദിന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ പ്രകടമായി. പരിപാടികള്‍ ഒന്നും ഇല്ലാതായി. അത് ഞങ്ങളെ കുറേ ബുദ്ധിമുട്ടിച്ചു. ആ സമയത്താണ് സന്തോഷ് ജോര്‍ജ് കുളങ്ങര 'സഞ്ചാര'ത്തിലേക്ക് വിളിക്കുന്നത്. അതിനിടയില്‍ അസുഖമായി.
ആശുപത്രിയിലുമായി. അസുഖം എന്താണെന്നറിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. മോളാണ് എനിക്ക് ശക്തി പകര്‍ന്നത്. പിന്നെ ഞാന്‍ കരഞ്ഞിട്ടില്ല. പണമില്ലാത്ത സമയത്ത് ഞങ്ങള്‍ പോലുമറിയാതെ പ്രസാദിന്റെ കൂട്ടുകാര്‍ സഹായിച്ചു. കിഡ്‌നി കൊടുക്കാമെന്ന് ഒരു കൂട്ടുകാരന്‍ പറഞ്ഞപ്പോള്‍ പ്രസാദ് എതിര്‍ത്തു.
പിന്നെ ആ കൂട്ടുകാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. ആശുപത്രിയില്‍ മറ്റാരെയും നില്‍ക്കാന്‍ സമ്മതിക്കില്ല. ഞാന്‍ തന്നെ മുഴുവന്‍ സമയവും കൂടെ നില്‍ക്കും. കിഡ്‌നി മാറ്റിവച്ച മൂന്ന് വര്‍ഷമാണ് പ്രസാദിനെ ഞങ്ങള്‍ക്ക് മാത്രമായി കിട്ടിയത്. ആ സമയത്താണ് 'ചന്ദ്രോത്സവം' എന്ന നോവല്‍ പൂര്‍ത്തീകരിക്കുന്നതും. മാതൃഭൂമി ആയിരുന്നു പ്രസാധകര്‍.
ഒരു ജോലിയും ഇല്ലാത്ത സമയത്ത് രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. വെള്ളപ്പൊക്കവും പ്രളയവുമെല്ലാം ജീവിതത്തില്‍ വന്നുപോയി. എങ്ങനെയും ജീവിക്കാന്‍ അറിയാവുന്ന ആളായിരുന്നു പ്രസാദ്. ഒരു ഷര്‍ട്ടുപോലും ഇഷ്ടപ്പെട്ട് സ്വന്തമായി വാങ്ങിച്ചിട്ടില്ല. എല്ലാം ഞാനാണ് വാങ്ങാറ്. ഷര്‍ട്ടിന്റെയോ ചെരുപ്പിന്റെയോ അളവുപോലും പ്രസാദിന് അറിയില്ലായിരുന്നു. ആര് എന്ത് ചോദിച്ചാലും വിധുവിനോട് ചോദിച്ചോളൂ എന്ന് പറയും.''
അറംപറ്റിയ വാക്ക്
''ആറുമാസം മുന്‍പാണ് ഉണ്ണായി വാര്യരുടെ ജീവിതം ആസ്പദമാക്കി 'പ്രിയമാനസം' എന്ന നോവല്‍ എഴുതാന്‍ തുടങ്ങിയത്. ആ സമയത്ത് എന്നും ഞങ്ങള്‍ വഴക്കിടും. പിന്നീട് ഒരു ദിവസം എന്നെ വിളിച്ച് കംപ്യൂട്ടറിന്റെ മുന്നില്‍ ഇരുത്തി നോവലിലെ ലക്ഷ്മി എന്ന കഥാപാത്രം ഞാനാണെന്ന് പറഞ്ഞു.
ഞാന്‍ വഴക്കിടുമ്പോള്‍ പറഞ്ഞതെല്ലാം അതില്‍ ആ കഥാപാത്രത്തിന്റെ വാക്കുകളായി എഴുതിവച്ചിരുന്നു. തന്റെ ആട്ടക്കഥ അവതരിപ്പിച്ചുകാണാന്‍ സാധിക്കാതെ മരിച്ചുപോയ ഉണ്ണായിവാര്യരുടെ അവസ്ഥയാണ് തനിക്കുമെന്ന് പ്രസാദ് പലപ്പോഴും പറയുമായിരുന്നു. അതാണ് ഇപ്പോള്‍ അറംപറ്റിയത്. അതിലെ ഉണ്ണായിവാര്യരുടെ മനോവേദനകളൊക്കെ പ്രസാദിന്റെ വേദനകളായിരുന്നു.
അവസാന അധ്യായം പൂര്‍ത്തിയാക്കാതെയാണ് പ്രസാദ് യാത്രപറഞ്ഞത്. രമേഷ് നാരായണന്റെ ജീവിതകഥയും എഴുതിത്തുടങ്ങിയിരുന്നു. എന്നാല്‍ എത്രവരെ പൂര്‍ത്തിയാക്കി എന്നറിഞ്ഞുകൂടാ.
ഷട്കാലഗോവിന്ദമാരാരുടെ ജീവിതം ആസ്പദമാക്കി പ്രസാദ് ഒരു സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയിരുന്നു. തന്റെ യൗവനം മുഴുവന്‍ ഹോമിച്ച സ്‌ക്രിപ്റ്റ് എന്നാണ് അതിനെക്കുറിച്ച് പറഞ്ഞിരുന്നത്. ഇനിയും അത് ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍ അത് പ്രസാദിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാകും.''
...
മോഹങ്ങളേറെ
''വീട്ടിലുള്ളപ്പോള്‍ പ്രസാദിന്റെ ഏറ്റവും വലിയ ഹോബി പല ചെടികള്‍ കൂട്ടിയൊട്ടിച്ച് ഗ്രാഫ്റ്റ് ചെയ്യലായിരുന്നു. വൃക്ക മാറ്റിവച്ച് വീട്ടിലിരിക്കുന്ന ഒരു ദിവസം ഞാന്‍ ഇഷ്ടപ്പെട്ടു വിലകൊടുത്ത് വാങ്ങിച്ച ഒരു റോസാച്ചെടി പ്രസാദ് ഗ്രാഫ്റ്റ് ചെയ്യാന്‍ വെട്ടിമുറിച്ചു.
സ്വന്തം ശരീരത്തിലും ഗ്രാഫ്റ്റ് ചെയ്യേണ്ടി വന്നത് ചെടികളുടെ ശാപമാണെന്ന് പറഞ്ഞ് അപ്പോഴത്തെ ദേഷ്യത്തില്‍ ഞാന്‍ ചൂടായി. പ്രസാദ് അതുകേട്ട് പൊട്ടിച്ചിരിച്ചു. പിന്നീട് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍മാരോട് പ്രസാദ് ഇതുപറഞ്ഞ് ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
മരിച്ചാല്‍ വീട്ടില്‍ കിടത്തി ചിതയില്‍ വെക്കും വരെ ശങ്കരാചാര്യരുടെ നിര്‍വാണാഷ്ടകം കേള്‍പ്പിക്കണമെന്നും രാമച്ചവും മാവും കൊണ്ട് ചിതയൊരുക്കണമെന്നും പറയുമായിരുന്നു.''
യാത്രാമൊഴി
''അവസാന ദിവസം രാവിലെ മുതല്‍ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വലതുകൈ ഇത്തിരി അനക്കുമായിരുന്നു. ആ കൈകൊണ്ട് എന്റെ കൈയില്‍ പിടിച്ചു. പറയാന്‍ ആഗ്രഹിച്ചതൊക്കെയും ചൂണ്ടു വിരല്‍ കൊണ്ട് എന്റെ ഉള്ളം കൈയില്‍ എഴുതിക്കൊണ്ടിരുന്നു.
ഞാന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ 'എന്റെ പ്രിയതമ' എന്ന് എഴുതിക്കാണിച്ചു. പിന്നെ എന്റെ മുഖത്തുനോക്കി കുറേസമയം കിടന്നു. വീണ്ടും കൈപിടിച്ച് 'എന്റെ ജീവിതം' എന്നെഴുതി. ഞാനത് കാണാത്തതുപോലെ നടിച്ചു.
പിന്നെ പ്രസാദ് ഒന്നും പറഞ്ഞിട്ടില്ല. ആ ചലിപ്പിക്കാനാവാത്ത കൈകൊണ്ട് എന്നെ വരിഞ്ഞുമുറുക്കി തുരുതുരാ ഉമ്മവച്ചു. മോളെയും അടുത്തുവിളിച്ച് ഉമ്മകൊടുത്തു.
പ്രസാദിന് ശ്വാസംമുട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ കുറച്ച് ജ്യൂസ് കൊണ്ടുവന്ന് വായില്‍ ഒഴിച്ചുകൊടുത്തു. അത് ഇറക്കി. എന്റെ കൈ ബലമായി പിടിച്ച് മാറിമാറി ഉമ്മവെക്കുകയായിരുന്നു. പിന്നെ വിരല്‍ മടക്കി തമ്പ് കാണിച്ച് പോവുകയാണെന്ന് പറഞ്ഞു. കണ്ണുകള്‍ അടഞ്ഞു.
അപ്പോഴും എനിക്കറിയില്ലായിരുന്നു എന്നെ വിട്ടു പോവുകയാണെന്ന്. അച്ഛനും മോളും തമ്മില്‍ വല്ലാത്തൊരു ബന്ധമായിരുന്നു. അതായിരിക്കാം വിദേശത്തു പഠിക്കാന്‍ പോയ അവള്‍ വരുന്നതുവരെ കാത്തിരുന്നതും.''
Content Highlights: beeyar prasad,lyricist,malayalam songs,vidhu,lifestory,love
Published: 10 Feb 2023, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented