മുംബൈ: പരിക്ക് കാരണം ട്വന്റി 20 ലോകകപ്പിന്റെ സ്റ്റാന്‍ഡ് ബൈ പട്ടികയിലുണ്ടായിരുന്ന ദീപക് ചാഹറിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്. പുറംഭാഗത്തേറ്റ പരിക്കാണ് ചാഹറിനെ വലച്ചത്. പരിക്കേറ്റ ജസ്പ്രീത് ബുംറ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ചാഹര്‍ ടീമില്‍ ഇടംപിടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. ഇതോടെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഉടന്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

നേരത്തെ പരിക്കിനെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ചാഹര്‍ ടീമിലേക്ക് തിരികെയെത്തിയിരുന്നത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ഏകദിന പരമ്പരയില്‍ താരം കളിച്ചിരുന്നില്ല. തുടര്‍ന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ പരിശോധനകളില്‍ ചാഹറിന്റെ പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്ന് വ്യക്തമായി. ഇതോടെയാണ് ബിസിസിഐ ഓസ്‌ട്രേലിയയിലേക്ക് മൂന്ന് പകരക്കാരെ അയക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുംറയുടെ പകരക്കാരനെ പ്രഖ്യാപിക്കാന്‍ ഒക്ടോബര്‍ 15 വരെ സമയമുള്ളതിനാല്‍ മൂന്ന് പേസര്‍മാരുടെയും ഫോമും ഫിറ്റ്‌നസും പരിശോധിക്കാന്‍ ടീം മാനേജ്‌മെന്റിന് സമയമുണ്ട്. അനുഭവസമ്പത്ത് ഷമിക്ക് തുണയാകുമ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ മികച്ച പ്രകടനം സിറാജിനും സാധ്യത ഒരുക്കുന്നുണ്ട്. പരമ്പരയിലെ താരവും സിറാജായിരുന്നു. ഓള്‍റൗണ്ട് മികവാണ് ശാര്‍ദുലിന്റെ കരുത്ത്.