കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവസാനവട്ട കൂട്ടിക്കിഴിക്കലിലാണ് മുന്നണികള്‍. പോളിങ് ശതമാനം കുറഞ്ഞതാണ് മുന്നണികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നത്. മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ ആരോപണം. എന്നിരുന്നാലും കുത്തകമണ്ഡലത്തില്‍ ജയിച്ചുകയറാമെന്ന ശുഭ പ്രതീക്ഷയും അവര്‍ കൈവിടുന്നില്ല. 

To advertise here,

പോളിങ് ശതമാനം കുറഞ്ഞത് യുഡിഫ് ശക്തികേന്ദ്രങ്ങളിലാണെന്നും എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിട്ടുണ്ടെന്നും ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് പ്രതികരിച്ചു. മണ്ഡലത്തില്‍ ഇടതുമുന്നണിയുടെ ജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിങ് കുറഞ്ഞത് എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കില്ല. 

മികച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. യുഡിഎഫ് ആരോപണം ഉന്നയിക്കുന്നത് പരാജയഭീതിയില്‍ നിന്നാണെന്നും എല്‍ഡിഎഫിന് എല്ലാ ജനവിഭാഗത്തിന്റേയും പിന്തുണയുണ്ടെന്നും വ്യക്തമായ ഭൂരിപക്ഷം നേടി വിജയിക്കുമെന്നും സ്ഥാനാര്‍ഥി പ്രതികരിച്ചു. 

പോളിങ് ശതമാനം കുറഞ്ഞത് കൊച്ചി നഗരസഭയിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ്. തൃക്കാക്കര നഗരസഭാ മേഖലയില്‍ ഉള്‍പ്പെടെ നല്ല പോളിങ് നടന്നു. ഇടത്പക്ഷത്തിന്റെ വോട്ടുകളെല്ലാം പോള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ ആര് വിജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിന് വോട്ട് മറിച്ചുവെന്ന ആരോപണം ശരിയല്ലെന്നും തൃക്കാക്കരയില്‍ നിലമെച്ചപ്പെടുത്തുന്ന പ്രകടനമാണ് എന്‍ഡിഎ നടത്തിയതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.