കൊച്ചി: തൃക്കാക്കരയില്‍ ഉമാ തോമസിന് ഭൂരിപക്ഷം കുറഞ്ഞേക്കാമെന്ന പരാമര്‍ശം നടത്തിയ ഡൊമനിക് പ്രസന്റേഷനെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഡൊമനിക് പ്രസന്റേഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ കെ.പി.സി.സി. പ്രസിഡന്റിന് കത്തയച്ചു. സീറ്റ്കിട്ടാത്തതിന്റെ പേരില്‍ അസ്വസ്ഥനായിരുന്ന അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചു എന്നാണ് ആരോപണം. 

To advertise here,

ഡൊമനിക് പ്രസന്റേഷന്‍ യുഡിഎഫിന് വിരുദ്ധമായ രീതിയില്‍, പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പറഞ്ഞു. അദ്ദേഹം രാജിവെക്കണം, അല്ലെങ്കില്‍ അദ്ദേഹത്തെ ഈ സ്ഥാനത്തുമിന്ന് മാറ്റണം എന്ന് കെ.പി.സി.സി പ്രസിഡന്റിനോട് കത്ത് മുഖേന ആവശ്യപ്പെട്ടുവെന്നും മുത്തലിബ് പറഞ്ഞു. 

തൃക്കാക്കരയില്‍ ഭൂരിപക്ഷം കുറയുമെന്നും പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതുകൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യ കുറവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് ഒരു ഇളക്കല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കുറച്ചുവോട്ടുകള്‍ മറഞ്ഞാല്‍ പോലും 5000 മുതല്‍ എട്ടായിരം വോട്ടുകള്‍ക്ക് മുകളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

നേരത്തെ, ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് സഭയുടെ സ്ഥാര്‍ഥിയാണെന്നുള്ള യുഡിഎഫ് കോണുകളിലെ പ്രചാരണത്തെ എതിര്‍ത്തും ഡൊമനിക് പ്രസന്റേഷന്‍ രംഗത്തെത്തിയിരുന്നു. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തെ സഭയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും സഭ അങ്ങനെ സ്ഥാനാര്‍ഥികളെ നിര്‍ത്താറില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.