അടുത്ത റീൽ മ്യൂസിക്കും സ്റ്റെപ്പുകളും തിരയുന്ന സോഷ്യൽ മീഡിയക്കു മുന്നിലേക്ക് ‘കസകസ’ എന്ന പുതിയ ട്രെൻഡ് മ്യൂസിക്കും സ്റ്റെപ്പുകളുമായി വിനായകനും സംഘവും. 'ആവേശം' സിനിമയിലെ പാർട്ടി സോങ്ങുകൾ കേൾവിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന വാർത്തകൾക്കിടയിലാണ് വിനായകൻ നൃത്തചുവടുകളുമായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
പാർട്ടിയിൽ ആടിത്തിമിർക്കുന്ന വിനായകനേയും കൂട്ടരേയുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജയിലറിലെ ഡാൻസ് നമ്പരുകളിലൂടെ ശ്രദ്ധേയനായ നടൻ വിനായകന്റെ പുതിയ രൂപവും ഭാവവുമാണ് സിനിമയിൽ. ചിരിച്ചും രസിച്ചും ഡാൻസ് ചെയ്യുകയാണ് വിനായകൻ. ഡാൻസറായ വിനായകന്റെ ഇത്തരം ഡാൻസ് സിനിമകളിൽ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളു.
ഒക്ടോബർ നാലിന് ലോകമാകെ തിയേറ്ററുകളിലെത്തുന്ന തെക്ക് വടക്ക് സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഹിറ്റ് ഗാനങ്ങളുടെ സംവിധായകൻ സാം സി.എസാണ് മ്യൂസിക്, പാടിയിരിക്കുന്നത് ആന്റണി ദാസൻ, സാം സി.എസ്, പ്രസീദ പാലക്കൽ എന്നിവർ ചേർന്നാണ്. ഒടിയൻ, ബ്രോഡാഡി, ബറോസ് എന്നീ സിനിമകൾക്കു ശേഷം ലക്ഷ്മി ശ്രീകുമാറാണ് വരികൾ രചിച്ചിരിക്കുന്നത്.
തിങ്ക് മ്യൂസിക്കിലൂടെയാണ് തെക്ക് വടക്കിലെ ഗാനങ്ങൾ പുറത്തു വരുന്നത്. ജാസി ഗിഫ്റ്റ്, ജീമോൻ, യദു തുടങ്ങിയവരും പാടിയിട്ടുണ്ട്. സിനിമയിൽ നാല് ഗാനങ്ങളാണുള്ളത്. പശ്ചാത്തല സംഗീതവും സാം സി.എസാണ് ഒരുക്കുന്നത്.
ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഗുരുവായൂർ അമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ജയിലറിനു ശേഷം വലിയ മുഖം മാറ്റത്തോടെയാണ് വിനായകൻ കഥാപാത്രമാകുന്നത്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.
എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സംവിധാനം. അൻജന ടോക്കീസ്- വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.
ഫാർസ് ഫിലിം ആണ് ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും.. സേതുരാജ് കടയ്ക്കൽ, ഹെഡ് പിആർ.
Content Highlights: vinyakan Kasa Kasa song Thekku Vadakku movie dance video
Published: 26 Sept 2024, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented