തങ്കം ലൊക്കേഷനിൽ നിന്നും | photo: facebook/thankam movie
മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തിലുണ്ട്.
മരണശേഷം വീണ്ടും ഒരിക്കല്‍ക്കൂടി നടന്‍ കൊച്ചുപ്രേമനെ തിരശ്ശീലയില്‍ കാണാന്‍ 'തങ്ക'ത്തിലൂടെ പ്രേക്ഷകര്‍ക്കായി എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ളെ വേഷമാണ് ചിത്രത്തില്‍ കൊച്ചുപ്രേമന്‍ ചെയ്തിരിക്കുന്നത്. മലയാള സിനിമയില്‍ ഹാസ്യത്തിന്റെയും അഭിനയത്തിന്റെയും വേറിട്ട പാത തീര്‍ത്ത അദ്ദേഹത്തിനുള്ള ആദരവ് കൂടിയാണ് സിനിമയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു തോറ്റുപോയ മനുഷ്യനായാണ് അദ്ദേഹം സിനിമയിലുള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ മുഖഭാവവും ശരീര ഭാഷയും പോലും അങ്ങനെയാണ്. കോയമ്പത്തൂരില്‍ ചായക്കടയായിരുന്നു. ഒരു സ്‌ഫോടനത്തില്‍ കട കത്തി നശിച്ചു. എങ്ങുമെത്താനാകാതെ പോയി. പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനിടയില്‍ കൂനിക്കൂടിയിരുന്ന് തന്റെ ജീവിതം അദ്ദേഹം പറയുന്നുണ്ട്.
സിനിമയുടെ ഒരു ഘട്ടത്തില്‍ ഒരു ഗോവണിക്ക് താഴെ അയാള്‍ നില്‍ക്കുന്നൊരു രംഗമുണ്ട്. ഒരു ഡയലോഗുപോലുമില്ലാതെ മുഖഭാവങ്ങളിലൂടെ ആ സമയം അദ്ദേഹം പ്രേക്ഷകരിലേക്ക് പകരുന്നത് നിസ്സഹായനായ ഒരു അച്ഛന്റെ മനസാണ്. 'തങ്കം' കൊച്ചുപ്രേമനുള്ള ഒരു സമര്‍പ്പണം തന്നെയാണ്.
ഡിസംബറില്‍ അദ്ദേഹം മരിച്ച സമയത്ത് 'തങ്കത്തിന്റെ കാര്‍ന്നോര്‍ക്ക് വിട' എന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. തങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടോ സീനുകള്‍ അദ്ദേഹത്തിന്റേതായി 'തങ്ക'ത്തിലുണ്ടെന്നും അന്ന് ആ കുറിപ്പിലുണ്ടായിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് തങ്കം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: actor kochu preman last movie thankam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..