മേപ്പാടി: ‘ടീച്ചറേ വാ... നമ്മടെ സ്കൂളിലേക്ക് തന്നെ വാ..’ മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിൽനിന്ന് ആഴ്ചകൾക്കുമുൻപ്‌ സ്ഥലംമാറ്റംകിട്ടിയപ്പോൾമുതൽ അധ്യാപികമാരായ ശാലിനിയും അശ്വതിയും പലതവണ കുട്ടികളുടെ ഈ വിളി കേട്ടിരുന്നു. പക്ഷേ, വ്യാഴാഴ്ച മുണ്ടക്കൈ ഗവ. എൽ.പി. സ്കൂളിന്റെ ക്ലാസ് മുറിയിലേക്ക് ഇരുവരുമെത്തുമ്പോൾ ‘ടീച്ചറേ...’യെന്നുവിളിച്ച് ചുറ്റുംകൂടാൻ പലകുഞ്ഞുങ്ങളുമില്ല.

To advertise here,

അധ്യാപകരായ കെ. അശ്വതിയെയും ശാലിനി തങ്കച്ചനെയും കാത്തിരിക്കുന്നത് വേറിട്ടൊരു നിയോഗമാണ്. ദുരന്തം ആകെയുലച്ച കുഞ്ഞുങ്ങൾക്കായി അധ്യാപകരിരുവരും വീണ്ടും മുണ്ടക്കൈ സ്കൂളിലേക്കെത്തുകയാണ്.

കഴിഞ്ഞദിവസം നടന്ന പ്രവേശനോത്സവത്തിൽ വിദ്യാഭ്യാസമന്ത്രി കെ. ശിവൻകുട്ടിയോട് രക്ഷിതാക്കൾ രണ്ടധ്യാപകരെയും തിരികെക്കൊണ്ടുവരണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച ഉത്തരവിറങ്ങി, ബുധനാഴ്ച ഉത്തരവ് കൈപ്പറ്റി അധ്യാപകദിനത്തിൽ ഇരുവരും സ്കൂളിലെത്തും.

‘ഞങ്ങളുടെ മക്കളല്ലേ...’ ശാലിനി ടീച്ചർ പറഞ്ഞുതുടങ്ങിയതേയിങ്ങനെയാണ്. കുട്ടികൾക്കൊപ്പം അതേ സ്കൂൾ യൂണിഫോമുമിട്ട് സൈക്കിളോടിച്ച ടീച്ചറും കുട്ടികളും കഴിഞ്ഞ അധ്യയനവർഷത്തെ വൈറൽ വിശേഷമായിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച ആ വാർത്തയിലേക്കിപ്പോൾ കണ്ണോടിക്കാൻ ടീച്ചർക്കാവുന്നില്ല. കുട്ടികൾ ഓടിനടന്ന സ്കൂൾ ഗ്രൗണ്ടാകെ ഉരുളൻകല്ലുകളാണ്.

ഞങ്ങൾ പഠിപ്പിച്ച 11 പേർ, അതും ഒരേക്ലാസിലെ ഏഴുകുട്ടികളും ദുരന്തത്തിനിരയായി -ടീച്ചർ കണ്ണീരിന്റെ ആഴങ്ങളിലേക്കുപോയി.അശ്വതി ടീച്ചറിനും അതുതന്നെയാണ് പറയാനുള്ളത്. 12 കുട്ടികളുണ്ടായിരുന്ന എന്റെ ക്ലാസിലിപ്പോൾ അഞ്ചുപേരേയുള്ളൂ. ഒരുമിച്ച് സ്കൂളിലേക്കുവന്ന കുട്ടികൾ പലരും ഒറ്റയ്ക്കുവരുന്നത് കാണാനാവുന്നില്ല. ഒറ്റയ്ക്കായിപ്പോയ ബദ്രിനാഥിന് കൂട്ടായി രണ്ടുകുട്ടികൾ വന്നുചേർന്നതാണ് ആകെ ആശ്വാസം. ദുരന്തവിവരമറിഞ്ഞതുമുതൽ മറ്റധ്യാപകർക്കൊപ്പം രണ്ടധ്യാപികമാരും ക്യാമ്പുകളിലുണ്ടായിരുന്നു.

വ്യാഴാഴ്ച ക്ലാസിലെത്തുമ്പോൾ അധ്യാപികമാർ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കും. കളിയും കഥയും പഠനവുമായി മുണ്ടക്കൈയിലെ പഴയ ക്ലാസ് മുറികളങ്ങനെ മേപ്പാടി കമ്യൂണിറ്റി ഹാളിലെത്തും.