പ്രത്യക്ഷവും പരോക്ഷവുമായ വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസമേഖല അനുദിനം കലുഷിതമായി കൊണ്ടിരിക്കുകയാണെന്നത് പകൽ വെളിച്ചം പോലെ സത്യമാണ്‌. വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ച്, രാജ്യാന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം, നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ഏറെ ക്രിയാത്മകായും ചുരുക്കം ചിലയിടങ്ങളിൽ വിമർശനാത്മകമായും ചർച്ചകൾ നടക്കുന്നുണ്ട്. നേരത്തെ ശാസ്ത്രീയമല്ലാത്ത പരിഷ്ക്കാരങ്ങളും കലാഹരണപ്പെട്ട ചിന്തകളുമാണ്, പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതെങ്കിൽ അതിൽ നിന്നും ഏറെ വ്യത്യസ്തമായി അധ്യാപക-വിദ്യാർത്ഥി സമൂഹം തമ്മിലുള്ള ആത്മബന്ധം പോലും ഇന്ന് കലാലയങ്ങളിൽ വലിയൊരു ചോദ്യചിഹ്നമാണ്. അതിൻ്റെ അനുരണനങ്ങൾ, സാക്ഷര കേരളത്തിൽ പോലും എത്തിക്കഴിഞ്ഞുവെന്നത്, തീർത്തും വേദനാജനകം തന്നെ. തെറ്റിനെയും ശരിയെയും ശരിയായ തലത്തിൽ നിർവ്വചിക്കാനുള്ള മനുഷ്യൻ്റെ വിവേചനാ ബുദ്ധിയും കാര്യപ്രാപ്തിയുമൊക്കെ ആപേക്ഷികതാ സ്വേച്ഛാധിപത്യത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ടുഴലുകയാണെന്ന സത്യം നാം വിസ്മരിച്ചു കൂടാ. ശരിയുടെ പക്ഷത്തെ ബലപ്പെടുത്തേണ്ട, അധ്യാപക സമൂഹമിപ്പോൾ വിമർശനാത്മക ചോദ്യശരങ്ങൾക്കു മുൻപിൽ കാലിടറി നിൽക്കുന്നത്, ഇപ്പോൾ പതിവുകാഴ്ചകളിലൊന്നായി മാറിക്കഴിഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ  അധ്യാപക സമൂഹത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമൊന്നാകെ പ്രതിക്കൂട്ടിൽ നിർത്തുകയും മാധ്യമ വിചാരണ നടത്തുകയും ചെയ്യുന്ന സാഹചര്യം ഈയിടെയായി ഏറി വരുന്നുണ്ട്. വിദ്യാർത്ഥി സമൂഹത്തിന് അടിസ്ഥാനപരമായി വേണ്ട “വൈകാരിക പക്വത” പൊതു സമൂഹം ചർച്ചചെയ്യപ്പെടാതെ പോകുന്നതു, പഠനവിധേയമാക്കേണ്ടതാണ്.

To advertise here,

പ്രശസ്ത ചിന്തകനും മന:ശാസ്ത്രഞ്ജനുമായ ബെഞ്ചമിൻ ബ്ലൂം പറഞ്ഞു വച്ച “ഭൗതികമേഖല” യിൽ മാത്രമായി, നാം ബദ്ധശ്രദ്ധരാകുന്നത്, വലിയ കുഴപ്പത്തിലേയ്ക്കാണ് നമ്മുടെ പുതു തലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. മക്കളുടെ ഭൗതിക നിലവാരത്തിന്, വലിയ പ്രാമുഖ്യം നൽകുന്ന മാതാപിതാക്കളും അധ്യാപക സമൂഹവും, അത്ര തന്നെ ശ്രദ്ധ കൊടുക്കാത്ത വൈകാരിക വികാസത്തിന്റെ പരിമിതി, വിദ്യാർത്ഥികളിൽ തീർക്കുന്ന പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം ഈയ്യിടെ, സാക്ഷര കേരളത്തിലും ആപൽക്കരമായ ഒരു സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്നത് പറയാതെ വയ്യ. 

എന്താണ് നമ്മുടെ കുട്ടികൾക്കും പുതുതലമുറക്കും സംഭവിക്കുന്നത്?  മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരെ മാനസികമായും  വൈകാരികമായും വളർച്ചയിലേയ്ക്കും പക്വതയിലേയ്ക്കും എത്തിക്കാൻ എന്തു കൊണ്ട് നമുക്ക് സാധിക്കുന്നില്ല? അല്ലെങ്കിൽ ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സഹകരണ മനോഭാവത്തോടെയും ത്യാഗ മനോഭാവത്തോടെയും പരസ്പ്പരം മനസ്സിലാക്കാനും ഒപ്പം സ്നേഹിക്കുവാനും നൈമഷികമായ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുവാനും നമ്മുടെ കുട്ടികളെ നാം എന്തുകൊണ്ട് പരിശീലിപ്പിക്കുന്നില്ല?

വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ച്, നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പൊതു സമൂഹത്തിനു മുൻപിൽ വെച്ച, വിദ്യാർത്ഥിയുടെ സമഗ്ര വികസനമെന്ന ആശയത്തിലേക്ക് ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു വ്യക്തം. അതായത് കുട്ടിയുടെ വൈകാരിക മണ്ഡലത്തിനും പ്രാമുഖ്യം നൽകി, അവരിൽ അടിസ്ഥാനപരമായി തന്നെ സമഗ്രവികസനം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരിൽ നാം കുത്തി നിറക്കുന്ന ബൗദ്ധികപരമായ വളർച്ചക്കൊപ്പം തന്നെ, അവരുടെ വൈകാരിക വികാസം നാം ലക്ഷ്യം വെയ്ക്കണം. അങ്ങനെയുള്ള ഒരു തലമുറയിലൂടെ മാത്രമേ, നാടിന്റെ സാമൂഹ്യപരമായ ഒരു വികസനം, നമുക്ക് അവകാശപ്പെടാനാകൂ.  അപ്പോൾ നാം അധ്യാപകർക്കു ഇപ്പോൾ വേണ്ടത്, ഉയർന്ന ചിന്താശേഷിയും നൻമയിലേയ്ക്കുള്ള ഉറച്ച കാൽവെയ്പ്പുകളുമാണ്. മികച്ച ആശയ വിനിമയ ശേഷിയിലൂടെയും സംവേദനക്ഷമതയിലൂടെയുമാണ് അത്തരമൊരു നേട്ടം നമുക്ക് കൈവരിയ്ക്കാനാവുക. അതിന് വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കുകയെന്നത് കൂടി, മാതാപിതാക്കളുടേയും അധ്യാപകരുടേയും ദൗത്യമാണ്. അതിനു തുരങ്കം വെയ്ക്കുന്ന സാഹചര്യങ്ങൾ നിലവിലുള്ളത് പരിഹരിക്കപ്പെടേണ്ടതു തന്നെയാണ്.

ധ്രുവീകരണങ്ങൾ

ഇന്ന് കേരളീയ സമൂഹം നേരിടുന്ന സുപ്രധാന പ്രശ്നമാണ് കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള  വിദ്യാർത്ഥി ധ്രുവീകരണങ്ങളും ഇതോടനുബന്ധിച്ചുള്ള ബാഹ്യ ഇടപെടലുകളും. തൻ്റെ സ്വത്വത്തെ വേറൊരിടത്ത് അടിയറവ് വെച്ച് മറ്റൊരാളുടെ നാവായി കലാലയത്തിൽ വിലസി രാഷ്ട്രീയമായും സാമൂഹ്യ പരമായും എന്തിന്; വംശീയമായിപ്പോലും ധ്രുവീകരണത്തിന് ശ്രമിയ്ക്കുന്നവരുണ്ട്. എന്തിലും ഏതിലും രാഷ്ട്രീയവും മതവും സമുദായവും തേടുന്ന ഇക്കൂട്ടർ നാടിൻ്റെ ശാപം തന്നെയാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ഏതെങ്കിലുമൊരു വിഷയത്തിൻ്റെ പേരിൽ ആരോപണം നേരിടുമ്പോൾ, പ്രശ്നത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമായി തന്നെയുണ്ടാകുന്നത് കാണാതെ പോകരുത്. ഏതു വിഷയത്തിലാണെങ്കിലും, തെറ്റുകാർ ശിക്ഷിക്കപ്പെടുകയും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരികയും ചെയ്യണമെന്ന കാര്യത്തിൽ നമുക്കാർക്കും എതിരഭിപ്രായമില്ല. അത് തന്നെയാണ് പൊതുസമൂഹം ഇച്ഛിക്കുന്നതും. പക്ഷേ പലപ്പോഴും യഥാർത്ഥസത്യത്തെ കുപ്പിക്കുള്ളിലടച്ച്, സാമൂഹ്യ മാധ്യമങ്ങളുടെ ഭാവാനാതിപ്രസരത്തിൽ നുണയുടെ ദുർഭൂതത്തെ തുറന്നു വിടുന്ന സാഹചര്യങ്ങൾ ചിലപ്പോഴെങ്കിലും കാണാനിട വരുന്നു.നീതിക്കുവേണ്ടി ശബ്ദിക്കേണ്ട, നൻമയുടെ വാഹകരാകേണ്ട യുവതയിലെ ഒരു ചെറിയ പക്ഷം, പലപ്പോഴും ഈ പ്രവണതയിൽ വശംവദരാകുന്നതും കേവലം 10% മാത്രമുള്ള യാഥാർത്ഥ്യത്തെ 90% വരുന്ന നുണയുടെയും മിഥ്യയുടെയും ഊഹാപോഹത്തിന്റേയും മേലോപ്പ് ചാലിച്ച് ഇക്കിളിപ്പെടുത്തുന്ന വാർത്തകളാക്കുന്നത് ഇന്നിന്റെ യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു.

സദാചാര പ്രശ്നങ്ങളും ആവിഷ്ക്കാര സ്വാതന്ത്ര്യവും 

ഇന്നത്തെ കലാലയങ്ങളും യുവതയും അഭിമുഖീകരിക്കുന്ന മറ്റൊരു സുപ്രധാന പ്രശ്നമാണ് സദാചാര പ്രശ്നങ്ങൾ. ഒരുമിച്ചിരുന്നു സംസാരിക്കുന്നതോ, ഭക്ഷണം കഴിക്കുന്നതോ കണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്ന പാരമ്പര്യവാദികളൊന്നുമല്ല ഞങ്ങൾ അധ്യാപകർ; പക്ഷേ ഇതിനപ്പുറത്തേക്കു ധാർമ്മികതയുടെ സർവ സീമകളും ലംഘിക്കപ്പെടുമ്പോൾ (സാമാന്യവൽക്കരിക്കുന്നില്ല) അതു കണ്ടിരിക്കണമെന്നാണോ, സമൂഹം ആഗ്രഹിക്കുന്നത്? അങ്ങിനെയാവാനിടയില്ല. അപ്പോൾ, സ്വന്തം പരിമിതികൾക്കപ്പുറത്ത്,ആർജ്ജവത്തോടെ ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ പലപ്പോഴും ഞങ്ങളധ്യാപകർ സദാചാര ഗുണ്ടകളും മാനസിക പീഢകരമാകുന്നു. വിദ്യഭ്യാസ പ്രക്രിയയുടെ പ്രാരംഭകാലം മുതൽക്കേ, തിരുത്തലിന്റേയും ധാർമ്മികതയുടേയും പ്രതീകമായിരുന്ന അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികൾക്കും ഈ കുത്തൊഴുക്കിൽ കാലിടറുന്നതിന്, സമീപകാല ചരിത്രം സാക്ഷിയാണ്.തെറ്റുകളെ തിരുത്താനാകാതെ, ഈയ്യൊരു സാമൂഹ്യ പ്രശ്നത്തെ മറികടക്കാനാകാതെ ഒരു പക്ഷം വലിയ ആസൂത്രണത്തോടെ തീർക്കുന്ന ഇത്തരത്തിലുള്ള സാമൂഹ്യ തിൻമകൾക്കും ധാർമ്മിക അധ:പതനത്തിനും മൂകസാക്ഷിയാകേണ്ടി തീരുന്നതോടൊപ്പം സ്വത്വം നഷ്ടപ്പെട്ട വ്യക്തികളായി യഥാർത്ഥത്തിൽ ഞങ്ങൾ മാറുന്നുണ്ടെന്നതാണ് സത്യം.അതു കൊണ്ടു തന്നെ, ഈ അതിപ്രസരത്തിൽ  പലപ്പോഴും തിരുത്തലുകളില്ലാത്തതും പക്വതയില്ലാത്തതുമായ മുന്നേറ്റങ്ങളെ നമുക്കു കാണാം. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ഈ പ്രവണത അനതി സാധാരണമായി ഈ കാലഘട്ടത്തിൽ കണ്ടുവരുന്നത് ശുഭസൂചകമായി കണ്ടു കൂടെന്നു മാത്രമല്ല;അതിന്റെ അനുരണനങ്ങളുടെ വ്യാപ്തിയൊരു പക്ഷേ ഒരു സാധാരണക്കാരന്റെ ചിന്തക്കും യുക്തിക്കുമപ്പുറത്താകുമെന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. 

മൊബൈൽ ഉപയോഗം

കലാലയങ്ങളിൽ മൊബൈൽ ഫോണുകൾക്ക്, നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളിലെ വലിയൊരു പക്ഷം, ഇതിൻ്റെ ഉപയോക്താക്കളാണ്. ശരിയായ നിയമ നടപടികൾ പാലിച്ചാൽ, ഉപയോഗ സമയത്ത് പിടിക്കപ്പെടുന്ന മൊബൈൽ ഫോണുകളുടെയെണ്ണം ക്രമാതീതമാണെന്നു കാണാം. തിരികെയതു ലഭ്യമാകുന്നതിന്, സങ്കീർണ്ണമായ നടപടിക്രമങ്ങളുള്ളതിനാൽ, ഇത്തരം കേസുകളിൽ കണ്ണടക്കുകയാണ് പൊതുവിൽ രൂപപ്പെടുന്ന ശൈലി. ഉപകാരപ്രദവും വിജ്ഞാനപ്രദവും ആയ കാര്യങ്ങൾക്ക്, അവയുടെ ഉപയോഗത്തെ പ്രതിയുള്ള തർക്ക - വിതർക്കങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ സാമൂഹ്യ മാധ്യമങ്ങളുടെ പ്രാമുഖ്യമുള്ള ഇക്കാലത്ത്, അവയിൽ ഭൂരിപക്ഷവും ഉപയോഗിക്കപ്പെടുന്നത് അതേയാവശ്യത്തിനു തന്നെയാണ് ( ഓൺലൈൻ ക്ലാസ്സുകളുടെ പശ്ചാത്തലത്തിലല്ല). അത്യാവശ്യ കാര്യങ്ങൾക്ക്, ബന്ധപ്പെട്ടവരുടെ അനുവാദം വാങ്ങി, ഉപയോഗിക്കാമെന്നിരിക്കേ, ക്ലാസ്സുകൾക്കു പോലും തടസ്സമുണ്ടാകുന്ന രീതിയിലുള്ള ഫോൺ ഉപയോഗം തടയേണ്ടതല്ലേ? ഇത് നിയന്ത്രണ വിധേയമല്ലാതെ തുടരുന്നത് അത്യന്തം ആപൽക്കരമാണ്.

വൈകാരിക പക്വത

ഒരു പരിധി വരെ ഭൗതിക വികാസത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പഠന പ്രക്രിയയും അനുബന്ധ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ വൈകാരിക പക്വതയേയും മാനസിക നിലവാരത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നത്, പകൽ വെളിച്ചം പോലെ സത്യമാണ്. കുടുംബവും വിദ്യാലയങ്ങളും അവരിലെ ബൌദ്ധിക ശേഷിയ്ക്ക് കൊടുക്കുന്ന അമിത പ്രാധാന്യമാകാം, ഇത്തരത്തിലൊരു പ്രശ്നത്തിലേയ്ക്ക് നമ്മുടെ ഇളംതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. പിറക്കുമ്പോൾ തന്നെ, കുട്ടിയെ ഡോക്ടറും കളക്ടറും ആക്കാനുളള വ്യഗ്രതയ്ക്കിടയിൽ, അവർക്ക് സംലഭ്യമാകേണ്ട മാനസികവും വൈകാരികമായ പക്വതയെ ചുരുങ്ങിയ പക്ഷം മാതാപിതാക്കളെ കാലം ഗൌരവതരമായെടുക്കുന്നില്ലെന്നതാണ്, യാഥാർത്ഥ്യം.

ഇന്റർനെറ്റിൻ്റെയും സാമൂഹ്യ മാധ്യമങ്ങളുടേയും അനന്ത  സാധ്യതകളുപയോഗിച്ച്  പഠനം കൂടുതൽ എളുപ്പമാക്കാനും അതുവഴി വലിയ ഭൗതിക നേട്ടങ്ങൾ, കുതിര വേഗത്തിൽ തന്നെ കൈവരിക്കാനുമുള്ള ഇരുകൂട്ടരുടേയും (അധ്യാപകരും രക്ഷിതാക്കളും) ശ്രമങ്ങളെ പ്രശംസിക്കാതെ വയ്യ. ഹൈടെക് അധ്യാപകരും മാതൃകാ വിദ്യാലയങ്ങളും സാങ്കേതിക വിദ്യകൾ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാർത്ഥി തലമുറയും ഈ പതിറ്റാണ്ടിന്റെ അനിവാര്യത കൂടിയാണെന്ന കാര്യത്തിൽ തർക്ക - വിതർക്കങ്ങളുമില്ല.എന്നാൽ അതിൻ്റെ പ്രായോഗികതയും സംവേദനക്ഷമതയും ഉറപ്പുവരുത്താനുള്ള ബാധ്യതയും ഇരുകൂട്ടർക്കുമുണ്ട്. ഈ സാധ്യതകൾക്കൊപ്പം തന്നെ നമ്മുടെ ചിന്തയ്ക്കു വിധേയമാകേണ്ടതാണ് വിദ്യാർത്ഥികളുടെ മാനസിക നിലവാരവും വൈകാരിക പക്വതയും.അവയ്ക്കു സാമാന്യ പ്രാധാന്യം നൽകാതെ അക്കാദമിക കാര്യങ്ങൾക്കു മാത്രം പ്രാമുഖ്യം കൊടുത്താൽ അതിൻ്റെ അനുരണനങ്ങൾ, കോവഡ്ഭീതിയൊഴിഞ്ഞാലും പൊതു സമൂഹത്തിൽ നിലനിൽക്കും. 

ലൈംഗികവിദ്യാഭ്യാസത്തിന്റെ അനിവാര്യത

സ്ത്രീകൾക്കും പ്രത്യേകിച്ചും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ നിർബാധം തുടരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേയ്ക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നുവെന്നത് ഇന്നിന്റെ നടുക്കുന്ന യാഥാർത്ഥ്യമാണ്. രജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങധികമാണ്, നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നവ. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേയും ബാലാവകാശ കമ്മീഷന്റേയും കണക്കുകൾ പ്രകാരം, പരാതികളിൽ വലിയ പക്ഷത്തിലും പ്രതികൾ കുടുംബാംഗങ്ങളാണെന്നത്, നമ്മുടെ സാംസ്കാരികാധപതനത്തിന്റെ നേർക്കാഴ്ച്ച കൂടിയാണ്. സ്ത്രീയെ ഭൂമിയായും ദേവിയായും ഉപമിച്ച്, പൊതു സമൂഹത്തിൽ ഉയർന്ന മൂല്യം നൽകി വരുന്ന നമ്മുടെ സംസ്കാരത്തിന്റെ പ്രായോഗികതയിൽ തന്നെയാണ് അവൾ ഇരയുടെ വേദനയുമായി,വിൽപ്പന ചരക്കായി മാറി കൊണ്ടികൊണ്ടിരിക്കുന്നതെന്നത് എത്രയോ വിരോധാഭാസമാണ്. വിദ്യാലയ കാലയളവ്, "വ്യക്തികളെ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള കാലയളവ് " കൂടിയാണെന്നും നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന്റെ ആ കാലയളവിൽ ഒരു  വ്യക്തിയുടെ സ്വാതന്ത്രത്തെകുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെ കുറിച്ചും അവരെ  പഠിപ്പിക്കുകയും വേണം.ആർത്തവത്തെ കുറിച്ചും ആ സമയങ്ങളിൽ അവരനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും പഠിപ്പിക്കുമ്പോൾ, ഒരു സംശയവും വേണ്ട; ആൺകുട്ടികളിൽ രൂപപ്പെടുക സഹാനുഭൂതിയും പരസ്പര ആശ്രയ ബോധവും തന്നെയാണ്. ഗർഭകാലത്തെ കുറിച്ചും  ഭാര്യ ഭർതൃ ബന്ധങ്ങളുടെ നൻമയെ കുറിച്ചും കുടുംബമെന്ന സങ്കൽപ്പത്തെ കുറിച്ചും അറിയാനുള്ള സാധ്യത കൂടി നമ്മുടെ കലാലയ ക്ലാസ്സ് മുറികളിലുണ്ടാകണം.ബീജവും അണ്ഡവും സംയോജിച്ച്, ഭ്രൂണമുണ്ടാകുന്നുവെന്ന ജൈവശാസ്ത്രപരമായ പഠനങ്ങൾക്കൊപ്പം, സൻമാർഗ്ഗ ചിന്തയോടെയുള്ള ലൈംഗിക വിദ്യാഭ്യാസവും നമ്മുടെ ക്ലാസ്സ് മുറികളിലുണ്ടാകണം.

സാമൂഹ്യബോധത്തിന്റെ പ്രസക്തി.

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്ന, ചിന്ത അവർ പഠിക്കേണ്ടയിടങ്ങൾ കൂടിയാണ് , വിദ്യാലയങ്ങൾ. അണുകുടുംബങ്ങളുടെ അതിപ്രസരം,അതിനു വിലങ്ങുതടിയാകുന്നുണ്ടെങ്കിലും പൊതുവിൽ വിദ്യാലയങ്ങൾ മാത്യകാപരം തന്നെയാണ്. ആ സാമൂഹ്യ ചിന്ത അരക്കെട്ടുറപ്പിക്കാനുള്ള സാഹചര്യം, കുടുംബങ്ങളിലുറപ്പു വരുത്തേണ്ടതുണ്ട്. വിഭവങ്ങൾ പങ്കുവെയ്ക്കാൻ ഉള്ള പരിശീലനം, ലഭ്യമാകേണ്ടയിടങ്ങൾ അവരവരുടെ കുടുംബങ്ങൾ തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല.  മാതൃകാപരമായ അത്തരം നല്ല ശീലങ്ങൾ, നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാക്കിയെടുക്കാനും അതു തുടരാനും പ്രാവർത്തികമാക്കാനുമുള്ള ബോധ്യം നമ്മുടെ വിദ്യാർത്ഥികൾക്കു പകരേണ്ടതും ഇന്നിന്റെ അനിവാര്യത തന്നെ. മഴവെള്ളക്കെടുതിയിലും 

വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും വലയങ്ങൾ തീർത്ത് തങ്ങളുടെ സഹപാഠികൾക്കും പൊതു സമൂഹത്തിനും  നന്മ  ചെയ്ത വിദ്യാർത്ഥികളും എൻ.എസ്.എസ്. പോലുള്ള പ്രസ്ഥാനങ്ങളും നമുക്കിടയിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ പ്രകാശം പരത്തുന്നുണ്ട് അത്തരം നന്മകൾ തുടരാൻ അവരെ പ്രേരിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും നമ്മുടെ കർത്തവ്യം തന്നെയാണ്.

അധ്യാപകരോട് ഒരു വാക്ക്

ഉള്ളതു പറഞ്ഞാൽ, ഇന്ന്  കലാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പല സാഹചര്യങ്ങളേയും ഞങ്ങൾ ഭയപ്പാടോടെയാണ് നോക്കി കാണുന്നതെന്ന് പരസ്യമായി തന്നെ പറയാനാഗ്രഹിക്കുകയാണ്. വിമർശനങ്ങളേയും അതുതീർക്കുന്ന  പൊല്ലാപ്പുകളേയും ഭയന്ന്, തിരുത്തലുകൾക്കു ധൈര്യപ്പെടാതെ, പ്രശ്നസാധ്യതകളിൽ സ്വയം ഉൾവലിയുന്ന പ്രവണത ഞങ്ങൾ അധ്യാപകരിൽ കൂടി വരുന്നുവെന്നത്. ഈ നയം തുടർന്നാൽ അതു നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന സാഹചര്യങ്ങളെപ്പറ്റി ക്രിയാത്മകമായി പഠിക്കുന്നതും ഉചിതമായ പ്രതിവിധികളിലേയ്ക്ക് സമൂഹത്തെ രൂപപ്പെടുത്തേണ്ടതും ആരുടെ ഉത്തരവാദിത്വമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഓർക്കുക; ഇവിടെ നാം മാറേണ്ടിയിരിക്കുന്നു. വിമർശനങ്ങളെ ഭയക്കാതെ,ബഹുസ്വരതയെ മാനിക്കുന്ന, നൻമയോടെയുള്ള പ്രവർത്തനങ്ങളിൽ നാം ക്രിയാ ശേഷിയോടെയും അതിലേറെ ജാഗ്രതയോടെയും നാം ഇടപെടേണ്ടിയിരിക്കുന്നു. വ്യത്യസ്തവും വ്യതിരിക്തവുമായ അഭിപ്രായങ്ങളെ കേൾക്കാനും സുതാര്യമായ പൊതുനയം രൂപീകരിക്കാനും നാം നേതൃത്വം വഹിക്കേണ്ടവരാണെന്ന ബോധ്യത്തോടെ നമുക്കു മുന്നേറാം. രാഷ്ട്രീയ നിരപേക്ഷതയുടെ, മതനിരപേക്ഷതയുടെ, ധാർമ്മികതയുടെ ഒരു പുതു സംസ്കാരത്തിനു ഇവിടെ നിന്നു തുടക്കമിടാം. വ്യത്യസ്തവും വ്യതിരിക്തവുമായ അഭിപ്രായങ്ങളെ സർഗ്ഗാത്മകതയോടെ നമുക്കു നോക്കി കാണാം. തിരുത്തലുകൾ വേണ്ടിടത്തു വിദ്യാർത്ഥികൾക്കു തിരുത്തലുകൾ നൽകാനും വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളിൽ അവർക്കു പിന്തുണ നൽകാനും നമുക്കായില്ലെങ്കിൽ അധ്യാപനമെന്നത് ഒരു തപസ്യയെന്നതിനേക്കാൾ കേവലമൊരു പ്രഫഷനായി അധ:പതിക്കുമെന്നതുതീർച്ചയാണ്.

ഇവിടെ നമുക്ക്, നമ്മുടെ തലച്ചോറുപയോഗിക്കാം. ഭിന്നിപ്പിന്റെ നയങ്ങളിൽ നിന്നും അവയുടെ സാമീപ്യത്തിൽ നിന്നും യോജിപ്പിന്റെ സാധ്യതയുണ്ടാക്കി സംവാദത്തിന്റെ പുതിയ പാലങ്ങൾ പണിയാം.അതിനു വേണ്ടത് ചിന്താശേഷിയുള്ള മനസ്സും, പ്രവർത്തനനിരതമാകാനുള്ള കർമ്മശേഷിയുമാണ്. പ്രകടനപരതയ്ക്കായുള്ള കാട്ടിക്കൂട്ടലുകൾ മാറ്റി നിറുത്തി, നല്ല സൂര്യോദയത്തിനു സാക്ഷ്യംവഹിക്കാനുള്ള സന്നദ്ധതയാണ്. ഒപ്പം സാമൂഹ്യ മാധ്യമങ്ങളിലെ നൻമകളെ പുൽകാനുള്ള മാനസിക പക്വതയാണ്. അങ്ങിനെ ധ്രുവീകരണത്തിന്റെ സാധ്യതകളൊഴിവാക്കി സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പുതിയ പാലങ്ങൾ പണിയാം. അങ്ങിനെ പരസ്പരം മതിലുകളും വേലികളും തീർത്തുള്ള പുതിയ കാലഘട്ടത്തിന്റെ ഒറ്റപ്പെടലിന്റെ സാധ്യതകൾക്കപ്പുറത്ത് നമുക്ക് സ്നേഹത്തിന്റേയും പരസ്പര ധാരണയുടേയും നൻമയുടെയും വാഹകരാകാം. 

യാഥാർത്ഥ്യമുൾക്കൊള്ളുന്ന സ്വത്വബോധമുള്ള അധ്യാപകരെയാണ് സമൂഹം ആഗ്രഹിക്കുന്നതും വിദ്യാർത്ഥികൾ പ്രതീക്ഷിക്കുന്നതുമെന്ന യാഥാർത്ഥ്യം അധ്യാപകർ മനസ്സിലാക്കുകയെന്നതുതന്നെയാണ് ഇക്കാര്യത്തിലെ ഏക പ്രതിവിധി.അതിന് വിദ്യാർത്ഥികളിലേയ്ക്കും അവരുടെ പ്രശ്നങ്ങളിലേയ്ക്കും അതിലൂടെ സമൂഹത്തിലേക്കുമിറങ്ങി ചെല്ലാനവർക്കാകണം. വിദ്യാഭ്യാസമെന്നത് ഒരു മൂല്യവർദ്ധിത ഉപഭോഗവസ്തുവാണെന്ന വിദ്യാർത്ഥിയുടേയും മാതാപിതാക്കളുടെയും ഗുണഭോക്തൃ നയം മനസ്സിലാക്കി, അതിനനുസൃതമായ അധ്യാപന രീതികൾ ക്രിയാത്മകമായി പരീക്ഷിക്കാനും അതിൽ വിജയം വരിക്കാനുമുള്ള വൈഭവം ഉണ്ടാക്കിയെടുക്കുകയെന്നത് വെല്ലുവിളിയെങ്കിലും വീരോചിതം തന്നെയാണ്. വ്യവസ്ഥാപിതവും പാരമ്പര്യ രീതിയിൽ നിന്നും മാറി വ്യത്യസ്തവും വ്യതിരിക്തവുമായ  അധ്യാപന രീതിയിലേയ്ക്കുള്ള മാറ്റത്തിനുള്ള സമയം (ഓൺലൈൻ പഠനരീതിയൊക്കെ ഇതിൻ്റെ തുടക്കം മാത്രമാണ്) അതിക്രമിച്ചിരിക്കുന്നു. ഈ മാറ്റത്തിൽ കാലൂന്നി വിമർശനാത്മക ബോധന ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ക്രിയാത്മകമായ ബോധന രീതിയിൽ വിഷയങ്ങളവതരിപ്പിക്കാനുള്ള കഴിവ് ആർജ്ജിച്ചെടുക്കാനും അങ്ങിനെ തുല്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുന്നതിനും അവർ മുൻകയ്യെടുക്കേണ്ടിയിരിക്കുന്നു. അങ്ങിനെ നൻമയുടെ വാഹകരായ ബഹുഭൂരിപക്ഷം വരുന്ന അധ്യാപക സമൂഹത്തിന്റെ നൈസർഗികമായ പ്രവർത്തനക്ഷമത സാമാന്യവൽക്കരിക്കപ്പെടാനുള്ള ബാധ്യത നമുക്കേറ്റെടുക്കാം. ഏവർക്കും അധ്യാപക ദിനാശംസകൾ